Friday, 31 August 2018
Sarga Film Society: അപഹരിക്കപ്പെട്ട സ്വപ്നങ്ങൾ പി ടി രാമകൃഷ്ണൻ 1975 ൽ...
Sarga Film Society: അപഹരിക്കപ്പെട്ട സ്വപ്നങ്ങൾ പി ടി രാമകൃഷ്ണൻ 1975 ൽ...: അപഹരിക്കപ്പെട്ട സ്വപ്നങ്ങൾ പി ടി രാമകൃഷ്ണൻ 1975 ൽ രൂപീകൃതമായ പയ്യന്നൂരിലെ സർഗ്ഗ ഫിലിം സൊസൈറ്റിയുടെ ഒന്നാം വാർഷിക പൊതുയോഗത്തിൽ അംഗീ...
അപഹരിക്കപ്പെട്ട സ്വപ്നങ്ങൾ
പി ടി രാമകൃഷ്ണൻ
1975 ൽ രൂപീകൃതമായ പയ്യന്നൂരിലെ സർഗ്ഗ ഫിലിം സൊസൈറ്റിയുടെ ഒന്നാം വാർഷിക പൊതുയോഗത്തിൽ അംഗീകരിച്ച ഒരു പ്രമേയം പയ്യന്നൂരിൽ ഒരു കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കണമെന്ന് പയ്യന്നൂർ പഞ്ചായത്തി(സ്പെഷ്യൽ ഗ്രേഡ്)നോട് അഭ്യർത്ഥിക്കുന്നതായിരുന്നു. അൻപത് പേർക്കെങ്കിലും ഇരിക്കാവുന്ന ഒരു പൊതുഹാളിന്റെ അഭാവം സർഗ്ഗയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന അനുഭവത്തിൽ നിന്നാണ് ഇങ്ങനെയൊരു അഭ്യർത്ഥന നടത്താൻ ഇടയായത്. 1964ൽ, ജനപ്രാതിനിധ്യ നിയമപ്രകാരം നടന്ന ആദ്യ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ, ശ്രീ സുബ്രഹ്മണ്യ ഷേണായി പ്രസിഡണ്ടായ സമിതിക്കായിരുന്നു പഞ്ചായത്തിന്റെ ഭരണം .പതിനാറ് വർഷത്തോളം ഭരണത്തിലിരുന്ന ആ സമിതിയോടായിരുന്നു അഭ്യർത്ഥന നടത്തിയത് .1979 ൽ കേരളത്തിലാകെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടന്നപ്പോൾ പയ്യന്നൂരിൽ അതുണ്ടായില്ല. അത് കൊണ്ട് പയ്യന്നൂർ പഞ്ചായത്ത് അടുത്ത തെരഞ്ഞെടുപ്പ് നടന്ന 1988 വരെ ഉദ്യോഗസ്ഥ ഭരണത്തിലായിരുന്നു.ഭരണം ഏത് തരത്തിലായിരുന്നാലും സർഗ്ഗയുടെ അഭ്യർത്ഥന ആവർത്തിച്ച് കൊണ്ടേയിരുന്നെങ്കിലും പഞ്ചായത്തിൽ നിന്ന് അനുകൂലമായ ഒരു നിലപാടും ഉണ്ടായില്ല.1988 ൽ നടന്ന തിരഞ്ഞെടുപ്പിൽ ശ്രീ.വി നാരായണന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിലെത്തി. 1990ൽ പഞ്ചായത്ത് മുനിസിപ്പാലിറ്റിയായി ഉയർത്തപ്പെട്ടു.നിലവിലുണ്ടായിരുന്ന ഭരണസമിതി ഉപദേശകസമിതിയായി നിലകൊണ്ട് ഭരണം തുടർന്നു.മാറിയ സാഹചര്യത്തിൽ, കമ്മ്യൂണിറ്റി ഹാൾ എന്നതിന് പകരം സർഗ്ഗയുടെ പ്രവർത്തനങ്ങൾ ഉൾപ്പെടെ പയ്യന്നൂരിലെ കലാസാംസ്കാരിക പ്രവർത്തനങ്ങൾക്കാകെ വേദിയാകാവുന്ന വിധം സ്വന്തമായി ഒരു ഇടം ഉണ്ടാക്കുക എന്ന ആശയം വികസിപ്പിച്ചു . അതിനായി സൗജന്യമായി സ്ഥലം അനുവദിക്കണം എന്ന് അഭ്യർത്ഥിച്ച് കൊണ്ട് നഗരസഭയെ സമീപിക്കുകയുണ്ടായി. ദേശീയ ചലച്ചിത്ര നയരൂപീകരണത്തിനായി ഡോ .ശിവരാമ കാരന്ത് അദ്ധ്യക്ഷനും ശ്രീ.അടൂർ ഗോപാലകൃഷ്ണൻ അംഗവുമായിരുന്ന പ്രവർത്തകസമിതി നിർദ്ദേശിക്കുകയും കേന്ദ്ര സംസ്ഥാന സർക്കാരുകൾ അപ്പാടെ അംഗീകരിക്കുകയും ചെയ്ത ശുപാർശയുടെ പിൻബലമുണ്ടായിരുന്നു ആ ആവശ്യത്തിന്. ഫിലിം സൊസൈറ്റികൾക്ക് സ്വന്തമായി പ്രദർശന സൗകര്യം ഉണ്ടാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങൾ സൗജന്യമായോ സൗജന്യനിരക്കിലോ ഭൂമി അനുവദിക്കണമെന്നും സംസ്ഥാനങ്ങളിൽ ചലച്ചിത്ര അക്കാദമികൾ സ്ഥാപിക്കണമെന്നും(1980ൽ അംഗീകരിച്ച ഈ ശുപാർശപ്രകാരം ആദ്യത്തെ അക്കാദമി രൂപീകൃതമായത് കേരളത്തിലാണെങ്കിലും രണ്ട് ദശാബ്ദത്തോളം പിന്നിട്ട് 1998ൽ മാത്രമായിരുന്നു അത് സംഭവിച്ചത്) സമിതിയുടെ സുപ്രധാന ശുപാർശകളായിരുന്നു. ബാംഗ്ലൂരിലും ബറോഡയിലും അവിടത്തെ ഫിലിം സൊസൈറ്റികൾ തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് ഭൂമി നേടി സ്വന്തം തിയറ്ററുകൾ നിർമ്മിച്ചതും തലശ്ശേരിയിൽ കാനനൂർ ഫിലിം സൊസൈറ്റി (യശ:ശരീരനായ ചലച്ചിത്ര നിരൂപകൻ ഒ പി രാജ്മോഹന്റെ നേതൃത്വത്തിൽ) നാല്പത് സെൻറ് സ്ഥലം നേടിയെടുത്തതും ആ ആവശ്യത്തിന് കരുത്തേകി. പക്ഷേ നമ്മുടെ പഞ്ചായത്തോ 1990ൽ ഉയർത്തപ്പെട്ട നഗരസഭയോ കനിഞ്ഞില്ല.1995ൽ, പ്രഥമ നഗരസഭാ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന സമിതിയെ സർഗ്ഗ അതിന്റെ ചിരകാല സ്വപ്നമായ സ്വന്തം പ്രദർശന സൗകര്യം ഉണ്ടാക്കാൻ ഭൂമി അനുവദിക്കണമെന്ന അഭ്യർത്ഥനയുമായി വീണ്ടും സമീപിച്ചു. സർഗ്ഗയുടെ സജീവ പ്രവർത്തകനും ഒരു കാലത്ത് പ്രസിഡണ്ടുമായിരുന്ന (കലാലയ) ബാലകൃഷ്ണൻ കല്പന ചെയ്ത രൂപരേഖ കൂടി അടക്കം ചെയ്താണ് ഇത്തവണ അഭ്യർത്ഥന സമർപ്പിച്ചത്. നഗരസഭാ ആവശ്യങ്ങൾക്ക് പോലും പയ്യന്നൂരിൽ ഭൂമിയില്ലെന്നും സംസ്ഥാന സർക്കാരിനെ സമീപിക്കുന്നതാണ് ഉചിതമെന്നുമാണ് ഒടുവിൽ കിട്ടിയ മറുപടി.
1996ൽ, ജനകീയാസൂത്രണ പദ്ധതിക്ക് വേണ്ടി തയ്യാറാക്കിയ വികസനരേഖയിൽ പയ്യന്നൂരിലെ സാംസ്ക്കാരിക പ്രശ്നങ്ങളിൽ 14- മതായി “ഒരു പുത്തൻ ചലച്ചിത്രാവബോധം ഉണ്ടാക്കുന്നതിനായി 1975-ൽ രൂപീകരിച്ച സർഗ്ഗ ഫിലിം സൊസൈറ്റി ഇന്ന് നിർജ്ജീവാവസ്ഥയിലാണ്” എന്ന് സങ്കടപ്പെട്ടതല്ലാതെ എന്താണ് ആ അവസ്ഥയ്ക്ക് കാരണമെന്ന് (സർഗ്ഗയുടെ പ്രദർശനങ്ങൾ ഉൾപ്പെടെ പയ്യന്നൂരിലെ കലാസാംസ്ക്കാരിക പരിപാടികളെല്ലാം അരങ്ങേറയിരുന്നത് മിഷൻ സ്കൂളിലോ ഗവൺമെൻറ് ഹൈസ്കൂളിലോ അല്ലെങ്കിൽ ഗാന്ധി മൈതാനത്തോ ആയിരുന്നു. പുതിയ ചലച്ചിത്രാനുഭവങ്ങളുടെ ആവേശത്തിൽ സ്കൂൾ ബെഞ്ചിലിരുന്നുള്ള കാഴ്ചയുടെ ക്ലേശങ്ങൾ പ്രേക്ഷകർ അവഗണിച്ചു.പക്ഷേ അത് അധികകാലം നീണ്ടുനിന്നില്ല.തൊണ്ണൂറുകളിൽ അംഗങ്ങൾ കൊഴിഞ്ഞ് പോകുന്നതിനും അത് വഴി സർഗ്ഗയുടെ പ്രവർത്തനം മന്ദീഭവിക്കുന്നതിനും പ്രധാന കാരണമായത് ക്ലേശരഹിതമായ കാഴ്ചക്കുള്ള ഇടത്തിന്റെ അഭാവമായിരുന്നു)പരിശോധിക്കപ്പെട്ടില്ല.എന്നാൽ പദ്ധതി നിർദ്ദേശങ്ങളിൽ 8-മതായി “നഗരസഭയ്ക്കുള്ളിൽ ഒരു ടൗൺ ഹാൾ നിർമ്മിക്കുക,സാംസ്ക്കാരികപ്രവർത്തനങ്ങൾക്ക് സൗകര്യങ്ങൾ ചെയ്ത് കൊടുത്ത്കൊണ്ട് ഈ രംഗം പ്രോത്സാഹിപ്പിക്കുക” എന്ന് ഉൾപ്പെടുത്തിയത് വലിയ പ്രതീക്ഷകളാണ് നൽകിയത്. നിർമ്മിക്കാനുദ്ദേശിക്കുന്ന ഹാൾ പയ്യന്നൂരിലെ കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഉതകുമാറ് ചലച്ചിത്ര പ്രദർശന സൗകര്യമുൾപ്പെടെയുള്ള ആധുനിക സങ്കേതങ്ങളും കേരളീയ വാസ്തുശില്പരീതികളും സമന്വയിപ്പിച്ച് നിർമ്മിക്കണമെന്ന് സർഗ്ഗയുടെ ആഭിമുഖ്യത്തിൽ പയ്യന്നൂരിലെ കലാസാംസ്കാരിക പ്രവർത്തകർ ഒത്ത് ചേർന്ന് ഉണ്ടാക്കിയ നിർദ്ദേശങ്ങളിലൂടെ അഭ്യർത്ഥിക്കുകയുമുണ്ടായി. പക്ഷേ പദ്ധതികൾ അന്തിമമായി രൂപപ്പെടുത്തിയപ്പോൾ ടൗൺ ഹാൾ നിർമ്മാണം ഉൾപ്പെടുത്താഞ്ഞത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്. എന്നാൽ ”സാദ്ധ്യതകളി”ൽ ഉൾപ്പെടുത്തിയിരുന്ന കലാഗ്രാമം (സർഗ്ഗയുടെ ആശയത്തിന്റെ വിപുലീകരണം തന്നെ) പദ്ധതികളിൽ ഇടം നേടുകയുണ്ടായി. അഞ്ച് വർഷം കൊണ്ട് പൂർത്തിയാകുന്ന ആ പദ്ധതിക്ക് കാനായിയിൽ സർക്കാർ പുറമ്പോക്ക് നേടി അതിര് കെട്ടി നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ ഒരു ലക്ഷം രൂപ വകയിരുത്തുകയുമുണ്ടായി. എന്നാൽ പദ്ധതി നിർവ്വഹണ റിപ്പോർട്ട് വന്നപ്പോൾ ആ തുക തെരുവ് നാടകം അവതരിപ്പിക്കാൻ ഒരു സംഘത്തിന് നൽകിയെന്ന് കണക്കിൽ കണ്ടതല്ലാതെ കലാഗ്രാമം പദ്ധതിക്ക് എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാൻ ബന്ധപ്പെട്ടവർക്ക് സാദ്ധ്യമായിരുന്നില്ല.
വർഷങ്ങൾ പിന്നിട്ട്, 2007ൽ ഐ ഡി എസ് എം ടി പദ്ധതിപ്രകാരം 1.87 കോടി രൂപ ചെലവിൽ പയ്യന്നൂരിൽ ടൗൺ ഹാൾ നിർമ്മിക്കാൻ രൂപകല്പന അംഗീകരിക്കുകയും സാമ്പത്തിക അനുമതി ലഭിക്കുകയും ചെയ്ത വിവരം പത്രങ്ങളിലൂടെയാണ് അറിയുന്നത്. പയ്യന്നൂരിലെ കലാസാംസ്കാരിക പ്രവർത്തകരുടെ ചിരകാല സ്വപ്നം സാക്ഷാത്കൃതമാവാൻ പോകുന്ന സന്തോഷത്തിൽ അതിന്റെ നിർമ്മാണത്തിൽ എന്തൊക്കെ സൗകര്യങ്ങൾ ഒരുക്കണമെന്ന നിർദ്ദേശങ്ങൾ വീണ്ടും ഞങ്ങൾ മുന്നോട്ട് വെക്കുകയുമുണ്ടായി. മാത്രവുമല്ല, ലോകപ്രശസ്ത വാസ്തുശില്പി പദ്മശ്രീ.ജി ശങ്കറിനെ(2007ൽ പദ്മശ്രീ ലഭിച്ചിരുന്നില്ല)കൊണ്ട് നിർമ്മാണം ഏറ്റെടുപ്പിക്കാൻ വേണ്ട ഇടപെടലുകൾ നടത്തുകയും ചെയ്തു.ഉത്തമ കലാകാരൻ കൂടിയായ ശങ്കറിന് നമ്മുടെ സങ്കല്പങ്ങൾക്കനുസരിച്ചുള്ള ഒരു നിർമ്മാണം നടത്തുന്നതിൽ ഏറെ താല്പര്യമുണ്ടായിരുന്നതിനാൽ നഗരസഭാധികൃതരുമായി ചർച്ച നടത്തുന്നതിനായി ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് പയ്യന്നൂരിൽ വരികയുണ്ടായി. നഗരസഭാ അദ്ധ്യക്ഷനെ കണ്ട് സംസാരിക്കാൻ (ഇന്നത്തെ നഗരസഭാദ്ധ്യക്ഷൻ വഴി) മുൻകൂട്ടി അനുവാദം വാങ്ങി നിശ്ചയിച്ച സമയത്ത് നഗരസഭാ കാര്യാലയത്തിൽ (ഇത് എഴുതുന്ന ആളോടൊപ്പം) എത്തി അദ്ധ്യക്ഷനെ കാണുകയും ചെയ്തു. നിശ്ചയിച്ച സമയത്ത് തന്നെ എത്തിയിട്ടും മറ്റൊരു പരിപാടിയിൽ പങ്കെടുക്കാൻ ധൃതി കൂട്ടി ഇടനാഴിയിൽ നടക്കവേയാണ് ശങ്കറിനെ അദ്ധ്യക്ഷൻ ഒട്ടും ക്ഷമയില്ലാതെ കേൾക്കുന്നത്. ‘ഉടനേ ടെണ്ടർ വിളിക്കും, അതിൽ പങ്കെടുക്കൂ,വിജയിച്ചാൽ നിങ്ങൾക്ക് നിർമ്മാണം ഏറ്റെടുക്കാം’ എന്നായിരുന്നു ഒരു കരാറുകാരനോടെന്ന പോലെയുള്ള അദ്ധ്യക്ഷന്റെ മറുപടി.’ സർ, ഞാൻ ഒരു കരാറുകാരനല്ല, ആർകിടെക്റ്റാണ്, സ്വന്തമായി രൂപകൽപന ചെയ്ത് വാസ്തുശില്പം ചെയ്യുന്ന എന്റെ ഹാബിറ്റാറ്റ് ഗ്രൂപ് കേന്ദ്ര സംസ്ഥാന ഗവർമെണ്ടുകളുടെ നിരവധി നിർമ്മാണ പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്നുണ്ട്.ടെണ്ടറില്ലാതെ കേരള സർക്കാരിന്റെ നിർമ്മാണങ്ങൾ ഏറ്റെടുക്കാൻ അനുവാദമുള്ള രണ്ടേ രണ്ട് സ്ഥാപനങ്ങളിൽ ഒന്നാണ് ഹാബിറ്റാറ്റ്. മറ്റേത് സർക്കാർ സ്ഥാപനമായ നിർമ്മിതിയുമാണ്. കേരളത്തിലെ ഒരു കലാസാംസ്കാരിക കേന്ദ്രത്തിന്റെ നിർമ്മാണ മാതൃക ഇവിടത്തെ നിർമ്മാണത്തോടെ രൂപപ്പെടുത്തണമെന്ന ആഗ്രഹത്തോടെയാണ് ഞാൻ ഇതിന് മുന്നോട്ട് വന്നിട്ടുള്ളത്. താങ്കളുടെ തിരക്കൊഴിഞ്ഞ് വിശദമായി ചർച്ച ചെയ്യാൻ ഞാൻ കാത്ത് നിൽക്കാം’ എന്ന് പറഞ്ഞിട്ടും തന്റെ നിലപാടിൽ നിന്ന് മാറാനോ വിശദമായി സംസാരിക്കാനോ സന്നദ്ധത കാട്ടാതെ ‘ടെണ്ടറില്ലാതെയുള്ള പൊല്ലാപ്പിനൊന്നും നമ്മളില്ല, നിങ്ങൾ ടെണ്ടറിൽ പങ്കെടുക്കൂ’ എന്ന ഉപദേശത്തോടെ അദ്ധ്യക്ഷൻ അവിടം വിട്ടു പോയി. മറ്റൊരാളുടെ രൂപകൽപനയിൽ നിർമ്മാണം നടത്തുന്ന കരാറുകാരനല്ലാത്തത് കൊണ്ട് ശങ്കർ ടെണ്ടറിൽ പങ്കെടുത്തില്ല. ടെണ്ടറിൽ ഒരാൾ മാത്രമേ പങ്കെടുത്തിരുന്നുള്ളൂവെന്നും അത് കൊണ്ട് റീടെണ്ടർ നടത്തുമെന്നാണ് പിന്നീട് അറിഞ്ഞത് . ആ സാഹചര്യത്തിൽ ഹാബിറ്റാറ്റ് ഗ്രൂപ്പിനെ നിർമ്മാണം ഏൽപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ അദ്ധ്യക്ഷനോട് അഭ്യർത്ഥിക്കുകയുണ്ടായി. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെങ്കിലും ആ പദ്ധതി നടപ്പായില്ല എന്നത് ചരിത്രം.
വർഷങ്ങൾ കഴിഞ്ഞ്,പയ്യന്നൂരിലെ കലാസാംസ്ക്കാരിക പ്രവർത്തകരിൽ വീണ്ടും മോഹമുണർത്തി നഗരസഭ 2013-14ൽ മറ്റൊരു പദ്ധതിയിട്ടു.ഇരുപത്തഞ്ച് ലക്ഷം രൂപ ചെലവിൽ പെരുമ്പയിലെ ഷോപ്പിംഗ് കോംപ്ലക്സിൽ ഒരു ഓഡിറ്റോറിയം പണിയാൻ വേണ്ടി. വിവിധ ദൃശ്യ ശ്രാവ്യ കലാവതരണങ്ങൾക്ക് ഉതകും വിധം ശബ്ദ വെളിച്ച ക്രമീകരണവും ചലച്ചിത്ര പ്രദർശനോപകരണങ്ങളും ക്ലേശകരമല്ലാത്ത ഇരിപ്പിടങ്ങളും ഒരുക്കണമെന്ന് ഈ അവസരത്തിലും നഗരസഭയോട് അഭ്യർത്ഥിക്കുകയുണ്ടായി. ആ പദ്ധതിക്കും എന്ത് സംഭവിച്ചുവെന്ന് പിന്നീടൊന്നും കേട്ടില്ല.
സ്വന്തമായി പ്രദർശന സൗകര്യം ഒരുക്കാൻ സന്നദ്ധമാകുന്ന സംസ്ഥാനത്തെ ഫിലിം സൊസൈറ്റികൾക്കൊക്കെ സർക്കാർ ഭൂമി സൗജന്യമായോ സൗജന്യ വിലയ്ക്കോ നൽകുന്നതിന് നയപരമായ ഒരു തീരുമാനമെടുക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്ന തരത്തിൽ ഇടപെടാൻ അഭ്യർത്ഥിച്ച് കൊണ്ട് 31-7-’11 ന് തിരുവനതപുരത്ത് ചേർന്ന എഫ് എഫ് എസ് ഐ കേരള ഘടകത്തിന്റെ വാർഷിക പൊതുയോഗത്തിൽ ഒരു പദ്ധതി സർഗ്ഗയുടെ പ്രതിനിധി അവതരിപ്പിക്കുയുണ്ടായി. എന്നാൽ അപ്പോഴത്തെ ഭാരവാഹികൾ അത് പരിഗണിക്കുക പോയിട്ട് അങ്ങനെയൊരു നിർദ്ദേശം അവതരിപ്പിക്കപ്പെട്ടതായി മിനുട്സിൽ രേഖപ്പെടുത്തുക പോലുമുണ്ടായില്ല.ഏതാനും ചിലരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മാത്രം രേഖപ്പെടുത്തുക,മറ്റുള്ളവരുടെ നിർദ്ദേശങ്ങൾ ഇവരുടെ തന്നെ പേരിലും അല്ലെങ്കിൽ ഉന്നയിച്ച നിർദ്ദേശവുമായി ഒരു ബന്ധവുമില്ലാത്ത കാര്യമായി രേഖപ്പെടുത്തുക എന്നതെല്ലാം ഇരുപത്തഞ്ച് വർഷത്തിലധികമായി തുടരുന്ന എഫ് എഫ് എസ് ഐ ഭാരവാഹികളുടെ സ്ഥിരസ്വഭാവമാണ്; ചിലരുടെ കേമത്തം കാട്ടാനുള്ള വേദി മാത്രമായി സംഘടനയെ ഉപയോഗിക്കുന്ന, എത്രയോ വർഷമായി തുടരുന്ന സ്വഭാവം! മേൽപ്പറഞ്ഞ പദ്ധതി പ്രായോഗികമായി സൊസൈറ്റികൾ സ്വയം പര്യാപ്തരായാൽ എഫ് എഫ് എസ് ഐയോടുള്ള ആശ്രിതത്വവും വിധേയത്വവും അവസാനിക്കുമെന്നും തങ്ങളുടെ പ്രമാണിത്തം ആരും അംഗീകരിച്ച് തരില്ലെന്നുമുള്ള ബോദ്ധ്യം കൊണ്ടാണ് സർഗ്ഗയുടെ പ്രസ്തുത നിർദ്ദേശം എഫ് എഫ് എസ് ഐയുടെ രേഖകളിൽ പോലും പരാമർശിക്കപ്പെടാത്തിരുന്നത്. തങ്ങളുടെ ഇഷ്ടാനുസരണം ധൂർത്തടിച്ചും ചെറിയ പങ്ക് സൊസൈറ്റികൾക്ക് നൽകി അവയെ വിധേയരായി നിലനിർത്താനും സാധിക്കുമാറ് വർഷാവർഷം ധനസഹായം നേടിയെടുക്കുന്നതിലായിരുന്നു അവർക്കെപ്പോഴും ഉത്സാഹം. ഒരു വർഷം അതിന് മുടക്കം വന്നപ്പോൾ ഒരു ഇടനിലക്കാരന് കമ്മീഷൻ നൽകി അത് നേടിയെടുത്തു എന്ന് അവകാശപ്പെട്ടവരുടെ മുൻഗണന ഫിലിം സൊസൈറ്റികളുടെ സുഗമമായ പ്രവർത്തനമല്ലെന്ന് ഇതിൽ നിന്ന് വ്യക്തമാണല്ലോ.
ഈ സാഹചര്യത്തിൽ, സർഗ്ഗയുടെ ചിരകാലസ്വപ്നം സാക്ഷാത്ക്കരിക്കാൻ പയ്യന്നൂരിൽ ഭൂമി അനുവദിച്ച് തരണമെന്ന് അഭ്യർത്ഥിച്ച് 2012ൽ അന്നത്തെ മുഖ്യമന്ത്രിക്ക് ഒരു നിവേദനം സമർപ്പിക്കുകയുണ്ടായി. അത് സിനിമാകാര്യ മന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ കാര്യാലയത്തിൽ നിന്ന് അറിയിപ്പ് കിട്ടിയതനുസരിച്ച് അന്വേഷിച്ചപ്പോൾ അത് സാംസ്ക്കാരിക വകുപ്പിൽ നിന്ന് ചലച്ചിത്ര വികസന കോർപ്പറേഷനിലേക്ക് അയച്ച് കൊടുത്തിട്ടുണ്ടെന്നാണ് മനസ്സിലായത്. ‘ചലച്ചിത്ര പ്രദർശന ഇടം നിർമ്മിക്കാൻ’എന്ന് കണ്ട ഉടൻ അതൊക്കെ നിർമ്മിക്കുന്നത് ചലച്ചിത്ര വികസന കോർപ്പറേഷനാണല്ലോ, എന്നാൽ അക്കാര്യം അവർ നോക്കട്ടെ എന്ന് തീരുമാനിച്ചാണത്രേ നിവേദനം അങ്ങോട്ട് വിട്ടത് !( എന്നാൽ കോർപ്പറേഷന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് അത് തിരിച്ചയക്കുകയോ നഷ്ടപ്പെടുത്തുകയോ ഉണ്ടായില്ല. നഗരസഭകൾ ഭൂമി നൽകാൻ സന്നദ്ധതയുള്ള ഇടങ്ങളിൽ തിയറ്ററുകൾ നിർമ്മിക്കാൻ കോർപ്പറേഷൻ ആരംഭിച്ചിട്ടുള്ള പദ്ധതിയായി രൂപാന്തരപ്പെടുത്താൻ പറ്റും വിധം സൂക്ഷിച്ച് വെച്ചിരുന്നു എന്നാണ് ഇപ്പോൾ തെളിയുന്നത്).സർക്കാർ പുറമ്പോക്ക് ചൂണ്ടിക്കാണിച്ചാൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് നോക്കാമെന്ന് അറിയിച്ച സാംസ്ക്കാരിക വകുപ്പുദ്യോഗസ്ഥന്റെ ഉപദേശമനുസരിച്ച് തദ്ദേശഭരണ,പൊതുമരാമത്ത് വകുപ്പുകളുമായി ബന്ധപ്പെട്ടെങ്കിലും (പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള ഭൂമി ഒരു സ്കൂളിന് നല്കിക്കഴിഞ്ഞിരുന്നു. റവന്യൂ വകുപ്പിൻറെ കൈവശമുള്ളത് കൈപ്പാട് നിലമാണ്.അത് നികത്തി കെട്ടിട നിർമ്മാണം അസാദ്ധ്യമാണല്ലോ.( തിയറ്റർ നിർമ്മാണത്തിന് കെ എസ് എഫ് ഡി സിക്ക് വിട്ടുകൊടുത്തതും സ്റ്റേഡിയം,ബസ്സ്റ്റാൻഡ് എന്നിവ നിർമ്മിക്കുന്നതും ബസ് സ്റ്റാൻഡ് വരുന്നതും കാത്ത് പുതിയ വ്യാപാരസ്ഥാപനങ്ങൾ ഉയർന്നതുമൊക്കെ കൈപ്പാട് നിലത്താണെന്നത് മറ്റൊരു കാര്യം.) ബ്ലോക്ക് പഞ്ചായത്തിന്റെ ട്രഷറിക്ക് വടക്കുള്ള കെട്ടിടത്തിന്റെ മുകൾ ഭാഗമെങ്കിലും അനുവദിക്കാൻ അഭ്യർത്ഥിച്ചു.പഞ്ചായത്തിന്റെ ആസ്തി ഇത്തരം ആവശ്യങ്ങൾക്ക് വിട്ട് നൽകാൻ സാധിക്കയില്ലെന്ന് മറുപടി ലഭിച്ചു. കെട്ടിടത്തിന് മുകളിലല്ലെങ്കിലും അവിടത്തെ ഭൂമിയിൽ നിറയേ കെട്ടിടങ്ങളുണ്ടാക്കി വ്യാപാരസ്ഥാപനങ്ങൾക്ക് നൽകിയതാണ് ഇപ്പോഴത്തെ കാഴ്ച.)ഏതെങ്കിലും രാഷ്ട്രീയ കക്ഷിയോട് അനുഭാവമോ വിധേയത്വമോ ഇല്ലെങ്കിൽ അനുകൂലമായ ഒരു തീരുമാനവും പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് മനസ്സിലായത്. അങ്ങിനെയെങ്കിൽ ഒരു സംഘത്തിന് മാത്രമായല്ല സംസ്ഥാനത്താകെയുള്ള പ്രസ്ഥാനങ്ങൾക്ക് ഗുണകരമായ രീതിയിൽ സർക്കാർ തന്നെ ഒരു തിയറ്റർ ശൃ൦ഖല നിർമ്മിക്കുക എന്ന നയപരമായ തീരുമാനമെടുക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്ന വിധം ഒരു പദ്ധതി നിർദ്ദേശം ആവിഷ്കരിച്ച് സമർപ്പിക്കുകയുണ്ടായി. അത് കൊണ്ടും ഫലമുണ്ടായില്ല. ആയിടെയാണ് കേരള ലളിത കലാ അക്കാദമി പഞ്ചായത്ത് തോറും ആർട്ട് ഗാലറി നിർമ്മിക്കുന്ന ഒരു പദ്ധതി പ്രഖ്യാപിച്ചത്. ചലച്ചിത്ര പ്രദർശനങ്ങളും മറ്റ് കലാവതരണങ്ങളും സാദ്ധ്യമാകും വിധം ഗാലറിയുടെ നിർമ്മാണം ആവിഷ്ക്കരിച്ചാൽ തിയറ്റർ ശൃ൦ഖല എന്ന ആശയവും പ്രായോഗികമാവും എന്ന് കണ്ട് ചലച്ചിത്ര അക്കാദമിയും സംഗീത നാടക അക്കാദമിയും ലളിതകലാ അക്കാദമിയും സംയോജിച്ച് പ്രവർത്തിച്ച് ലക്ഷ്യം സാക്ഷാത്ക്കരിക്കുന്ന വിധം പദ്ധതി നവീകരിച്ച് സാംസ്ക്കാരിക വകുപ്പ് മന്ത്രിക്ക് സമർപ്പിക്കുകയുണ്ടായി .ബജറ്റ് അവതരിപ്പിക്കും മുൻപ് ധനകാര്യമന്ത്രിമാർക്കും പദ്ധതി നിർദ്ദേശം സമർപ്പിക്കുകയുണ്ടായി. 2016-’17 ലെ ബജറ്റവതരണത്തിന് ശേഷം ബന്ധപ്പെട്ട സർക്കാർ വകുപ്പിൽ അന്വേഷിച്ചപ്പോൾ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സാംസ്ക്കാരിക സമുച്ചയങ്ങൾ സ്ഥാപിക്കുമെന്ന് റിവൈസ്ഡ് ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട് എന്ന മറുപടിയാണ് ലഭിച്ചത്. കേരളത്തിലെ നവോത്ഥാനനായകരുടെ പേരിൽ നാല്പത് കോടി രൂപ വീതം ചെലവിട്ട് ഓരോ ജില്ലയിലും ഇങ്ങനെയൊരു സമുച്ചയം നിർമ്മിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സർഗ്ഗ സമർപ്പിച്ച പദ്ധതിയുടെ ആശയം തന്നെയാണെങ്കിലും അതിലൂടെ സാക്ഷാൽകൃതമാകുന്ന ലക്ഷ്യങ്ങളൊന്നും ഈ കേന്ദ്രീകൃത പദ്ധതിയിലൂടെ നിറവേറാൻ സാദ്ധ്യമല്ലെന്നും ഒറ്റ സമുച്ചയം നിർമ്മിക്കുന്ന ചെലവ് കൊണ്ട് നൂറ് ചെറു തിയറ്ററുകളെങ്കിലും നിർമ്മിക്കാമെന്നും സാംസ്ക്കാരികസമുച്ചയ പദ്ധതിയോ ട് ഒപ്പം തന്നെ തിയറ്റർ ശൃംഖല എന്ന പദ്ധതിയും നടപ്പിലാക്കണമെന്ന് അഭ്യർത്ഥിച്ചെങ്കിലും വികേന്ദ്രീകൃത ആസൂത്രണത്തിന്റെ അപ്പോസ്തലന്മാർ അത് ചെവിക്കൊണ്ടില്ല.സർക്കാരിന്റെ സഹായമില്ലാതെ തന്നെ സർഗ്ഗയുടെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ വഴികൾ തേടുന്നതിന് ഒരു കർമ്മസമിതിയെ 2015 ലെ വാർഷിക പൊതുയോഗം നിയോഗിക്കുകയുണ്ടായി. എന്നാൽ പിന്നീട് വന്ന സർഗ്ഗയുടെ ഭാരവാഹികൾക്ക് ഈ സമിതിയെ പ്രവർത്തിപ്പിക്കാനോ സ്വന്തമായ തിയറ്റർ എന്ന് സ്വപ്നം കാണാൻ പോലുമോ കഴിഞ്ഞില്ല.
ഒരു തിയറ്റർ കോംപ്ലസ് നിർമ്മിക്കാൻ ചലച്ചിത്രവികസന കോർപ്പറേഷന് 50 സെൻറ് സ്ഥലം പയ്യന്നൂർ നഗരസഭ വിട്ടു നൽകിയത് വലിയ ഭരണനേട്ടമായും പയ്യന്നൂരിലെ ജനങ്ങളുടെ ചിരകാല സ്വപ്നത്തിന്റെ സാക്ഷാത്ക്കാരമായുമൊക്കെ വിശേഷിപ്പിക്കുന്നത് കേട്ടത് കൊണ്ടാണ് ഇത്രയും പഴമകൾ അയവിറക്കിയത്. ഈ തീരുമാനത്തിൽ ആഹ്ളാദിക്കാനും നഗരസഭയേയും ചലച്ചിത്ര വികസന കോർപ്പറേഷനേയും അഭിനന്ദിക്കാനും സർഗ്ഗയുടെ ഇപ്പോഴത്തെ ഭാരവാഹികളും മത്സരിക്കുന്നത് കാണുമ്പോൾ ഇത്രയും കൂടി കുറിക്കാൻ തോന്നുന്നു.
മലയാള സിനിമയെ കേരളത്തിലേക്ക് പറിച്ച് നടാനായിരുന്നു. കേരള സംസ്ഥാന ചലച്ചിത്രവികസന കോർപ്പറേഷൻ രൂപീകൃതമായത്. ആധുനികസംവിധാനങ്ങളോട് കൂടിയ ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലസ് തിരുവനന്തപുരത്ത് നിർമ്മിച്ചുവെങ്കിലും താരകേന്ദ്രിതമായ നിർമ്മാണ രീതിയും വമ്പൻ മുതൽ മുടക്ക് നടത്തുന്ന കമ്പനികളും കോടമ്പക്കത്ത് നിന്ന് വിട്ട് പോരാൻ മടിച്ചതിനാൽ ആ ലക്ഷ്യം നിറവേറ്റപ്പെട്ടില്ല . വലിയൊരു സ്ഥാപനം ഉപയോഗിക്കപ്പെടാതെ തുരുമ്പെടുത്താൽ ഖജനാവിന് വലിയ നഷ്ടം സംഭവിക്കുമെന്നും നിരവധി പേരുടെ തൊഴിലവസരം ഇല്ലാതാകുമെന്നും മനസ്സിലാക്കി പലവിധ പ്രലോഭനങ്ങളും വെച്ച് നീട്ടി നിർമ്മാതാക്കളെ ആകർഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല . കേരളത്തിൽ നിന്ന് നിർമ്മിക്കുന്ന ചിത്രങ്ങൾക്ക് സർക്കാർ സബ്സിഡി, ചിത്രാഞ്ജലി സ്റ്റുഡിയോയിലെ സൗകര്യങ്ങളെല്ലാം ഉപയോഗിക്കുന്നവർക്ക് സേവനങ്ങൾ കടം നൽകുന്ന പാക്കേജ് പദ്ധതി എന്നിവയൊക്കെ ഇതിൽ പെടും. തുടക്കക്കാരേയും വിപണി ലക്ഷ്യമാക്കാതെ ആത്മസാക്ഷാത്കാരത്തിനായി ചിത്രങ്ങൾ ചെയ്യുന്നവർക്കുമൊക്കെ ഇത് ചെറിയ ആശ്വാസമായെങ്കിലും സ്റ്റുഡിയോയുടെ പ്രവർത്തനക്ഷമതയെ പൂർണ്ണമായും ഉപയുക്തമാക്കുന്ന പ്രവർത്തനമൊന്നും അവിടെ നടന്നില്ല. സ്ഥാപനത്തെ നിലനിർത്താൻ പലവഴികളും ആലോചിക്കവേയാണ് ചലച്ചിത്രപ്രദർശന മേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. അങ്ങിനെയാണ് തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, ചേർത്തല, ആലപ്പുഴ,ചിറ്റൂർ,പറവൂർ എന്നിവിടങ്ങളിൽ കൈരളി/ ശ്രീ തിയറ്ററുകൾ ഉണ്ടാകുന്നത്.തിരുവനന്തപുരത്ത് പ്രധാന കാര്യാലയത്തോടൊപ്പം കലാഭവൻ എന്നൊരു തിയറ്റർ കൂടിയുണ്ടാക്കി. ഇത് ചിത്രങ്ങളുടെ ആദ്യ പ്രദർശനം,സെൻസർ സെർട്ടിഫിക്കേഷന് വേണ്ടിയുള്ള പ്രദർശനങ്ങൾ, ഫിലിം സൊസൈറ്റികളുടെ പ്രദർശനങ്ങൾക്കും മറ്റുമായി മാറ്റി വെച്ചു. കുറേ കഴിഞ്ഞപ്പോൾ നാഷണൽ ഫിലിം ആർക്കൈവിന്റെ ആഭിമുഖ്യത്തിൽ ക്ലാസിക്കുകൾ പ്രദർശിപ്പിക്കുന്ന ഫിലിം സർക്കിളിന്റെ വേദിയുമായി അത്. പൊതുഗതാഗതം നടത്തുന്ന കെ എസ് ആർ ടി സി ഷോപ്പിംഗ് കോംപ്ലക്സുകൾ നിർമ്മിച്ച് വരുമാനം വർദ്ധിപ്പിച്ച് സാമ്പത്തിക പ്രതിസന്ധി മറികടക്കാമെന്ന് കരുതിയത് പോലെ കെ എസ് എഫ് ഡി സി വൈവിദ്ധ്യവൽക്കരണം നടത്തിയിട്ടും പിടിച്ച് നിൽക്കാനായില്ല.അതോടെ നല്ല സിനിമയോടുള്ള നേരിയ ആഭിമുഖ്യം പോലും അത് ഉപേക്ഷിച്ചു . കലാഭവൻ കച്ചവടസിനിമയുടെ സ്ഥിരം പ്രദർശന വേദിയായി. ഫിലിം സൊസൈറ്റികൾക്കും മറ്റും അനുവദിച്ച സൗജന്യ നിരക്കുകളൊക്കെ അവസാനിപ്പിച്ചു. വാടകക്ക് പ്രവർത്തിച്ച് വന്ന കേന്ദ്ര സർക്കാർ സ്ഥാപനങ്ങളെയും എഫ് എഫ് എസ് ഐയെയും ഒഴിപ്പിച്ച് ഫാസ്റ്റ് ഫുഡ് കമ്പനിക്ക് തീറ്റയിടം ഒരുക്കാൻ ഹെഡ് ഓഫീസ് കെട്ടിടം വൻ വാടകക്ക് കൊടുത്തു. എങ്ങിനെയും വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് സ്വയം ചുരുങ്ങി. ഫിലിം സൊസൈറ്റികൾക്കും സ്വകാര്യ പ്രദർശനങ്ങൾക്കും ഭീമമായ വാടകയാണ് ഇപ്പോൾ ഈടാക്കുന്നത്. ഫിലിം പ്രിന്റ്, ബ്ലൂ റേ എന്നിവയൊക്കെ പ്രദർശിപ്പിക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾ നിലനിൽക്കേ തന്നെ ‘ക്യൂബ്’ വഴി മാത്രമേ പ്രദർശനം അനുവദിക്കൂ എന്ന നിഷ്ക്കർഷയിൽ പിന്നെയും ചെലവേറ്റുന്നുണ്ട് . വ്യത്യസ്തമായതും കലാമേന്മയുള്ളതുമായ സിനിമകളെ ഏഴയലത്തടുപ്പിക്കാതിരിക്കാൻ സ്വകാര്യ തിയറ്റർ ഉടമകളേക്കാൾ വ്യഗ്രത ചിലപ്പോൾ കെ എസ് എഫ് ഡി സി ക്കായിരിക്കും. അടൂർ ഗോപാലകൃഷ്ണൻ സമിതിയുടെയും മറ്റ് രാഷ്ട്രീയ സമ്മർദ്ദങ്ങളുടെയും ഫലമായി പുതിയ സംവിധായകരുടെ ചില ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അനുമതി നൽകിയത് ദിവസേന ഒരു ഷോയ്ക്കായിരുന്നു.രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ ഹോൾഡ് ഓവർ എന്ന ന്യായം പറഞ്ഞ് പ്രദർശനം അവസാനിപ്പിക്കുകയും ചെയ്തു. പബ്ലിസിറ്റി,തിയറ്റർ വാടക എന്നിവക്കും മറ്റുമായി വീണ്ടും പണം നഷ്ടപ്പെട്ടതല്ലാതെ ചിത്രത്തിന്റെ നിർമ്മാതാക്കൾക്കോ നല്ല സിനിമയ്ക്കോ ഒരു നേട്ടവുമുണ്ടായില്ല. സ്വകാര്യ തിയറ്റർ ഉടമകളുടേതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല,ചിലപ്പോൾ അതിനേക്കാൾ തീവ്രവുമാണ് , പൊതുമേഖലാ സ്ഥാപനമായ കെ എസ് എഫ് ഡി സിയുടെ നിലപാടുകൾ എന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നത്. സ്ഥലം നൽകുന്ന നഗരസഭയ്ക്കകത്ത് തിയറ്റർ സമുച്ചയം പണിയുക എന്നത് അതിന്റെ വാണിജ്യ താല്പര്യത്തിന്റെ വ്യാപനം മാത്രമായേ കാണാനാകൂ. പ്രദർശനാവസരം നിഷേധിക്കപ്പെടുന്ന ചലച്ചിത്രങ്ങൾക്ക് വേദിയാകാനോ.നല്ല ചിത്രങ്ങളുടെ പ്രദർശന ഇടമാകാനോ ഫിലിം സൊസൈറ്റികൾക്ക് ആശ്വാസമാകാനോ പോകുന്നില്ല ഈ കോംപ്ലക്സുകൾ.പയ്യന്നൂർ നിവാസികളുടെ ചിരകാല സ്വപ്നത്തിന്റെ സാക്ഷാത്ക്കാരം എന്നൊക്കെ വാഴ്ത്തുന്നവർ മൂഢസ്വർഗ്ഗത്തിലാണെന്ന് വേണം കരുതാൻ. നിലവിലുള്ള പ്രദർശനശാലകൾക്കൊപ്പം മറ്റൊന്ന് കൂടി എ ന്നല്ലാതെ അതിനപ്പുറമൊന്നും പ്രതീക്ഷിക്കാനില്ല.ഭൂമി നൽകിയത് പാട്ടത്തിനാകയാൽ തിയറ്ററിന്റെ നടത്തിപ്പിൽ എന്തെങ്കിലും അധികാരമോ അവകാശമോ നഗരസഭയ്ക്ക് ഉണ്ടാകുകയുമില്ല. നഗരസഭയുടെ വിനോദനികുതി വരുമാനം വർദ്ധിക്കുമായിരിക്കും. ഭൂമിയുടെ പാട്ടത്തുക വഴിയും കുറച്ച് വരുമാനം ലഭിക്കും.കലാസാംസ്കാരിക പ്രവർത്തനങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് ആ രംഗം പ്രോത്സാഹിപ്പിക്കുന്നത് എന്തിന് ? എല്ലാറ്റിനും പണം പോരേ ?
Subscribe to:
Posts (Atom)