ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റീസ് ഒഫ് ഇന്ത്യയുടെ കേരള സബ് റീജണൽ ഓഫീസിന്റെ പുതിയ ഭാരവാഹികൾ അധികാരമേറ്റിട്ട് ഏഴ് മാസം കഴിഞ്ഞു. അവർ തെരഞ്ഞെടുക്കപ്പെട്ട പൊതുയോഗത്തിന്റെ മിനുറ്റ്സ് 30 ദിവസത്തിനകം വിതരണം ചെയ്യണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നതോ പോകട്ടെ, അവർ ആരൊക്കെയെന്ന് അറിയാനുള്ള അവകാശം പോലും അംഗ സൊസൈറ്റികൾക്കില്ലെന്നാണോ? വിമർശനങ്ങളോട് അസഹിഷ്ണുത കാട്ടുക മാത്രമല്ല വിമർശനങ്ങൾ ഉന്നയിക്കുന്നത് സംഘടിതമായി തടയുന്നത് പോലും കഴിഞ്ഞ യോഗത്തിൽ കണ്ടുകഴിഞ്ഞു.ഫെഡറേഷന്റെ ചട്ടങ്ങൾ പ്രകാരം ഉണ്ടാകേണ്ട ചുരുങ്ങിയ ആശയവിനിമയം പോലും നടക്കാത്തതിനെ വിമർശിച്ചത് ഒരു ഭാരവാഹി ഖണ്ഡിച്ചത് ഓർക്കുമല്ലോ. കഴിഞ്ഞ 25 വർഷമായി അങ്ങിനെയൊരു പതിവുണ്ടായിരുന്നില്ലെന്ന് ചർച്ചക്കിടയിൽ, തന്റെ ഊഴമല്ലാതിരുന്നിട്ടും,ഇടക്ക് കയറി ആവേശത്തോടെ പ്രധിരോധിച്ചതിന്റെ അർഥം “ഞങ്ങളുടെ ഇഷ്ടം പോലെ പ്രവർത്തിക്കും, സ്വീകാര്യമെങ്കിൽ കൂടെ നില്ക്കാം അല്ലെങ്കിൽ വിട്ടു പോകാം” എന്നാണെന്ന് മനസ്സിലാക്കാൻ അസാമാന്യ ബുദ്ധിയൊന്നും വേണ്ട.
2013-‘14 വർഷത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷം ഒരു കൗൺസിൽ യോഗം പോലും ചേരുന്നത് 2014 മാർച് 16നായിരുന്നു; വർഷം അവസാനിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുൻപ്. ഇതിനെതിരെ, ശക്തമായ വിമർശനം ഉന്നയിക്കുകയും യോഗത്തിൽ പങ്കെടുക്കുന്നതിന്റെ ആവശ്യമെന്ത് എന്ന ചോദ്യമുയർത്തി ഒരു കൗൺസിലംഗം സെക്രട്ടറിക്ക് ഇ-മെയിൽ അയച്ചതും എല്ലാവരും വായിച്ചതാണല്ലോ.അത് കഴിഞ്ഞ് എന്തുണ്ടായിയെന്നും എല്ലാവർക്കുമറിയാം. ഇക്കാലമത്രയും സർക്കാർ ഗ്രാന്റിനായുള്ള ശ്രമത്തിലായിരുന്നുവെന്നും ഗ്രാന്റ് ലഭിക്കുമെന്ന് ഉറപ്പായതിനാൽ (ഇടനിലക്കാരന് കമ്മീഷൻ കൊടുക്കേണ്ടിവന്നുവോ? )സൈൻസ് ചലച്ചിത്ര മേള ( നിലവിലുള്ള ഭരണസമിതി സ്ഥാനമൊഴിയുന്നതിന് മുൻപ്)നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാനായിരുന്നു ആ യോഗം എന്നായിരുന്നു അന്നത്തെ വിശദീകരണം. 2014 മേയ് മാസം ആളില്ലാ കസേരകൾക്ക് മുൻപിൽ കൊച്ചിയിൽ മേള അരങ്ങേറി. കുറേ കടലാസ് സംഘടനകൾക്ക് ഗ്രാന്റ് വിതരണം നടത്തി വോട്ടുറപ്പാക്കുകയും ചെയ്തു.ഫെഡറേഷന്റെ ഓഫീസ് പ്രവർത്തനത്തിനും സൈൻസ് മേളയ്ക്കുമായി ഗ്രാന്റിന്റെ പകുതിയോളം നീക്കിവെച്ചു.(സൈൻസിന്റെ വരവ് ചെലവ് കണക്ക് ഓഡിറ്റ് ചെയ്യുകയോ കൃത്യമായി അവതരിപ്പിക്കുകയൊ ചെയ്യുന്നത് ഇതുവരെ ഉണ്ടായിട്ടില്ലല്ലോ .)
ഐ എഫ് എഫ് കെയിലെ സമാന്തര ഓപൺ ഫോറവും സൈൻസ് മേളയും നടക്കുന്നത് രാശി വെച്ചറിഞ്ഞ് കസേര നിറച്ച് കൊടുക്കാത്തതിന് പഴി ഫിലിം സൊസൈറ്റി പ്രവർത്ത്കർക്ക്.ഐ എഫ് എഫ് കെ സംഘാടനത്തിൽ എഫ് എഫ് എസ് ഐക്ക് പങ്കാളിത്തമില്ലാതായതും സൈൻസ് മേള ഒരുക്കുന്നതിൽ സൊസൈറ്റികളെ വിളിച്ച് കൂട്ടാത്തതും എന്ത് കൊണ്ടെന്ന് സത്യസന്ധമായി അറിയിക്കാൻ തയ്യാറാകാത്തത് എന്ത് കൊണ്ടാണ്?
ഫെഡറേഷന്റെ കേന്ദ്രസംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് നാം അറിഞ്ഞിട്ട് എത്ര വർഷമായി! കേന്ദ്ര ഓഫീസ് സഞ്ചരിച്ച് തുടങ്ങിയതും ഈരണ്ട് വർഷങ്ങൾ കൂടുമ്പോൾ അത് എങ്ങോട്ടൊക്കെയാണ് നീങ്ങുന്നത്? ആരാണ് പ്രസിഡന്റ്? ആരാണ് ജനറൽ സെക്രട്ടറി? എന്നൊക്കെ നമ്മളാരെങ്കിലും അറിയുന്നുണ്ടോ? കേന്ദ്ര ഓഫീസിന്റേയും റീജണൽ ഓഫീസിന്റേയും പ്രവർത്തനം സൊസൈറ്റികളെ അറിയിക്കേണ്ടത് സബ് റീജണൽ ഓഫീസാണെന്നാണ് അറിയുന്നത്. സ്വന്തം പ്രവർത്തനങ്ങൾ പോലും പങ്കിടാത്തവർ അതിനപ്പുറം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത് മൗഡ്യമാണ്. എന്നിട്ടും ഓഫീസ് പ്രവർത്തനത്തിനുള്ള ചെലവിന് ഒരു കുറവുമില്ല.വാടകയ്ക്ക് ഓഫീസും ശംബളം പറ്റുന്ന അസിസ്റ്റന്റും കമ്പ്യൂട്ടറും ബ്രോഡ്ബാന്റ് ഇന്റെർനെറ്റോട് കൂടിയ ടെലിഫോണും ഏർപ്പെടുത്തി ഒരു എഴുത്ത് പോലും അയക്കാൻ കഴിയാതെ അവിടെ എന്താൺ നടക്കുന്നത്? എങ്ങനെയാൺ ഇത്രയും ചെലവ് വരുന്നത്?
സെൻട്രൽ കൗൺസിൽ യോഗം കഴിഞ്ഞ് സപ്തമ്പർ ആദ്യ വാരത്തിൽ ഫെഡറേഷന്റെ വെബ്സൈറ്റ് കാലികവും വിപുലവുമായി പരിഷ്ക്കരിക്കുമെന്ന് വാർഷിക പൊതുയോഗത്തിൽ റീജണൽ കൗൺസിലിന്റെ നിരീക്ഷകൻ ശ്രീ. രാജന്റെ വാഗ്ദാനം മറന്നിട്ടില്ലെന്ന് വിശ്വസിക്കുന്നു.എന്നാൽ വെബ്സൈറ്റിന്റെ ഒരു ഇഴ പോലും കാണാനില്ല.കേരള ഘടകത്തിന്റെ സൈറ്റും പരിഷ്ക്കരിക്കുമെന്നും ഓരോ സൊസൈറ്റിക്കും പ്രത്യേക പേജുണ്ടാക്കി അതുമായി ലിങ്ക് ചെയ്ത് തമ്മിൽ തമ്മിലുള്ള ആശയവിനിമയം സജീവമാക്കുമെന്നുള്ള ഉറപ്പും പാലിക്കപ്പെട്ടില്ല.
ഇങ്ങനെയൊക്കെയാണെങ്കിൽ ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റീസ് ഒഫ് ഇന്ത്യ എന്ന സംഘടന ആവശ്യമുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.ഫെഡറേഷന് സമാന്തരമായി പ്രവർത്തിക്കുന്നുവെന്ന ആക്ഷേപം കൊണ്ട് നാല്പത് വർഷം മുൻപ് പ്രവർത്തനം അവസാനിപ്പിച്ച ‘അഫ്സിക്’(അസോസിയേഷൻഒഫ് ഫിലിം സൊസൈറ്റീസ് ഇൻകേരള ) കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ സുവർണ ജൂബിലി വർഷത്തിൽപുനരുജ്ജീവിപ്പിക്കേണ്ടിവരുമോ?
കഴിഞ്ഞ വാർഷിക പൊതുയോഗത്തിന്റെ ഉച്ചഭക്ഷണം വരെയുള്ള നടപടികൾ എല്ലാവരും ഓർക്കുന്നുണ്ടാകണം. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടേയാണല്ലൊ പിരിഞ്ഞത്. അതിന് ശേഷം വീണ്ടും ചേർന്നപ്പോൾ തെരഞ്ഞെടുക്കപ്പെട്ട കൗൺസിലംഗൾക്ക് പുറമേ വിരലിൽ എണ്ണാവുന്നവർ മാത്രമാണ് ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പോടെ തങ്ങളുടെ ദൗത്യം പൂർണമായി എന്ന് അംഗങ്ങൾ കരുതിയതിൽ തെറ്റില്ല. തങ്ങൾക്ക് വോട്ട് ചെയ്യണമെന്ന് മാത്രമാണല്ലൊ ആവശ്യപ്പെട്ടിട്ടുണ്ടാകുക.ബാക്കിയുള്ള അജണ്ടകളൊന്നും തന്നെ പരിഗണിക്കാതെ പൊതുയോഗം അവസാനിച്ചുവെന്ന നിലയിൽ കൗൺസിലിലേക്ക് നാമനിർദ്ദേശം ചെയ്യാനും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനും ധൃതികാട്ടിയത് എന്തിനായിരുന്നു? തെരഞ്ഞെടുപ്പിലെ കൃത്രിമങ്ങളൊക്കെ വെളിപ്പെടുമെന്ന് ഭയന്നിട്ടോ?
ഇപ്പഴും ഗ്രാന്റിനുള്ള ശ്രമത്തിലാണോ കേരള ഓഫീസ്? അങ്ങോട്ടേക്ക് എഴ്ത്തയച്ചാലോ ഇ മെയിൽ അയച്ചാലോ അവിടെ കിട്ടില്ല അല്ലെങ്കിൽ വിലാസക്കാർ സ്ഥലം വിട്ടു എന്ന കുറിപ്പോടെ തപാൽ വകുപ്പ് അവരുടെ കൃത്യനിർവഹണം നടത്തും.
ആർക്കെങ്കിലും എന്തെങ്കിലും വിവരം അറിയാമെങ്കിൽ അത് ഞങ്ങൾക്ക് കൂടി ലഭ്യമാക്കണമെന്ന് അഭ്യർഥിക്കുന്നു.
പ്രസിഡന്റ്
സർഗ്ഗ ഫിലിം സൊസൈറ്റി.
5-3-2015
No comments:
Post a Comment