Friday, 26 August 2016

നിങ്ങൾക്ക് ഒന്നും പറയാനില്ലേ?
ദശാബ്ദങ്ങൾ പഴക്കമുള്ള ഒരു സാംസ്ക്കാരിക പ്രസ്ഥാനത്തിന്റെ ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ കഴിഞ്ഞ രണ്ട് വർഷമായി നടത്തി വന്ന യത്നം ചേഞ്ച്. ഓർഗിലെ ഒരു ഹരജിയിലൂടെ ഇപ്പോൾ പൊതുസമൂഹത്തിന് മുന്നിലെത്തിച്ചിരിക്കുകയാണ്. എന്നാൽ ഗൌരവമായി പരിഗണിക്കേണ്ട ഒരു വിഷയമായി ആരും അതേറ്റെടുത്തിട്ടില്ല. ചില സൌഹ്രുദ സംഭാഷങ്ങളിലെ പ്രതികരണങ്ങൾ നിരുത്സാഹകരമായിരുന്നു. “അധികാര പ്രമത്തരായവരോട് മല്ലടിച്ചിട്ടെന്ത് ഫലം?”, ആരുടെയും സഹായമില്ലാതെ തന്നെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുമ്പോൾ ‘കാലഹരണപ്പെട്ട’ തർക്കങ്ങൾക്ക് സമയം കളയുന്നതെന്തിന്?”, “അപ്രിയ സത്യങ്ങൾ ഉണർത്തി വെറുതേ എന്തിന് അപ്രീതി സമ്പാദിക്കണം?” തുടങ്ങിയ സൌകര്യപൂർവ്വമായ ഒഴിഞ്ഞുമാറലുകളാണ് കേട്ടത്. വിറക് വെട്ടികളും വെള്ളം കോരികളും പ്രതികരിക്കതിരിക്കുന്നത് സ്വാഭാവികം. അനർഹമായ ആനുകൂല്യങ്ങളും ഉപഹാരങ്ങളും അനുഭവിച്ചവർ ക്ര്തജ്ഞതാഭാവത്തിൽ മൌനം തേടുന്നതിലും അത്ഭുതമില്ല. എന്നാൽ നിഷ്പക്ഷമതികൾക്ക്, വിമർശനമാണെങ്കിൽ‌പ്പോലും, ഇതിൽ ഒന്നും പറയാതിരിക്കാൻ കഴിയുമോ?

സാഹസികമായ സന്നദ്ധപ്രവർത്തനങ്ങളിലൂടെ വളർന്ന് വന്നതാണ് ഫിലിം സൊസൈറ്റി പ്രസ്ഥാനം. സമൂഹത്തിലും ചലച്ചിത്രകലയിലും അതുണ്ടാക്കിയ സ്വാധീനവും പരിവർത്തനവും നിർണ്ണായകമായിരുന്നു. അതിന്റെ അംഗീകാരമായിട്ടാണ് സെൻസർഷിപ്പിൽ നിന്ന് മുക്തിയും സർക്കാരിന്റെ ചലച്ചിത്രസംരംഭങ്ങളിൽ പ്രാതിനിധ്യവും കേന്ദ്രസംസ്ഥാനസർക്കാരുകളുടെ സാമ്പത്തിക സഹായവുമെല്ലാം അതിന് ലഭിച്ച് വരുന്നത്. സത്യജിത് റായിയെപ്പോലുള്ള മഹാരഥന്മാരാണ് രാജ്യത്തെ ഫിലിം സൊസൈറ്റികളുടെ ഏകോപനത്തിനും അവയുടെ വികസനവും വ്യാപനവും ആരോഗ്യകരമാക്കുന്നതിനും വേണ്ടി 1959 ൽ ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റീസ് ഒഫ് ഇന്ത്യ രൂപീകരിച്ചത്. ഫെഡറേഷന്റെ നാല് മേഖലാ കാര്യാലയങ്ങളും കേരളത്തിലൊഴിച്ചുള്ള ഫിലിം സൊസൈറ്റികൾ മിക്കതും നഗരകേന്ദ്രീക്ര്തമായിരുന്നതിനാൽ ഒരു വരേണ്യസ്വഭാവം അവയ്ക്കുണ്ടായിരുന്നെങ്കിലും ഒരു അയഞ്ഞ ജനാധിപത്യക്രമം അതിൽ നിലനിന്നിരുന്നു. കേരളത്തിലെ പ്രസ്ഥാനത്തിന്റെ സവിശേഷമായ പ്രവർത്തനരീതിക്ക് അനുയോജ്യമായി ഫെഡറേഷനെ മാറ്റുക പ്രായോഗികമല്ല എന്ന തിരിച്ചറിവിൽ നിന്നാ‍ണ് ഫെഡറേഷനകത്ത് തന്നെ കേരളത്തിന് പ്രത്യേകമായ ഒരു ഓഫീസ് വേണമെന്ന ആവശ്യം ശക്തമായത്. 1980മുതൽ കേന്ദ്രനേത്ര്ത്വവുമായി നടന്ന സംവാദങ്ങളുടെ ഫലമായി 1985ൽ തിരുവനന്തപുരത്ത് സംസ്ഥാന തല ഓഫീസ് അനുവദിക്കപ്പെട്ടു. അന്ന് അതിന്റെ സാരഥ്യത്തിൽ എത്തിയവരുടെ പ്രവർത്തനശൈലി നിലനിന്നിരുന്ന ഫെഡറേഷൻ ശൈലിയിൽ നിന്ന്‌ ഒട്ടും വ്യത്യസ്തമായിരുന്നില്ല. അതിൽ നിന്ന് വിഭിന്നവും ജനാധിപത്യപരവുമായ ഒരു നേത്ര്ത്വം ഉണ്ടാകണമെന്ന പൊതുവികാരം മുതലാക്കി വ്യത്യസ്തവും ജനകീയവുമെന്ന സ്വയം പ്രഖ്യാപിത വിശേഷണത്തോടെ തങ്ങൾ തന്നെ സ്ര്ഷ്ട്ടിച്ച കടലാസ് സംഘങ്ങളുടെ പിൻബലത്തോടെ  സ്ഥാനം കയ്യടക്കി അത് അട്ടിപ്പേറായി ഇന്നും കയ്യാളുകയാണ് ചിലർ. അവരുടെ വ്യക്തിപ്രഭാവം വളർത്തുന്നതിനുള്ള അരങ്ങായി ഉപയോഗപ്പെടുത്തിയതല്ലാതെ പ്രസ്ഥാനത്തിന്റെ പൊതുനന്മക്കായി പ്രവർത്തനമൊന്നും ഉണ്ടായിരുന്നില്ലെന്നതിന്റെ തെളിവ് തൊണ്ണൂറുകളിൽ കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനം ഏതാണ്ട് അസ്തമിച്ചു എന്നത് തന്നെയാണ്.കേന്ദ്രനേത്ര്ത്വത്തെ പോലെതന്നെ സർക്കാരിന്റെ ആനുകൂല്യങ്ങളും   സൌജന്യങ്ങളും അനുഭവിക്കാനും സർക്കാർ സംരംഭങ്ങളിൽ പ്രതിനിധ്യം നേടാനുമുള്ള വ്യഗ്രതയല്ലാതെ അവകാശപ്പെടുന്നത് പോലെ വ്യത്യസ്തവും ജനകീയവുമായ ഒരു പ്രവർത്തനവും ഉണ്ടായിരുന്നില്ലെന്നതാണ് സത്യം.പുതിയ നൂറ്റാണ്ടിൽ പ്രസ്ഥാനത്തിന് പുനരുജ്ജീവനമുണ്ടായതിന് നന്ദി പറയേണ്ടത് ഡി വി ഡി, മൾടിമീഡിയ പ്രൊജക്റ്റർ, ഇന്റർനെറ്റ് തുടങ്ങിയ സാങ്കേതിക വികാസത്തോടാണ്. പുനർജന്മത്തിൽ അതിന്റെ സജീവതയും സർവ്വവ്യാപിത്വവും അതിശയിപ്പിക്കുന്നതായിരുന്നു. പുതിയൊരു തലമുറയുടെ ചലച്ചിത്രത്തോടുള്ള അഭിനിവേശവും നിസ്വാർത്ഥമായ പ്രയത്നവും കൊണ്ടാണ് അതൊക്കെ സാധിതമായിട്ടുള്ളത് എന്നും വിസ്മരിച്ച് കൂടാ. മഹത്താ‍യ ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാകാനുള്ള ആവേശത്തിൽ പലരും ഫെഡറേഷന്റെ അംഗത്വവും തേടി. പ്രതീക്ഷിച്ചതിൽ നിന്നും ഭിന്നമായ കാര്യങ്ങളാണ് അകത്തെന്ന് മനസ്സിലാക്കി പിൻ‌വാങ്ങാൻ അധിക താമസമൊന്നുമുണ്ടായില്ല. അവരുടെയെല്ലാം അംഗബലമാണ് ഫെഡറേഷൻ പ്രവർത്തനത്തിന്റെ മികവായി ഇപ്പോഴും ആഘോഷിക്കുന്നത്.അതൊക്കെ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാരിൽ നിന്ന് 2011ൽ 50ലക്ഷം രൂപ ധനസഹായം നേടിയെടുത്തത്. അത് സൊസൈറ്റികളുമായി പങ്ക് വെക്കുന്നതിൽ യുക്തിസഹവും നീതിപൂർവ്വവുമായ മാനദണ്ഡങ്ങൾ നിർദ്ദേശിക്കപ്പെട്ടിരുന്നെങ്കിലും ഏതാനും ചിലരുടെ സ്വയം പ്രകാശനത്തിനും, പിന്തുണക്കുന്നവരെ പ്രീതിപ്പെടുത്തി കൂടെ നിർത്താനും, തലയെണ്ണൽ വരുമ്പോൾ വിജയിക്കാൻ കടലാസ് സംഘങ്ങളെ നിലനിർത്താനും, ഭിന്നാഭിപ്രായങ്ങളുടെ വായടപ്പിക്കാനും ധൂർത്തടിക്കുകയായിരുന്നു ഈ പണമെല്ലാം. ഒരു വർഷം സർക്കാർ സഹായം പകുതിയായി കുറച്ചപ്പോൾ ഒരു രാഷ്ട്രീയ നേതാവിന് കോഴ കൊടുത്ത് ബാക്കി പകുതി കൂടി നേടാമെന്ന ഒരു വാഗ്ദാനം പ്രസ്ഥാനത്തിനകത്ത് നിന്നുള്ള ഒരാളിൽ നിന്നുമുണ്ടായത് സ്വീകരിക്കണമോ വേണ്ടയോ എന്ന് സംശയിച്ചത് പോലും ധാർമ്മികമായ ഛ്യുതിയെയാണ് സൂചിപ്പിക്കുന്നത്. ഇതിനെയൊക്കെ യുക്തമായ വേദികളിൽ എതിർക്കുന്നവരെ ക്ര്ത്രിമ സംഘബലം കൊണ്ടാണ് നിശ്ശബ്ദരാക്കിയിട്ടുള്ളത്; അല്ലെങ്കിൽ പ്രലോഭനങ്ങളിലൂടെ. 25 വർഷം മുൻപ് ഫെഡറേഷന്റെ നേത്ര്ത്വത്തിലേക്ക് കയറിപ്പറ്റിയതും ഇപ്പോഴും അവിടെ തുടരുന്നുതിനും പയറ്റിയ കുതന്ത്രങ്ങൾ എന്തൊക്കെയായിരുന്നെന്ന് അതിന് കൂട്ടുനിന്നവർ തന്നെ ഇപ്പോൾ വെളിപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്.ദുഷിച്ച ഈ നേത്ര്ത്വത്തെ മാറ്റണമെന്ന ശക്തമായ വികാരം 27-7-2014 ൽ ചേർന്ന വാർഷിക പൊതുയോഗത്തിലുയർന്നപ്പോൾ അത് വിജയിക്കാതിരിക്കാൻ പയറ്റിയതും അതേ അടവുകൾ തന്നെയായിരുന്നു. അതിനെതിരെ ഫെഡറേഷന്റെ കേന്ദ്രനേത്ര്ത്വത്തിന് ഫെഡറേഷന്റെ നിയമാവലിക്ക് വിധേയമായി ഒരു പരാതി, 1975ൽ രൂപീക്ര്തമായ പയ്യന്നൂരിലെ സർഗ്ഗ ഫിലിം സൊസൈറ്റി 31-7-‘14ന് സമർപ്പിക്കുകയുണ്ടായി. അത് കൈപ്പറ്റിയെന്ന് അറിയിച്ചതല്ലാതെ മാസങ്ങളോളം നടപടിയൊന്നുമുണ്ടായില്ല. നിർബ്ബന്ധം സഹിക്കാഞ്ഞ് 2015 മാർച്ചിൽ അതിന്മേൽ നടപടിയാരംഭിച്ചു. പരാതിക്കാരനെ പിന്തിരിപ്പിക്കാനായിരിക്കണം, നാഗ്പൂരിൽ ചേരുന്ന ഫെഡറേഷന്റെ സെന്റ്രൽ എക്സിക്യുട്ടീവ് കമ്മിറ്റി മുൻപാകെ സ്വന്തം ചെലവിൽ ഹാജരായി പരാതി ബോധിപ്പിക്കണമെന്ന അറിയിപ്പായിരുന്നു അത്. ഏത് നടപടിക്രമപ്രകാരമാണ് കേൾക്കാൻ അധികാരമില്ലാത്ത ഒരു സ്ഥാനത്തിനെ പരാതി കേൾപ്പിക്കേണ്ടതെന്നും അതും ക്ര്ത്രിമമായ മാർഗ്ഗത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടവർ കൂടി ഉൾപ്പെടുന്ന ഒരു സമിതി മുൻപാകെയും എന്ന ചോദ്യമുന്നയിച്ച് അത് നിരസിച്ചു. അതേ തുടർന്ന് ഒരു അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിക്കൊണ്ട് കമ്മിറ്റിയിൽ തീരുമാനമുണ്ടായി. ഫെഡറേഷന്റെ ആസ്ഥാനം കൊൽക്കത്തയിലായതിനാൽ legal jurisdiction കൊൽക്കത്തയാണെന്നും അത് കൊണ്ട് അന്വേഷണം കൊൽക്കത്തയിൽ തന്നെ ആരംഭിക്കണമെന്നും പിന്നീട് വേണമെന്ന് തോന്നിയാൽ ദക്ഷിണേന്ത്യയിലും അന്വേഷണം തുടരുമെന്നും അന്വേഷണത്തിൽ പങ്കെടുക്കാൻ  കൊൽക്കത്തയിൽ എത്താൻ സൌകര്യമുള്ള തീയതി അറിയിക്കണമെന്ന ഔദാര്യവും അനുവദിക്കപ്പെട്ടു. ഒരു കോടതിനടപടിക്കാണ് പരാതിക്കാരൻ ശ്രമിക്കുന്നതെങ്കിൽ മാത്രമേ ലീഗൽ ജൂറിസ്ഡിക്ഷൻ കൊൽക്കത്തയാണെന്ന വാദം സംഗതമാവുകയുള്ളൂ എന്നും പരാതിക്കാരും ആരോപണവിധേയരും സംഭവം നടന്ന സ്ഥലവും സാക്ഷികളും തെളിവുകളായി പരിശോധിക്കപ്പെടേണ്ട രേഖകളും എല്ലാം കേരളത്തിലായതിനാൽ അന്വേഷണം കേരളത്തിൽ തന്നെ നടത്തണമെന്ന് അഭ്യർത്ഥിച്ചെങ്കിലും കൊൽക്കത്തയിൽ നടപടി ആരംഭിച്ച് ആവശ്യമെങ്കിലേ പുറത്തേക്ക് പോവുകയുള്ളൂ എന്ന്‌ ശഠിച്ച് നിൽക്കുക തന്നെ ചെയ്തു. ആയിടെയാണ് ഈ അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട രണ്ട് പേരും ഭരണഘടനാ പരിഷ്ക്കാര സമിതി യോഗത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തുന്നുണ്ടെന്ന് മനസ്സിലാക്കിയത്. ഭരണഘടന ലംഘിച്ചതിന് അന്വേഷണം നേരിടുന്ന ഓഫീസിന്റെ പ്രതിനിധിയെ ഭരണഘടനാ പരിഷ്ക്കരണ സമിതിയിൽ ഉൾപ്പെടുത്തിയതും അതിന്റെ തന്നെ ആതിഥ്യത്തിലാണ് സമിതി ചേരുന്നതുമെന്നുള്ള വിരോധാഭാസം വിസ്മരിച്ചുകൊണ്ട് ആ സമിതി ചേരുന്നതിന് തൊട്ടടുത്ത ദിവസങ്ങളിൽ അന്വേഷണം നടത്തണമെന്ന അഭ്യർത്ഥന സ്വീകരിക്കപ്പെട്ടു. അന്വേഷണം ഒരു പ്രഹസനമാക്കി പരാതികൊണ്ടുള്ള ശല്യം ഒഴിവാക്കാനുള്ള തന്ത്രമായിരുന്നു അതെന്ന് പിൽക്കാല നടപടികളിലാണ് ബോദ്ധ്യമാകുന്നത്. 15-6-2015ന് തിരുവനന്തപുരത്ത് നടക്കുന്ന അന്വേഷണത്തിൽ ഹാജരാകാൻ  പരാതിക്കാർക്കും സാക്ഷിയായി പങ്കെടുക്കാൻ ആരോപിതരായവർക്കും അറിയിപ്പ് ലഭിച്ചു. ആരോപിതരായവർ സാക്ഷികളാകുന്നതിന്റെ അനൌചിത്യം പരാതിക്കാരും ഫെഡറേഷന്റെ തന്നെ ഒരു കേന്ദ്ര ഭാരവാഹിയും ചൂണ്ടിക്കാണിച്ചുവെങ്കിലും അത് ഗൌനിക്കാതെ നടപടികൾ തുടരുകയാണ് ചെയ്തത്. 500 കിലോമീറ്ററോളം യാത്രചെയ്ത് അന്വേഷണ സംഘം മുൻപാകെ ഹാജരായപ്പോൾ ആരോപിതരായവരോ സാക്ഷികളോ തെളിവ് രേഖകളോ ഒന്നുമില്ലാതെ പരാതിക്കാരനുമായി ഒരു സൌഹ്ര്ദ ചർച്ച  നടത്താനേ ഉദ്ദേശമുള്ളൂ എന്ന അറിയിപ്പാണുണ്ടായത്. അതിനോട് വിയോജിച്ചപ്പോൾ, നാമെല്ലാം സന്നദ്ധപ്രവർത്തകരാണെന്നും കർക്കശമായ നടപടി ക്രമങ്ങളിലൂടെ പരസ്പരം പോരടിച്ച് ഭിന്നിക്കേണ്ടവരല്ലെന്നും പരാതിയുടെ വികാരം കേന്ദ്ര നേത്ര്ത്വം ഉൾക്കൊണ്ടിട്ടുണ്ടെന്നും നിങ്ങൾക്ക് അനുകൂലമായ ഒരു റിപ്പോർട്ടാണ് ഉണ്ടാകാൻ പോകുന്നതെന്നും അനുനയിപ്പിക്കാൻ ശ്രമമുണ്ടായി. അത് സ്വീകരിക്കാതെ നടപടിക്രമങ്ങൾ പാലിച്ച് കൊണ്ട് അന്വേഷണം നടത്തണമെന്ന് ശഠിച്ചപ്പോൾ എതിർ ഭാഗത്ത് നിന്ന് പങ്കെടുക്കേണ്ടയാൾക്ക് ഉച്ചക്ക് 2മണി വരെ അസൌകര്യമുണ്ടെന്നും അടുത്ത ദിവസം കൊൽക്കത്ത ഹൈക്കോടതിയിൽ ഫെഡറേഷനെതിരെയുള്ള ഒരു കേസിൽ അന്വേഷണസംഘത്തിൽ പെട്ട ജനറൽ സെക്രട്ടറിക്ക് ഹാജരാകേണ്ടത് കൊണ്ട് ഉച്ചക്ക് ശേഷം തന്നെ തിരിച്ച് പോകേണ്ടതുണ്ടെന്നും അയാളെ കാത്ത് അന്വേഷണം പൂർത്തിയാക്കാൻ നിർവ്വാഹമില്ലെന്നും നേരത്തേ വാഗ്ദാനം ചെയ്തത് പോലെ പരാതിക്കാർക്ക് അനുകൂലമായ റിപ്പോർട്ട് തന്നെയുണ്ടാകുമെന്ന് ആവർത്തിക്കുകയും ചെയ്ത്  പ്രഹസനം അവസാനിപ്പിക്കുകയാണുണ്ടായത്.നാല്പത്തഞ്ച് ദിവസം കഴിഞ്ഞ് ‘നടക്കാത്ത അന്വേഷണത്തെ‘ സംബന്ധിച്ച് കെട്ടിച്ചമച്ച ഒരു റിപ്പോർട്ട് പ്രസിഡന്റിന് സമർപ്പിച്ചതായും പ്രസിഡന്റ് അത് ആധാരമാക്കി പരാതി തള്ളുകയും അതിൽ അത്ര്പ്തിയുണ്ടെങ്കിൽ കോടതിയെ സമീപിച്ചോളൂ എന്നൊരു ഉപദേശവും ഉൽക്കൊള്ളിച്ച് ഒരു ഉത്തരവ് പുറപ്പെടുവിച്ചതായും അവയുടെ ഇ മെയിൽ പകർപ്പ് 31-7-’15ൽ അയച്ച് തന്ന് അറിയിക്കുകയുണ്ടായി. വ്യാജമായ റിപ്പോർട്ട് തള്ളണമെന്നും അസത്യത്തിലൂന്നിയുള്ള ഉത്തരവ് പുന:പരിശോധിക്കണമെന്നും കാണിച്ച് ഒരു ഹരജി ഉടൻ 21-8-2015ൽ തന്നെ സമർപ്പിക്കുകയുണ്ടായി. അത് കൈപ്പറ്റിയതായിപ്പോലും അറിയിക്കാതെ അവഗണിച്ചു. തുടർന്ന്, ഫെഡറേഷന്റെ ഏറ്റവും ഉന്നതമായ സമിതിയും അപ്പീൽ കേൾക്കാൻ അധികാരമുള്ള സ്ഥാനവുമായ സെന്റ്രൽ കൌൺസിലിന് ഒരു അപ്പീൽ ബോധിപ്പിച്ചു. അതിനും പുന:പരിശോധനാ ഹരജിയുടെ ഗതി തന്നെയാണുണ്ടായത്. തുടർന്ന് അപ്പീലുമായി സെന്റ്രൽ കൌൺസിൽ അംഗങ്ങളെ വ്യക്തിപരമായി ഉണർത്തിക്കാൻ അവരെ ബന്ധപ്പെടാനുള്ള വിലാസങ്ങൾ ആരാഞ്ഞെങ്കിലും അതും അവഗണിക്കുകയാണുണ്ടായത്. ഈ സാഹചര്യത്തിലാണ് ഈ പ്രശ്നങ്ങൾ പൊതുസമൂഹം മുൻപാകെ എത്തിക്കാൻ ചേഞ്ച്.ഓർഗ് എന്ന വേദിയിലൂടെ ശ്രമിച്ചിട്ടുള്ളത്. അതിലെ ഹരജിയിൽ ലക്ഷം പേർ ഒപ്പിട്ടത് കൊണ്ടോ ആരും ഒപ്പിട്ടില്ലെങ്കിലോ മാറ്റം ഉണ്ടാവണമെന്നില്ല. സ്വേഛാപരമായ പ്രവർത്തികൾ ചെറുക്കാൻ ആ സംഘടനക്ക് അകത്തുള്ളവർ തന്നെ പോരാടണം. അതിന് അവർക്ക് ശേഷിയുണ്ടാകാൻ സത്യങ്ങൾ പുറത്ത് വരണം. പൊതു ചർച്ചയിലൂടെ ഉരുത്തിരിയുന്ന ആശയങ്ങൾ നിശ്ചേഷ്ടയായിരിക്കുന്നവരുടെ മേൽ സമ്മർദ്ദമായി പതിയണം. അത് വഴി മാത്രമേ മാറ്റങ്ങൾ ഉണ്ടാകാൻ പോകുന്നുള്ളൂ എന്ന ഉത്തമ വിശ്വാസത്തിൽ ഗൌരവമായ ഒരു ചർച്ചയ്ക്ക്  വിധേയമാക്കാൻ ഇത്രയും കാര്യങ്ങൾ പൊതുജനസമക്ഷം സമർപ്പിക്കുന്നു.

No comments:

Post a Comment