വിട്ടുപോയ ചരിത്രഭാഗം
(പി ടി രാമകൃഷ്ണൻ)
7-6-‘81ൽ തിരുവനന്തപുരം മ്യൂസ്യം ഓഡിറ്റോറിയത്തിൽ ചേർന്ന
കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ സംസ്ഥാനതല
യോഗത്തിലാണ് ഫെഡറേഷന്റെ ഒരു പ്രത്യേക
റീജ്യൺ കേരളത്തിന് മാത്രമായി വേണമെന്ന ആവശ്യം
ഒരു പ്രമേയം വഴി
ആവശ്യപ്പെടുന്നത്.ഫെഡറേഷനിൽ അംഗത്വമുള്ള അൻപതിലധികം
സൊസൈറ്റികൾ കേരളത്തിൽ അന്ന് ഉണ്ടെന്നും
കേരളമൊഴിച്ചുള്ള ദക്ഷിണമേഖലയിലെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം കൂടി
അത്രയും അംഗങ്ങളില്ലെന്നും, ഫെഡറേഷന്റെ മറ്റ് മേഖകളിലൊന്നിലും
അൻപതിനടുത്ത് അംഗബലമില്ലെന്നതുമായിരുന്നു നമ്മുടെ വാദത്തിന്റെ മുഖം.
അതിന്റെ തുടർച്ചയായി 26-7-’81 ന് മദിരാശിയിൽ
ചേർന്ന ദക്ഷിണമേഖലാ വാർഷിക പൊതുയോഗത്തിൽ ആ ആവശ്യം
മേഖലാ കൗൺസിലിന്റെ ഔദ്യോഗിക പ്രമേയമായി അവതരിപ്പിക്കപ്പെടുകയും
ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു. പക്ഷേ, ഈ
പ്രമേയം അവതരിപ്പിക്കപ്പെടുന്ന വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കാൻ
അർഹതയുള്ള 18 സൊസൈറ്റികളേ കേരളത്തിൽ ഉണ്ടായിരുന്നുള്ളൂ. രണ്ട്
വർഷം തുടർച്ചയായി വരിസംഖ്യ
അടക്കാത്തത് കാരണം 12 സൊസൈറ്റികളുടെ അംഗത്വം
ഫെഡറേഷന്റെ നിയമാവലി പ്രകാരം പ്രസ്തുത
യോഗത്തിന് മുൻപ് റദ്ദ് ചെയ്യുകയുണ്ടായി.
ബാക്കിയുള്ള 43ൽ യോഗ്യതയുള്ള
18 സൊസൈറ്റികളിൽ നിന്ന് ഒരു പ്രതിനിധി
പോലും ആ യോഗത്തിൽ
പങ്കെടുക്കുകയുണ്ടായില്ല. എങ്കിലും കേരളത്തിൽ നിന്നുള്ള
കൗൺസിലംഗങ്ങളുടെ ശക്തമായ ഇടപെടൽ കൊണ്ടാണ്
അങ്ങിയനെയൊരു പ്രമേയം അംഗീകരിക്കപ്പെട്ടത്.അത് അടുത്ത
സെണ്ട്രൽ കൗൺസിൽ യോഗത്തിൽ ദക്ഷിണമേഖലാ കൗൺസിലിന്റെ ഒരു പ്രമേയമായി
ഉന്നയിക്കാൻ തീരുമാനിക്കുകയും 1981 സപ്റ്റമ്പർ 15 മുതൽ 18 വരെ ചേർന്ന സെണ്ട്രൽ
കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു.
മറ്റ് റീജ്യണുകളിൽ നിന്നുമുള്ള കടുത്ത എതിർപ്പുകൾകിടയിലും ആ
പ്രമേയം സെണ്ട്രൽ കൗൺസിലിനെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിൽ
കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ വിജയിച്ചു.
ഒരു പുതിയ റീജ്യൺ
രൂപീകരിക്കുന്നത് ഭരണഘടനാഭേദഗതി ആവശ്യമുള്ള കാര്യമായതിനാൽ ഒരു
ഭരണഘടനാഭേദഗതി ഉപസമിതി രൂപീകരിച്ച് അതിനനുസൃതമായ
ഭേദഗതികൾ സമിതി നിർദ്ദേശിക്കണമെന്നും തീരുമാനിക്കുകയുണ്ടായി. ആ സമിതിയിൽ
കേരളത്തെ പ്രതിനിധീകരിച്ച് ഇതെഴുതുന്നയാളെ ഉൾപ്പെടുത്തുകയും 16-1-‘82 ൽ
കല്ക്കത്തയിലെ സെണ്ട്രൽ ഓഫീസിൽ വെച്ച്
ഈ സമിതിയുടെ യോഗം
ചേരുകയും ചെയ്തു. കേരളത്തിന്റെ വാദം
യുക്തമായി ഉന്നയിക്കുകയുണ്ടായെങ്കിലും സമിതിയിലെ മറ്റ് രണ്ടംഗങ്ങളും
പ്രത്യേക റീജ്യൺ അനുവദിച്ചാൽ ഭാവിയിൽ
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇത് പോലെ
ആവശ്യമുയരുമെന്നും അത് കൊണ്ട്
റീജ്യണകത്ത് സംസ്ഥാനതല ഓഫീസ് മതിയെന്ന
അഭിപ്രായക്കാരായിരുന്നു.എങ്കിലും ദേശീയ തലത്തിൽ
അഭിപ്രായമാരാഞ്ഞ് ഒരു ഭരണഘടനാ
ഭേദഗതി നടത്താൻ തന്നെ തീരുമാനിക്കുകയുണ്ടായി. 30-10-‘81ൽ ഫെഡറേഷന്റെ
ദേശീയ സമിതി ഭരണഘടനാഭേദഗതിക്കുള്ള നിർദ്ദേശങ്ങൾ
രാജ്യത്തുള്ള സൊസൈറ്റികളിൽ നിന്നും ആരായുകയും ചെയ്തു.
കേരളത്തിലെ സൊസൈറ്റികളുടെ പ്രത്യേക റീജ്യൺ എന്ന
ആഗ്രഹം സഫലമാകാൻ നാം ഏത്
തരത്തിൽ നിർദ്ദേശങ്ങൾ നല്കണമെന്ന് 7-11-’81ലെ ഒരു
എഴുത്ത് വഴി ഉപസമിതിയിലെ
കേരളത്തിന്റെ പ്രതിനിധി അഭ്യർത്ഥിക്കുകയുമുണ്ടായി.പയ്യന്നൂരിലെ സർഗ്ഗയൊഴിച്ച്
മറ്റാരെങ്കിലും നിർദ്ദേശങ്ങൾ നല്കിതായി അറിവില്ല.ഭരണഘടനാ
ഭേദഗതിയെ തുടർന്ന് 1985ൽ കേരളത്തിന്
സംസ്ഥാന തല ഓഫീസ്
അനുവദിക്കപ്പെട്ടു.1982ൽ ഫെഡറേഷന്റെ
ഭാരവാഹിത്വം ഒഴിഞ്ഞ സർഗ്ഗയുടെ പ്രതിനിധിക്ക്
ശേഷം 1985 വരെയുള്ള കേരളത്തിൽ നിന്നുള്ള
പ്രതിനിധികളാണ് അത് വൈകാനുള്ള
കാരണങ്ങൾ പൂരിപ്പിക്കേണ്ടത്.