Monday, 27 April 2015

പുതുവിചാരശേഷം


സർഗയുടെ ‘പുതുവിചാര‘ത്തിൽ സർഗയെന്ന വികാരം ഇപ്പോഴും ഹൃദയത്തിലുള്ള 81 പേർ പങ്കെടുക്കുകയുണ്ടായി. അവിചാരിത കാരണങ്ങളാലും വൈയക്തികമായ അസൗകര്യങ്ങളാലും പങ്കെടുക്കാൻ  സാധിക്കാതെ വന്ന ചിലർ അവരുടെ പിന്തുണ അറിയിക്കുകയുമുണ്ടായിട്ടുണ്ട്. എല്ലാവർക്കും  ഉള്ളം നിറഞ്ഞ നന്ദി.
ഉത്തമ ചലച്ചിത്രത്തോടും കൂട്ടാ‍യ കാഴ്ചയോടും ആഭിമുഖ്യമുള്ള ഇരുപതോളം യുവതീയുവാക്കളെ കണ്ടെത്തി ക്ഷണിക്കുകയുണ്ടായെങ്കിലും അവരിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് പങ്കെടുത്തിട്ടുള്ളത്. പത്രമാദ്ധ്യമങ്ങളിലൂടെയും നവമാദ്ധ്യമങ്ങളിലൂടെയും മറ്റും വ്യാപകമായി ക്ഷണിച്ചെങ്കിലും സ്ത്രീ പങ്കാളിത്തം ഒട്ടുമില്ലാതിരുന്നത് പുരുഷകേന്ദ്രീകൃത കൂട്ടായ്മ എന്നൊരു ആക്ഷേപത്തിന് കാരണമാകുകയുണ്ടായി. സുവർണജയന്തിവർഷത്തിലെത്തിയ കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തേയും നവീകരിക്കണമെന്ന ഉദ്ദേശത്തോടെ കേരളത്തിലെ ഫിലിം സൊസൈറ്റി പ്രവർത്തകരേയും പുതുവിചാരത്തിനായി ക്ഷണിക്കുകയുണ്ടായെങ്കിലും രണ്ട്മൂന്ന് പേർ മാത്രമാണ് ക്ഷണം കൈപ്പറ്റിയെന്നെങ്കിലും അറിയിച്ചത്.
സർഗയുടെ നവീകരണത്തിനായി അധികം നിർദ്ദേശങ്ങളൊന്നും തന്നെ ഉയർന്നില്ലെങ്കിലും ആലോചനയിലുണ്ടായ സജീവ പങ്കാളിത്തം ഇനിയും മുന്നോട്ട് പോകാനുള്ള പ്രചോദനം തന്നെയാണ്. കുടുംബസമേതം ഒത്തുകൂടി ചിത്രങ്ങൾ കണ്ടും ആശയങ്ങൾ പങ്കിട്ടും ഒന്നിച്ച് ഭക്ഷണം കഴിച്ചും മാസത്തിൽ ഒരു ദിവസമെങ്കിലും ചെലവിടുന്ന രീതിയിലുള്ള നവീകരണമാണ് ആവശ്യമെന്നായിരുന്നു ഒരു പുതിയ ആശയമായി അവതരിപ്പിക്കപ്പെട്ടത്. ചലച്ചിത്രാസ്വാദനത്തിൽ മാത്രം ഒതുങ്ങാതെ ഇതര കലാസാംസ്ക്കാരിക പ്രവർത്തനങ്ങളിലേക്കും ഈ കൂട്ടാ‍യ്മ വ്യാപിക്കണമെന്ന നിർദ്ദേശം ഇതിന് അനുബന്ധമായി ചേർക്കപ്പെട്ടു. യുവജനങ്ങളുടേയും സ്ത്രീകളുടേയും പങ്കാളിത്തമില്ലെന്ന പരാതി ഈ പരിഷ്ക്കരണത്തിലൂടെ പരിഹൃതമാകുമെന്നും നിർദ്ദേശിക്കപ്പെട്ടു. നല്ല ചിത്രങ്ങൾ ജനങ്ങളിലേക്ക് എന്ന ആശയത്തിലൂടെ ജനകീയമുഖമുണ്ടാക്കണമെന്ന നിർദ്ദേശത്തിനെതിരെ ജനം സ്വയം ആഗ്രഹിക്കാതെ അവരിൽ അടിച്ചേൽ‌പ്പിക്കുന്നത് അവരെ ശല്യപ്പെടുത്തലാകുമെന്ന മറുവാദത്തിനാണ് മേൽക്കയ്യുണ്ടായത്.ജനങ്ങൾക്കൊപ്പമായാൽ ജനകീയമാകുമെന്ന അഭിപ്രായവും സ്വീകാര്യമായി. കാമ്പസിനകത്തും പുറത്തുമുള്ള യുവജനങ്ങളിൽ ഫിലിം സൊസൈറ്റി പ്രവർത്തനത്തെക്കുറിച്ച് അവബോധം ഉണ്ടാകുംവിധം പ്രചരണമുണ്ടാകണമെന്നും നല്ല സിനെമയിൽ താല്പര്യമുള്ള യുവജനങ്ങൾ ധാരാളമുണ്ടെന്നും   അവർക്ക് കൂട്ടായിരുന്ന് ആസ്വദിക്കാനുള്ള അവസരമുണ്ടാകണമെന്നും യുവാക്കളിൽ നിന്നും നിർദ്ദേശമുണ്ടായി.കുറച്ച് മാസങ്ങൾക്ക് മുൻപ് പയ്യന്നൂരിൽ നടന്ന ചലച്ചിത്രമേളയിൽ വൻപിച്ച പ്രേക്ഷക പങ്കാളിത്തമുണ്ടായിരുന്നുവെന്നും അതിൽ എൺപത് ശതമാനവും യുവാക്കളായിരുന്നുവെന്നുമുള്ള  അവരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ യുവജനങ്ങളെ നല്ല സിനെമയോടും സർഗയുടെ പ്രവർത്തനങ്ങളോടും അടുപ്പിക്കാൻ കഴിഞ്ഞ കുറച്ചുവർഷങ്ങളിലുണ്ടായ ശ്രമങ്ങൾ ഫലം കാണാത്തതിന്റെ കാരണങ്ങളെക്കുറിച്ച് ഗൗരവമായി ആലോചിക്കേണ്ടതുണ്ട്. യുവജനങ്ങളുടെ വർദ്ധിച്ച പങ്കാളിത്തമുണ്ടായാലേ കാലാനുസൃതമായി സർഗയുടെ നവീകരണവും മുന്നോട്ടുള്ള പ്രയാണവും സാദ്ധ്യമാവൂ എന്നും സർവസമ്മതമായി. സാംഖികസാങ്കേതിക ആർക്കും കയ്യാളാനാവും വിധം ജനാധിപത്യവൽക്കരിക്കപ്പെട്ട വർത്തമാനകാലത്ത് നിർമ്മിക്കപ്പെടുന്ന ഹ്രസ്വ,ആധാര ചിത്രങ്ങളിൽ മികച്ചവ കണ്ടെത്തി അവയും കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ നിർമ്മിക്കപ്പെട്ട നിരവധി മികച്ച മലയാള കഥാചിത്രങ്ങളിൽ പ്രേക്ഷകരിലെത്താത്തവയും ഇതര ഭാരതീയ ഭാഷാചിത്രങ്ങളും സർഗയുടെ പ്രദർശനങ്ങളിൽ ഇടം കാണണമെന്ന നിർദ്ദേശവുമുണ്ടായി. സമകാലീക ജീവിതസമസ്യകളെ അഭിസംബോധന ചെയ്യുന്ന ഹ്രസ്വ, ആധാര, കഥാചിത്രങ്ങളുടേയും പ്രത്യേകമായ മേളകളും കലാസാംസ്ക്കാരിക പ്രവർത്തകരുമായുള്ള സംഭാഷണങ്ങളും ചലച്ചിത്രത്തേയും ഇതരകലകളേയും സംബന്ധിച്ചുള്ള ചർച്ചകളും പഠനാവസരങ്ങളുമുണ്ടാകണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടു. ചലച്ചിത്രനിർമ്മാണത്തിന്റെ സാങ്കേതികവിദ്യ അഭ്യസിക്കാനുള്ള അക്കാദമികസംരംഭങ്ങൾ ആവിഷ്ക്കരിക്കണമെന്ന് ബോംബേയിൽ നിന്ന് ഒരു സുഹൃത്ത് പങ്കെടുക്കാൻ കഴിയാത്തതിന് ക്ഷമാപണത്തോടെ ഇ മെയിൽ വഴി നിർദ്ദേശിക്കുകയുണ്ടായി . ചലച്ചിത്രനിർമ്മാണത്തിന് മുതിരുന്ന യുവപ്രതിഭകളെ സഹായിക്കുന്ന പദ്ധതികൾ ഉണ്ടാകണമെന്നും നിർദ്ദേശമുണ്ടായി. ചലച്ചിത്രാസ്വാദനത്തിലൂടെ പുത്തൻ അവബോധം സൃഷ്ടിക്കുകയെന്ന പ്രഖ്യാപിതലക്ഷ്യം സാക്ഷാത്കരിക്കാനുതകുന്ന പ്രവർത്തനങ്ങൾ മാത്രമേ ഒരു ആസ്വാദകക്കൂട്ടം എന്ന നിലയിൽ ഏറ്റെടുക്കേണ്ടതുള്ളൂ എന്ന ശക്തമായ എതിർ]

വാദവുമുണ്ടായി. കലാസംസ്ക്കാരികപരിപാടികൾ അരങ്ങേറുന്നതിന് അനുയോജ്യമായൊരു വേദി പയ്യന്നൂരിൽ ഇല്ലാത്തത് എത്രയും വേഗം പരിഹരിക്കപ്പെടണമെന്ന അഭിപ്രായത്തിന് ഏകസ്വരമായിരുന്നു. വൻ സാമ്പത്തികബാദ്ധ്യതയുണ്ടാകുന്ന സർഗയുടെ ആ ചിരകാലസ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന്റെ സാദ്ധ്യതകൾ ആരായാൻ പ്രത്യേകമായൊരു സമിതി രൂപീകരിച്ച് പ്രായോഗിക പദ്ധതിയുണ്ടാക്കണമെന്ന തീരുമാനവുമുണ്ടായി. പുതുവിചാരത്തോട് സഹകരിച്ചവരോടെല്ലാം ആയിരം രൂപയോ അതിന്റെ ഗുണിതങ്ങളോ സംഭാവനയായി സ്വീകരിച്ച് ഭാവിപ്രവർത്തനങ്ങൾക്കുള്ള മൂലധനം സ്വരൂപിക്കാനും ദമ്പതിമാർ,കുടുംബം,യുവജനങ്ങൾ,വിദ്യാർത്ഥികൾ എന്നിങ്ങനെ പുതിയ അംഗങ്ങളെ ചേർക്കാനും തീരുമാനിക്കുകയുണ്ടായി. പുതിയ അംഗങ്ങളെ ചേർത്ത് വാർഷികപൊതുയോഗം കൂടി യുവജനങ്ങൾക്ക് പ്രാമുഖ്യമുള്ള ഒരു പുതിയ നേതൃത്വത്തെ കണ്ടെത്തണമെന്നും അംഗീകരിക്കപ്പെടുകയുണ്ടായി. പുതിയ പ്രവർത്തകസമിതി സ്ഥാനമേൽക്കുന്നത് വരെ ഒരു താൽക്കാലിക സമിതിക്ക് രൂപം കൊടുക്കുകയും ചെയ്തു. നിലവിലുള്ള നിർവാഹകസമിതി അംഗങ്ങളായ സർവശ്രീ. പി ടി രാമകൃഷ്ണൻ, കെ സി ബാലകൃഷ്ണൻ, വി ഭാർഗവൻ, വി കെ ദാമോദരൻ, ടി വി രമേശൻ, ടി വി കൃഷ്ണൻ,ഏ വി ശശി, വി ജനാർദ്ദനൻ, വി പി ഹരിദാസൻ എന്നിവർക്ക് പുറമേ ഗോവിന്ദൻ ചിറ്റീരെ,പി മുരളീധരൻ, മധു ഒറിജിൻ, ബാബു കാമ്പ്രത്ത്, വി പി മനോഹരൻ,കെ എ മുരളീധരൻ എന്നിവരെ കൂടി ഉൾപ്പെടുത്തിയാണ് പതിനഞ്ചംഗ സമിതി രൂപീകരിച്ചിട്ടുള്ളത്.
മേൽ വിവരിച്ച തീരുമാനങ്ങൾ പ്രയോഗത്തിലാക്കുന്നതിന്റെ ആദ്യപടിയായ മൂലധനസമാഹരണത്തിനും അംഗങ്ങളെ ചേർക്കുന്നതിന്റേയും ഭാഗമായാണ് നിങ്ങളെ വീണ്ടും സമീപിക്കുന്നത്. സർവ്വസഹകരണവും കാംക്ഷിച്ച് കൊണ്ട്,
അഭിവാദ്യങ്ങളോടെ,
പ്രവർത്തകസമിതി.