Thursday, 21 August 2014

കൂട്ടായ്മ



സർഗ്ഗയിലെ ആദ്യകാലത്തേയും ഇപ്പോഴത്തേയും അംഗങ്ങളിൽ ചിലരെ മാത്രം ക്ഷണിച്ചുകൊണ്ട് ഒരൊത്തുകൂടലിന്‌ ചിലർ മുൻകയ്യെടുക്കുകയും ആഗസ്ത് 3ന്‌ അത് സംഭവിക്കുകയും ചെയ്തു. ആരംഭകാലത്ത് അംഗങ്ങളാവുകയും പി  ൽക്കാലത്ത് പല കാരണങ്ങളാൽ വിട്ടുപോയവരും, ഇപ്പോഴുമുള്ള ആറ്‌ പേരുമുൾപ്പെടെ മുപ്പതിലധികം പേരാണ്‌ ഒത്തുചേർന്നത്. മുംബൈയിലെ ഒരു വ്യവസായിയും മംഗലാപുരത്തെ ഒരു വ്യാപരിയും സേവനവിരാമത്തിന്‌ ശേഷം ബംഗലൂരുവിലും കോഴിക്കോടും വിശ്രമജീവിതം നയിക്കുന്ന രണ്ട് പേരും ഒഴിച്ചാൽ ബാക്കിയുള്ളവരെല്ലാം പയ്യന്നൂരും പരിസരത്തുമുള്ളവർ; സർഗ്ഗയുടെ വേദിയിലല്ലെങ്കിലും പരസ്പരം കാണുന്നവർ. ഒരു ആലോചനാവിഷയവുമില്ലാതെ ഇങ്ങനെയൊരു കൂടിച്ചേരലിന്‌ പ്രസക്തിയൊന്നുമില്ലെങ്കിലും ഏതാണ്ട് പകൽ മുഴുവൻ ഒരു പുഴയോര സുഖവാസകേന്ദ്രത്തിന്റെ തുറന്ന ഹാളിൽ ചെലവിട്ടു.ജീവിതയാത്രയിൽ പല വഴിയിലായവർ ഒരിടത്ത് ചേർന്നപ്പോഴുണ്ടായ അനൌപചാരിക അന്തരീക്ഷത്തിന്‌ ഉച്ചഭാഷിണിയുടെ ഉപയോഗത്തോടെ ചെറിയ ഭംഗമുണ്ടായി. പയ്യന്നൂരിന്റെ സാംസ്ക്കാരിക രംഗത്ത് നിർണ്ണായക സ്വാധീനമായിരുന്നു സർഗ്ഗയെന്നും സർഗ്ഗയിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് പുതിയ പ്രസ്ഥാനങ്ങളും പ്രഗല്ഭ വ്യക്തികളും ഉയിർകൊണ്ടിട്ടുണ്ടുമെന്ന   സംഘാടകന്റെ   ആമുഖഭാഷണത്തോടെ സർഗ്ഗയുമായുള്ള ബന്ധവും അതിന്റെ പ്രവർത്തനങ്ങളിൽ തങ്ങളുടെ പങ്കാളിത്തവും ഓരോരാളായി ഓർത്തെടുക്കുകയുണ്ടായി. തങ്ങളുണ്ടായിരുന്നപ്പോഴാണ്‌ സുവർണകാലമെന്നും തങ്ങൾ വിട്ടുപോയതോടെ നിലനില്പ് പോലും ഇല്ലാതായി എന്ന് ധ്വനിപ്പിക്കുന്നതുമായിരുന്നു പലരുടേയും അയവിറക്കൽ. മൺമറഞ്ഞയാളുടെ അപദാനങ്ങൾ വാഴ്ത്തുകയും സംസാരിക്കുന്നയാൾക്ക് അതിലുള്ള പങ്കാളിത്തം ഉറപ്പിക്കുകയും ചെയ്യുന്ന അനുശോചന ഭാഷണത്തിന്റെ ഛായയായിരുന്നു  അവയ്ക്ക്. ചരമഗീതമാലപിക്കുകയല്ല, സർഗ്ഗയെ എങ്ങിനെ കൂടുതൽ ക്രിയാത്മകമാക്കാം എന്നാണ്‌ ചർച്ച ചെയ്യേണ്ടത് എന്ന് ഒരാൾക്ക് അഭിപ്രായപ്പെടേണ്ടി വന്നത് ഈ സാഹചര്യത്തിലായിരുന്നു. സർഗ്ഗ ഇല്ലാതായിട്ടില്ലെന്നും ഭൂതകാല പ്രൗഡിയിൽ അഭിരമിക്കാതെ അതിന്റെ പങ്ക് അവകാശപ്പെടുന്നവർ അത് വീണ്ടെടുക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടോ എന്നും അതിന്‌ പരിപാടികൾ നിർദ്ദേശിക്കാ നുണ്ടോ എന്നും ചോദ്യമുയർന്നു. ചരമഗീതമല്ല ഒത്തുചേരൽ കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളതെന്നും ആ പ്രയോഗം ഖേദകരമാണെന്നും യോഗനിയന്ത്രകൻ ഇടപെട്ട് വ്യക്തമാക്കാൻ ശ്രമിച്ചു. എല്ലാവരുടേയും ഊഴം പൂർത്തിയായപ്പോൾ രണ്ട് മണി കഴിഞ്ഞു.


ഉച്ചഭക്ഷണത്തിന്‌ ശേഷം ഉച്ചഭാഷിണിയില്ലാതെ സൗഹൃദ സംഭാഷണങ്ങൾ തുടർന്നു. ചലച്ചിത്ര നിർമ്മാണത്തിലേർപ്പെട്ടും ചലച്ചിത്ര പഠന കോഴ്സുകൾ ആരംഭിച്ചും പ്രവർത്തനം മുന്നോട്ട് പോകാമെന്നും തന്നാലാവുന്ന സഹായങ്ങൾ വാഗ്ദാനം ചെയ്തതുമാണ്‌ ആകെ ഉണ്ടായ പ്രായോഗിക നിർദ്ദേശം.അതിനിടയിൽ സർഗ്ഗയിൽ നിന്ന് പുറത്താക്കപ്പെട്ട എന്നൊരു പ്രയോഗമുണ്ടായി. ഇതിന്‌ മറുപടിയെന്നോണം സർഗ്ഗയുടെ സെക്രട്ടറിയുടെ അത്യുച്ചത്തിലുള്ള പ്രതികരണം അന്തരീക്ഷം ഗൗരവതരമാക്കി. ആരേയും പുറത്താക്കിയിട്ടില്ലെന്നും സ്വയം വിട്ടുപോയവർക്ക് സർഗ്ഗയുടെ പേരിൽ യോഗം സംഘടിപ്പിക്കാൻ അവകാശമില്ലെന്നും സർഗ്ഗയുടെ സെക്രട്ടറിയായ തനിക്കാണ്‌ അതിനവകാശമെന്നുമായിരുന്നു പ്രസ്താവം. ഇത് കഴിഞ്ഞതോടെ യോഗനിയന്ത്രകൻ മറ്റൊരു യോഗത്തിൽ പങ്കെടുക്കാനുണ്ടെന്ന് അറിയിച്ച് സ്ഥലം വിടുകയും ചെയ്തു. ഒത്തുചേരൽ അങ്ങിനെ അനിശ്ചിതവും അപൂർണവുമായി അവസാനിച്ചു.800 രൂപയും ഒരു ഞായറാഴ്ചയും ഓരോരാൾക്കും നഷ്ടപ്പെട്ടു. വിമർശനങ്ങൾ വ്യക്തിപരമായ ആക്ഷേപമായി എടുത്തവർക്ക് ദിവസങ്ങൾ നീണ്ട ക്ഷീണവുമുണ്ടായത്രേ. എന്തിനായിരുന്നു ഈ ഒത്തുകൂടൽ എന്ന സംശയം ഇപ്പോഴും ബാക്കി. 
പി ടി രാമകൃഷ്ണൻ.        
21-8-'14                     

                                                                  

                                                                 

                                                                           

                                                                      

                                                                    

                                                                                                                                                              

                       

 

                                                                

                                                                                 

                                                                           

                                                                                        

                                                                                       

                                                            

 

 
 
 

1 comment:

  1. ഈ ബ്ളോഗ്‌ കണ്ടിട്ട്‌ കൂട്ടായ്മയിൽ പങ്കെടുത്ത ഒരു സുഹൃത്ത്‌ വിളിച്ച്‌ പറഞ്ഞത്‌ ഒടുവിൽ പ്രാൻചിയേട്ടൻ ആന്റ്‌ ദ സെയ്ന്റ്‌ എന്ന സിനിമ കൂടി കാണിക്കാമായിരുന്നു; എങ്കിൽ ആർക്കും ഒരു സംശയവും ഉണ്ടാകുമായിരുന്നില്ല എന്നായിരുന്നു. ആ സിനിമ കാണാത്തത്‌ കൊണ്ട്‌ എന്റെ സംശയം ഇപ്പോഴും ബാക്കി. p t ramakrishnaan

    ReplyDelete