Wednesday, 4 March 2015

@ 40



സർഗ്ഗയുടെ ആദ്യ പ്രദർശനം നടന്നത്‌ ഒരു വിഷുദിനത്തിലായിരുന്നു.ഡാന്യൂബ്‌ ബെന്റ്സ്‌ ഇറ്റ്സ്‌ വേ എന്ന റുമാനിയൻ ചിത്രം ചാർളി ചാപ്ളിന്റെ ഗോൾഡ്‌ റഷ്‌, ഹാപ്പി ആനിവേഴ്സറി എന്ന ഫ്രഞ്ച്‌ ഹ്രസ്വ ചിത്രം എന്നിവയാണ്‌ 1976  ഏപ്രിൽ പതിനഞ്ചാം തീയതി മിഷൻ സ്കൂളിന്റെ ചുമരിൽ ചലിച്ച്‌ തുടങ്ങിയത്‌.പയ്യന്നൂരിൽ ലക്ഷ്യബോധമുള്ള ഒരു സാംസ്ക്കാരിക പ്രവർത്തനത്തിന്റെ ഉദ്ഘാടനമായിരുന്നു അന്ന്‌.
കഴിഞ്ഞ നാല്പത്‌ വർഷങ്ങളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മഹത്തായ ചലച്ചിത്ര രചനകൾ നാം കണ്ടു. പല ജീവിതങ്ങൾ പല സംസ്കാരങ്ങൾ കണ്ടു.ഐസൻസ്റ്റീനും ബർഗ്മാനും ഫെല്ലിനിയും പൊളാൻസ്കിയും സനൂസ്സിയും യാങ്ങ്ചോയും ട്രൂഫോയും ഗൊദാർദും ഒസുവും കുറസോവയും റായിയും ഘട്ടക്കും അടൂരും അരവിന്ദനും ജോണും മറ്റും നമുക്ക് ഉറ്റവരായി. റഷ്യയും സ്വീഡനും  ഇറ്റലിയും പോളണ്ടും ഹങ്കറിയും ചെകോസ്ലവാക്യയും ജപ്പാനും മറ്റും നമുക്ക് പരിചിത ദേശങ്ങളായി.
നാം കണ്ട ലോകം വല്ലാതെ മാറി.ചലച്ചിത്ര കലയും പുതിയ ഭാവുകത്വങ്ങൾ നേടി. സിനിയമയുടെ മരണം എന്ന് വിശേഷിപ്പിക്കപ്പെട്ട സെല്ലുലോയ്ഡിന്റെ തിരോധാനവും നടന്നു.  നമ്മുടെ സാംസ്ക്കാരിക രംഗം പല ഉയർച്ച താഴ്ചകളും നേരിട്ടൂ.കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനവും കാലത്തിന്റെ പ്രഹരം ഏല്ക്കാതിരുന്നിട്ടില്ല. സർഗ്ഗയിൽ കഴിഞ്ഞ അഞ്ചാറ്‌ വർഷമായി നടന്നു വരുന്ന ഞായറാഴ്ച പ്രദർശനങ്ങൾ സർഗ്ഗയും അത്‌ പോലുള്ള ആസ്വാദക കൂട്ടായ്മകളും സംഘടിപ്പിക്കുന്ന ചലച്ചിത്രമേളകൾ, ഫെഡറേഷൻ ഒഫ്‌ ഫിലിം സൊസൈറ്റീസ്‌ ഒഫ്‌ ഇന്ത്യയുടെ ‘സൈൻസ്‌ ’ ചലച്ചിത്ര അക്കാദമിയുടെ ഐ ഡി എസ്‌ എഫ്‌ എഫ്‌ കെ എന്നിവയിലെല്ലാം പ്രേക്ഷകരില്ലാതായിക്കൊണ്ടിരിക്കുന്നു. ഡി വി ഡിയിലൂടെയും ഇന്റർനെറ്റ്‌ വഴിയും ഏത്‌ സിനിമയും സ്വന്തം വീട്ടിലിരുന്ന്‌ കാണാൻ കഴിയുന്നത്‌ കൊണ്ടാണെന്ന്‌ സമാധാനിക്കുന്നവരുണ്ട്‌.അവനവനിലേക്ക്‌ ചുരുങ്ങുന്ന മലയാളിയുടെ സ്വാർഥത കൊണ്ടാണെന്ന്‌ അഭിപ്രായമുള്ളവരുമുണ്ട്‌. കാരണം എന്തുമായിക്കൊള്ളട്ടെ. മലയാളിയുടെ പൊതു ഇടങ്ങൾ ചുരുങ്ങി ചുരുങ്ങി ഇല്ലാതായിക്കൊണ്ടിരിക്കുന്നു.ലോക ക്ളാസിക്കുകൾ ഒന്നിച്ചിരുന്ന്‌ കണ്ടും അവയെക്കുറിച്ച് രാവേറും വരെ ചർച്ച ചെയ്തും അടുത്ത പ്രദർശനത്തിന്റെ ഫ്രെയ്മുകൾ മനസ്സിന്റെ തിരശ്ശീലയിൽ തെളിയിച്ചും കഴിഞ്ഞ നാളികൾ അസ്തമിച്ച്കൊണ്ടിരിക്കുന്നു.കൂട്ടായ്മയുടെ ഊഷ്മളത പൊയ്പ്പോയിരിക്കുന്നു. വിനോദവ്യവസായ ശക്തികൾ നമ്മുടെ ആസ്വാദനശീലത്തിന്‌ മേൽ ആധിപത്യം നേടുന്നു. സാംഖിക ജനാധിപത്യ(ഡിജിറ്റൽ ഡെമോക്രസി)ത്തിന്റെ ഈ നൂറ്റാണ്ടിൽ ആർക്കും ചലച്ചിത്ര രചന സാദ്ധ്യമാവുന്ന,തോളിൽ തൂക്കി നടക്കാവുന്ന ഒരു മൾടിമീഡിയ പ്രൊജക്ടർ കൊണ്ട് എവിടെയും എപ്പോഴും പ്രദർശനം ഒരുക്കാവുന്ന ഒരു മറുവശവുമുണ്ട്‌ ഇന്ന്‌.(വാളെടുത്തവൻ മാത്രമല്ല ഓലക്കൊടിയെടുത്തവനും വെളിച്ചപ്പാടാകുന്ന കാഴ്ചയും സാധാരണമാണിന്ന്‌.)
അതിന്റെ ഫലമായി നിരവധി ഹ്രസ്വചിത്രങ്ങളും ആധാര (ഡോക്യുമെന്ററി)ചിത്രങ്ങളും കേരളത്തിൽ പോലും നിർമ്മിക്കപ്പെടുന്നുണ്ട്‌.പക്ഷേ ആ ചിത്രങ്ങളൊന്നും കാണാൻ അവസരമുണ്ടാകുന്നില്ല.ഏത്‌ തരം ചിത്രങ്ങളാണ്‌ നിർമ്മിക്കപ്പെടേണ്ടതെന്നും പ്രദർശിക്കപ്പെടേണ്ടതെന്നും മൂലധനശക്തികളാണ്‌ നിശ്ചയിക്കുന്നത്‌.ഇത്പോലുള്ള സാഹചര്യം മറികടക്കാനാണ്‌ 1920 കളിൽ ലോകത്ത്  ഫിലിം സൊസൈറ്റി പ്രസ്ഥാനം പിറവി കൊണ്ടത്‌.ഉത്തമ ചലച്ചിത്രങ്ങളുടെ നിർമ്മാണവും പ്രദർശനവും ജനാധിപത്യവല്ക്കരിക്കേണ്ടത്‌ ഈ കാലഘട്ടത്തിന്റേയും ആവശ്യമായിരിക്കുന്നു.കലയേയും സംസ്ക്കാരത്തേയും ഗൗരവത്തോടെ സമീപിക്കുന്ന ആരും ഇടപെടേണ്ട അവസരമാണിത്‌.കഴിഞ്ഞ നാല്പത്‌ വർഷം പയ്യന്നൂരിന്റെ സാംസ്ക്കാരിക രംഗത്ത്‌ നിർണായക സ്വാധീനം ചെലുത്തിയ സർഗ്ഗ ആ ദൗത്യം ഏറ്റെടുക്കാൻ ബാദ്ധ്യസ്ഥമാണ്‌. അതിനനുസൃതമായി സർഗ്ഗയെ നവീകരിക്കുന്നതിന്‌ ഒരു കർമ്മ പദ്ധതി തയ്യാറാക്കേണ്ടിയിരിക്കുന്നു. അതിനായി നമുക്ക്‌ ഒത്തുകൂടാം- സർഗ്ഗയുടെ ആദ്യപ്രദർശനത്തിന്റെ നാല്പതാം വാർഷികദിനത്തിൽ തന്നെ.സർഗ്ഗയുടെ ചലച്ചിത്രപ്രദർശനങ്ങൾ,ചലചിത്രോൽസവങ്ങൾ,ആസ്വാദനശിബിരങ്ങൾ,കുട്ടികളുടെ വിഭാഗം,ക്യാമ്പസ്‌ ഫിലിം ക്ളബ്‌ എന്നിവയിലൊക്കെ പങ്കാളികളായവരെല്ലാം എത്തിച്ചേരണമെന്ന്‌ ആഗ്രഹിക്കുകയും ഇപ്പോഴത്തെ പ്രസിഡന്റ്‌ എന്ന നിലയിൽ ക്ഷണിക്കുകയും ചെയ്യുന്നു. എല്ലാവരുടേയും വിലാസമടങ്ങിയ രേഖകൾ അടുത്തയിടെ നഷ്ടപ്പെട്ടത്‌ കാരണം നേരിൽ ബന്ധപ്പെടാൻ നിർവ്വാഹമില്ലാതായിരിക്കുന്നു.അത്കൊണ്ട്‌ പങ്കെടുക്കുന്നവർ അവരുടെ വിവരങ്ങൾ മാർച്ച്‌ 31നകം അറിയിക്കുക. പങ്കാളിത്തത്തിനനുസരിച്ച്‌ വേദിയും ഭക്ഷണവുമെല്ലാം മുൻ കൂട്ടി ഒരുക്കേണ്ടത്‌ കൊണ്ട്‌ അക്കാര്യത്തിൽ ഉപേക്ഷ കാണിക്കരുത്‌. ഒപ്പം ഈ അറിയിപ്പ്‌ ഓരോരുത്തർക്കും പരിചയമുള്ള സർഗ്ഗ കുടുംബാംഗങ്ങളേയെല്ലാം ആവും വിധം അറിയിക്കുകയും ചെയ്യുക.
സ്നേഹത്തോടെ,
പി ടി രാമകൃഷ്ണൻ
2-3-2015
RSVP
sargafilmsociety.pnr@gmail.com
www.facebook.com/sarga.filmsociety
sargafs.blogspot.com
+91 9447734830


1 comment: