Monday, 12 September 2016

ഇനി എഫ് എഫ് എസ് ഐ എന്തിനാണ്?


സാഹസികമായ സന്നദ്ധപ്രവർത്തനങ്ങളിലൂടെ വളർന്ന് വന്നതാണ് കേരളത്തിലെങ്കിലും ഫിലിം സൊസൈറ്റി പ്രസ്ഥാനം. സമൂഹത്തിലും ചലച്ചിത്രകലയിലും അതുണ്ടാക്കിയ സ്വാധീനവും പരിവർത്തനവും നിർണ്ണായകമായിരുന്നു. അതിന്റെ അംഗീകാരമായിട്ടാണ് സെൻസർഷിപ്പിൽ നിന്ന് മുക്തിയും സർക്കാരിന്റെ ചലച്ചിത്രസംരംഭങ്ങളിൽ പ്രാതിനിധ്യവും കേന്ദ്രസംസ്ഥാനസർക്കാരുകളുടെ സാമ്പത്തിക സഹായവുമെല്ലാം അതിന് ലഭിച്ച് വന്നത്. സത്യജിത് റായിയെപ്പോലുള്ള മഹാരഥന്മാരാണ് രാജ്യത്തെ ഫിലിം സൊസൈറ്റികളുടെ ഏകോപനത്തിനും അവയുടെ വികസനവും വ്യാപനവും ആരോഗ്യകരമാക്കുന്നതിനും വേണ്ടി ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റീസ് ഒഫ് ഇന്ത്യ രൂപീകരിച്ചത്. ഫെഡറേഷന്റെ നാല് മേഖലാ കാര്യാലയങ്ങളും, കേരളത്തിലൊഴിച്ചുള്ള ഫിലിം സൊസൈറ്റികൾ മിക്കതും നഗരകേന്ദ്രീകൃതമായിരുന്നതിനാൽ ഒരു വരേണ്യസ്വഭാവം അവയ്ക്കുണ്ടായിരുന്നെങ്കിലും ഒരു അയഞ്ഞ ജനാധിപത്യക്രമം അവയിലെല്ലാം നിലനിന്നിരുന്നു.
അല്പം ചരിത്രം 1937ൽ തന്നെ ബോംബേയിൽ ഫിലിം സൊസൈറ്റി പ്രവർത്തനം ആരംഭിച്ചിരുന്നുവെങ്കിലും സത്യജിത് റായ്, ചിദാനന്ദ ദാസ്ഗുപ്ത തുടങ്ങിയവരുടെ നേതൃത്വത്തിൽ കൽക്കത്ത ഫിലിം സൊസൈറ്റി രൂപീകരിച്ച 1947 തൊട്ടാണ് ഭാരതത്തിലെ ഫിലിം സൊസൈറ്റി പ്രവർത്തനത്തിന്റെ ചരിത്രം രേഖപ്പെടുത്താറുള്ളത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം പ്രവർത്തനമാരംഭിച്ച കൽക്കത്ത ഫിലിം സൊസൈറ്റിക്ക് പിന്നാലെ ബോംബേ, ദൽഹി, മദ്രാസ്, പാറ്റ്ന തുടങ്ങിയ നഗരങ്ങളിലും ഫിലിം സൊസൈറ്റികൾ രൂപം കൊണ്ടു.സ്വന്തം താല്പര്യങ്ങൾക്കും വിഭവങ്ങൾക്കും അനുസരിച്ച് ഒറ്റയ്ക്ക് പ്രവർത്തിച്ച് വന്ന ഈ സംഘങ്ങളെല്ലാം ഒരു കുടക്കീഴിലായത് 1959ൽ ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റീസ് ഒഫ് ഇന്ത്യ എന്ന ദേശീയ സംഘടനയുടെ രൂപീകരണത്തോടെയാണ്. സത്യജിത് റായ് ചിദാനന്ദ ദാസ്ഗുപ്ത എന്നിവരോടൊപ്പം അമ്മു സ്വാമിനാഥൻ, റോബർട് ഹോക്കിൻസ്, എസ് ഗോപാലൻ, വിജയ് മുലെയ് തുടങ്ങിയവരും ചേർന്നാണ് ഫെഡറേഷന് രൂപം നൽകിയത്.  ആരംഭം തൊട്ട് തന്‍റെ മരണം വരെയും  സത്യജിത് റായ് ആയിരുന്നു ഫെഡറേഷന്റെ പ്രസിഡണ്ട്. ഏതോ ഒരു ഘട്ടത്തിൽ ഫെഡറേഷന്റെ പ്രവർത്തനങ്ങളിൽ നിന്നും റായ് അകന്നിരുന്നു. പ്രധാനപ്പെട്ട യോഗങ്ങൾ കൽക്കത്തയിൽ നടന്നാൽ പോലും റായ് പങ്കെടുക്കാറില്ല. 1980ൽ കൽക്കത്തയിൽ സെന്റ്രൽ കൌൺസിൽ യോഗം ചേർന്നപ്പോൾ അദ്ധ്യക്ഷം വഹിക്കേണ്ട റായ് വരാതിരുന്നതിനാൽ ഈ ലേഖകനുൾപ്പെടെയുള്ള സെന്റ്രൽ കൌൺസിൽ അംഗങ്ങളെല്ലാം ഒരു ദിവസം റായിയെ അങ്ങോട്ട് പോയി കാണുകയായിരുന്നു. എങ്കിലും മരണം വരെ അദ്ദേഹത്തിന്റെ പേര് ഫെഡറേഷന്റെ പ്രസിഡണ്ട് സ്ഥാനത്ത് ഉപയോഗിക്കുന്നതിൽ എതിർപ്പൊന്നുമുണ്ടായിരുന്നില്ല. റായിയുടെ മരണശേഷം മൃണാൾ സെന്നും ശ്യാം ബെനെഗലും ഫെഡറേഷന്റെ പ്രസിഡന്റായിരുന്നിട്ടുണ്ട്.
1860ലെ സൊസൈറ്റീസ് റജിസ്റ്റ്രേഷൻ ആക്റ്റ് XXI പ്രകാരം റജിസ്റ്റർ ചെയ്ത എഫ് എഫ് എസ് ഐ കൽക്കത്തയിൽ റജിസ്റ്റേർഡ് ഓഫീസും ദൽഹി,ബോംബേ, മദ്രാസ്,കൽക്കത്ത എന്നിവിടങ്ങളിൽ ആസ്ഥാനങ്ങളുള്ള യഥാക്രമം വടക്ക്, പടിഞ്ഞാറ്, തെക്ക്, കിഴക്ക് മേഖലാ ഓഫീസുകളുമാ‍യാണ് പ്രവർത്തിച്ച് വന്നത്. ഓരോ മേഖലയിലെയും ഫിലിം സൊസൈറ്റികൾ വാർഷിക പൊതുയോഗം ചേർന്ന് 12 റീജ്യണൽ കൌൺസിൽ അംഗങ്ങളെ വീതം തെരഞ്ഞെടുക്കും. ഈ പന്ത്രണ്ട് പേർ ചേർന്ന്‌ 3 അംഗങ്ങളെ കൂടി അതിന്റെ കൂടെ തെരഞ്ഞെടുത്ത് ചേർക്കും. (ഏക)സബ്റീജ്യണൽ കൌൺസിലുള്ള കേരളം ഉൾപ്പെടുന്ന ദക്ഷിണമേഖലയിൽ ഇത് യഥാക്രമം 9 ഉം 3 ഉം ആണ്. സബ് റീജ്യണൽ കൌൺസിലിലേക്ക് ഏഴ് അംഗങ്ങളെ ദ്വൈവാർഷികപൊതുയോഗത്തിൽ തെരഞ്ഞെടുക്കുകയും ഈ ഏഴ് അംഗങ്ങൾ ചേർന്ന് രണ്ട് പേരെ കൂടി തെരഞ്ഞെടുത്ത് ചേർക്കുകയും ചെയ്യും. നാല് മേഖലകളിൽ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട റീജ്യണൽ കൌൺസിൽ അംഗങ്ങളും സബ് റീജ്യണൽ കൌൺസിൽ വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ എന്നിവരും ചേർന്ന 60 പേരടങ്ങുന്നതാണ് ഫെഡറേഷന്റെ ഏറ്റവും ഉന്നതമായ സമിതിയായ സെന്റ്രൽ കൌൺസിൽ. ഈ സമിതി ചേർന്ന് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്(ഓരോ മേഖലയിൽ നിന്നും ഓരോരാൾ) ജനറൽ സെക്രട്ടറി, സെക്രട്ടറി (4), ദേശീയ ട്രഷറർ എന്നിവരടങ്ങുന്ന കേന്ദ്രനിർവ്വാഹകസമിതി രൂപീകരിക്കും.
ഉദ്ദേശലക്ഷ്യങ്ങൾ  ചലച്ചിത്രത്തെ ഒരു കലയായും സമൂഹ്യശക്തിയുമായി പഠിക്കാനുള്ള ശ്രമങ്ങളെ മുന്നോട്ട് നയിക്കുക, കലാമൂല്യമുള്ള ചലച്ചിത്രങ്ങളുടെ നിർമ്മാ‍ണത്തെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കാനായി ഫിലിം സൊസൈറ്റികളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക, ശ്രേഷ്ഠമായതും, സമകാലീനവും വിശിഷ്ടവുമായതും  ലോകത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള രചനകളുടെ പ്രദർശനങ്ങൾ ഒരുക്കുന്നതിൽ പ്രത്യേകിച്ചും സഹായിക്കുക,  ചലച്ചിത്രസംബന്ധിയായ ഗവേഷണങ്ങൾക്ക് അവസരമുണ്ടാക്കുക, സമാനലക്ഷ്യങ്ങളുള്ള ദേശീയ അന്തർദ്ദേശീയ സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കുക എന്നിവയാണ് ഫെഡറേഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങൾ. രാജ്യത്താകെയുള്ള ഫിലിം സൊസൈറ്റികളെ അംഗങ്ങളാക്കുക, ഫിലിം സൊസൈറ്റികളുടെ രൂപീകരണത്തിനും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ അഭിവൃദ്ധിക്കും അംഗ സൊസൈറ്റികളിൽ നിന്നോ, മറ്റ് മാർഗ്ഗങ്ങളിലൂടെയോ സാമ്പത്തിക സഹായം, ദാനം, സംഭാവന, വരിസംഖ്യ മുതലായവ സ്വീകരിച്ച് നിധി യുണ്ടാക്കി അംഗങ്ങൾക്കിടയിൽ വിതരണം നടത്തുക, മ്യൂസിയം, പ്രസിദ്ധീകരണങ്ങൾ പുസ്തകങ്ങൾ എന്നിവയുടെ  ശേഖരം,രംഗമണ്ഡപങ്ങൾ എന്നിവ സ്ഥാപിച്ചും സജ്ജീകരിച്ചും, ചലച്ചിത്രസംബന്ധിയായ രചനകൾ, തർജ്ജമകൾ എന്നിവ സമാഹരിച്ചും കണ്ടെടുത്തും പ്രസിദ്ധീകരിക്കുകയോ വില്പന നടത്തുകയോ ചെയ്തും ഉദ്ദേശലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കണമെന്നാണ് സൊസൈറ്റി റജിസ്റ്റർ ചെയ്യാൻ സമർപ്പിച്ച മെമ്മോറാണ്ടം ഒഫ് അസോസ്യേഷനിൽ പ്രഖ്യാപിച്ചിട്ടുള്ളത്.
അംഗത്വം ഫെഡറേഷന്റെ ഉദ്ദേശലക്ഷ്യങ്ങളോട് അനുരൂപതയുള്ള, അംഗത്വത്തിന് നിശ്ചയിച്ചിട്ടുള്ള മറ്റ് വ്യവസ്ഥകൾ പാലിക്കുകയും ചെയ്യുന്ന, രാജ്യത്തെ ഏത് സംഘവും അപേക്ഷിച്ചാൽ അതത് മേഖലാ ഓഫീസുകൾ അസോസ്യേറ്റ് അംഗത്വം അനുവദിക്കും. അസോസ്യേറ്റ് അംഗത്വം ലഭിച്ച് 12 മാസമായാൽ പൂർണ്ണ അംഗത്വത്തിന് അപേക്ഷിക്കാം. ഈ കാലയളവിലെ പ്രവർത്തനം വിലയിരുത്തി റീജ്യണൽ/സബ് റീജ്യണൽ കൌൺസിൽ നൽകുന്ന ശുപാർശക്കനുസരിച്ച് കേന്ദ്രനിർവ്വാഹകസമിതിയാണ് അത് അനുവദിക്കുക. ഫെഡറേഷനിൽ അംഗത്വമുള്ള ഓരോ സംഘവും അതിലെ ഓരോ അംഗത്തിനും 4 രൂപ നിരക്കി(നിലവിലുള്ളത്)ൽ, ചുരുങ്ങിയത് 500 രൂപ, വാർഷിക വരിസംഖ്യ ഫെഡറേഷന് നൽകണം. ഇപ്രകാരം ഏപ്രിൽ 30നകം വരിസംഖ്യ അടച്ച സൊസൈറ്റികൾക്ക് മാത്രമേ ഫെഡറേഷനിൽ നിന്നുള്ള ആനുകൂല്യങ്ങൾക്കും,  വാർഷിക പൊതുയോഗങ്ങളിൽ വോട്ട് ചെയ്യാനും തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും അർഹതയുണ്ടാവുകയുള്ളൂ. ചുമതലകൾ റീജ്യണൽ/സബ് റീജ്യണൽ കൌൺസിലുകളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടവും ഏകോപനവും നടത്തുക,രാജ്യത്തിനകത്തും പുറത്തും നിന്ന് കൈമാറ്റത്തിലൂടെയോ ഇറക്കുമതി വഴിയോ ചിത്രങ്ങൾ ശേഖരിക്കുക, ഫിലിം സൊസൈറ്റി പ്രദർശനങ്ങൾക്ക് സെൻസർഷിപ്പ്, വിനോദനികുതി എന്നിവ ഒഴിവാക്കിക്കുക, ഫിലിം സൊസൈറ്റികളുടെ പ്രവർത്തനങ്ങൾക്ക് പ്രയോജനകരമായി വിദേശ എംബസ്സികളും കോൺസുലേറ്റുകളുമായി ചർച്ചകൾ നടത്തുക, ഫെഡറേഷന്റെ ലക്ഷ്യങ്ങൾ കൈവരിക്കാനും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കാ‍നുമായി കേന്ദ്രസംസ്ഥാന സർക്കാരുകളുമായോ തദ്ദേശഭരണ സ്ഥാപനങ്ങളുമായോ സംസാരിച്ച് ധാരണയിലെത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തേണ്ടത് ഫെഡറേഷന്റെ ചുമതലയാണ്.
ഇതൊന്നും വർഷങ്ങളായി കേന്ദ്രസംഘടന നിറവേറ്റുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ആസ്ഥാനവും ഭാരവാഹിസ്ഥാനങ്ങളും നഗരകേന്ദ്രീകൃതമായിരുന്നതിനാൽ ഒരു തരം വരേണ്യത ഫെഡറേഷൻ പ്രവർത്തനങ്ങളിൽ നിലനിന്നിരുന്നു എന്നതും വാസ്തവമാണ്. അംഗത്വമുണ്ടാകുന്നത് ഒരു സാമൂഹ്യമാന്യതയായി കണക്കാക്കുന്ന നഗരങ്ങളിലെ പൊങ്ങച്ച സംഘങ്ങളുടെ താല്പര്യങ്ങളാണ് അതിന്റെ പ്രവർത്തനങ്ങളിൽ പ്രതിഫലിച്ചിരുന്നത്. അൻപതും നൂറും അംഗങ്ങൾ മാത്രമുള്ള കേരളത്തിലെ ഗ്രാമങ്ങളിലേയും ചെറുപട്ടണങ്ങളിലേയും സംഘങ്ങൾ അവജ്ഞയോടെ അവഗണിക്കപ്പെടുകയായിരുന്നു. എംബസ്സികളിൽ നിന്നും മറ്റും ചിത്രങ്ങൾ ശേഖരിച്ച് നഗരങ്ങളിലെ വൻ അംഗസംഖ്യയുള്ള സംഘങ്ങൾക്കിടയിൽ വിതരണം നടത്തുകയും അതിനായി സെൻസർഷിപ്പിൽ നിന്ന്` ഒഴിവാക്കി വാങ്ങുകയുമായിരുന്നു ഫെഡറേഷൻ പ്രവർത്തനം. ചുരുക്കം അംഗങ്ങളുള്ള കൂടുതൽ സൊസൈറ്റികളുടെ പ്രദർശനം വഴി പ്രിന്റിന് സംഭവിക്കുന്ന തേയ്മാനം ഒഴിവാക്കി ചുരുങ്ങിയ പ്രദർശനത്തിലൂടെ കൂടുതൽ ആളുകൾ കാണുന്നതാണ് എംബസ്സികൾ കാംക്ഷിക്കുന്നത് എന്നൊരു ന്യായീകരണമാണ് ഇതിന് മുന്നോട്ട് വെക്കുക.ഫെഡറേഷന്റെ ഭാരവാഹിത്വം വഴി സർക്കാർ സംരംഭങ്ങളിൽ ലഭിക്കുന്ന പ്രാതിനിധ്യവും വിദേശ ചലച്ചിത്രമേളകളിൽ വിധികർത്താക്കളാകാനുള്ള അവസരവും നേടുക എന്ന വ്യക്തിഗത സങ്കുചിത ലക്ഷ്യത്തോടെയാണ് മിക്കവരും ഫെഡറേഷന്റെ ഭാരവാഹിയാകാൻ തിരക്ക് കൂട്ടുന്നത്. ആരംഭ നാളുകളിലുണ്ടായിരുന്ന ആത്മാർത്ഥതയും സമർപ്പണവുമൊക്കെ നഷ്ടപ്പെട്ടിട്ട് വർഷങ്ങളായി. തൊണ്ണൂറുകളുടെ ആദ്യവർഷങ്ങളിൽ തന്നെ വിദേശ എംബസ്സികളിൽ നിന്നുള്ള ചിത്രങ്ങളുടെ ലഭ്യത ഏതാണ്ട് അവസാനിച്ചു. അതോടെ ചിത്രങ്ങൾക്ക് സെൻസർഷിപ് ഒഴിവാക്കിയെടുക്കുകയും വിതരണം നടത്തുകയും ചെയ്യേണ്ട ബാദ്ധ്യതയും ഫെഡറേഷന് ഇല്ലാതായി. ചില യോഗങ്ങൾ ചേരുന്നതിന്റെ പേരിൽ നടക്കുന്ന വിനോദയാത്രകളും1 വിദേശ ചലച്ചിത്രമേളകളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾക്കുള്ള കാത്തിരിപ്പുമായി2 ചുരുങ്ങി ഫെഡറേഷന്റെ പിന്നീടുള്ള പ്രവർത്തനം.
കേരളരംഗം            കേരളത്തിലെ പ്രസ്ഥാനത്തിന്റെ സവിശേഷമായ പ്രവർത്തനരീതിക്ക് അനുയോജ്യമായി ഫെഡറേഷനെ മാറ്റുക പ്രായോഗികമല്ല എന്ന തിരിച്ചറിവിൽ നിന്നാ‍ണ് ഫെഡറേഷനകത്ത് തന്നെ കേരളത്തിന് പ്രത്യേകമായ ഒരു ഓഫീസ് വേണമെന്ന ആവശ്യം ശക്തമായത്. 1980 ഒക്റ്റോബർ 25,26 തീയതികളിൽ കൽക്കത്തയിൽ ചേർന്ന സെണ്ട്രൽ കൌൺസിൽ യോഗത്തിന് ശേഷം ഫെഡറേഷൻ പ്രസിഡന്റ് സത്യജിത് റായിയുമായി കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ(പ്രൊഫ.ആർ ശ്രീരാമമേനോൻ, അഡ്വ.എം കെ ശ്രീധരൻ, ഈ ലേഖകൻ) നടത്തിയ കൂടിക്കാഴ്ച്ചയിലാണ് കേരളത്തിന് ഫെഡറേഷന്റെ പ്രത്യേക ഓഫീസ് എന്ന ആശയം ഉദിച്ചത്. തുടർന്ന് 7-6-‘81ന് തിരുവനന്തപുരം മ്യൂസ്യം ഓഡിറ്റോറിയത്തിൽ ചേർന്ന കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ സംസ്ഥാനതല യോഗത്തിൽ ഫെഡറേഷന്റെ ഒരു പ്രത്യേക റീജ്യൺ കേരളത്തിന്‌ മാത്രമായി വേണമെന്ന ആവശ്യം ഒരു പ്രമേയം വഴി സെന്റ്രൽ കൌൺസിലിനോട് ആവശ്യപ്പെട്ടു.ഫെഡറേഷനിൽ അംഗത്വമുള്ള അൻപതിലധികം സൊസൈറ്റികൾ കേരളത്തിൽ അന്ന് ഉണ്ടെന്നും കേരളമൊഴിച്ചുള്ള ദക്ഷിണമേഖലയിലെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം കൂടി അത്രയും അംഗങ്ങളില്ലെന്നും, ഫെഡറേഷന്റെ മറ്റ്‌ മേഖകളിൽ പോലും അൻപതിനടുത്ത് അംഗബലമില്ലെന്നതുമായിരുന്നു നമ്മുടെ വാദത്തിന്റെ മുഖം. അതിന്റെ തുടർച്ചയായി 26-7-’81 ന്‌ മദിരാശിയിൽ ചേർന്ന ദക്ഷിണമേഖലാ വാർഷിക പൊതുയോഗത്തിൽ  ആ ആവശ്യം മേഖലാ കൗൺസിലിന്റെ ഔദ്യോഗിക പ്രമേയമായി അവതരിപ്പിക്കപ്പെടുകയും ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു. പക്ഷേ, ഈ പ്രമേയം അവതരിപ്പിക്കപ്പെട്ട  വാർഷിക പൊതുയോഗത്തിൽ പങ്കെടുക്കാൻ അർഹതയുള്ള 18 സൊസൈറ്റികളേ കേരളത്തിൽ ഉണ്ടായിരുന്നുള്ളൂ. രണ്ട് വർഷം തുടർച്ചയായി വരിസംഖ്യ അടക്കാത്തത് കാരണം 12 സൊസൈറ്റികളുടെ അംഗത്വം ഫെഡറേഷന്റെ നിയമാവലി പ്രകാരം പ്രസ്തുത യോഗത്തിന്‌ മുൻപ് റദ്ദ് ചെയ്യുകയുണ്ടായി. ബാക്കിയുള്ള 43ൽ യോഗ്യതയുള്ള 18 സൊസൈറ്റികളിൽ നിന്ന് ഒരു പ്രതിനിധി പോലും ആ യോഗത്തിൽ പങ്കെടുക്കുകയുണ്ടായില്ല. എങ്കിലും കേരളത്തിൽ നിന്നുള്ള കൗൺസിലംഗങ്ങളുടെ ശക്തമായ ഇടപെടൽ കൊണ്ടാണ്‌ അങ്ങിയനെയൊരു പ്രമേയം അംഗീകരിക്കപ്പെട്ടത്.അത്  അടുത്ത സെണ്ട്രൽ കൗൺസിൽ യോഗത്തിൽ  ദക്ഷിണമേഖലാ കൗൺസിലിന്റെ പ്രമേയമായി ഉന്നയിക്കാൻ തീരുമാനിക്കുകയും 1981 സപ്റ്റമ്പർ 15 മുതൽ 18 വരെ ചേർന്ന  സെണ്ട്രൽ കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കുകയും ചെയ്തു. മറ്റ് റീജ്യണുകളിൽ നിന്നുമുള്ള കടുത്ത എതിർപ്പുകൾക്കിടയിലും ആ പ്രമേയം സെണ്ട്രൽ കൗൺസിലിനെക്കൊണ്ട് അംഗീകരിപ്പിക്കുന്നതിൽ കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ വിജയിച്ചു. ഒരു പുതിയ റീജ്യൺ രൂപീകരിക്കുന്നത് ഭരണഘടനാഭേദഗതി ആവശ്യമുള്ള കാര്യമായതിനാൽ ഒരു ഭരണഘടനാഭേദഗതി ഉപസമിതി രൂപീകരിച്ച് അതിനനുസൃതമായ ഭേദഗതികൾ സമിതി നിർദ്ദേശിക്കണമെന്നും തീരുമാനിക്കുകയുണ്ടായി. ആ സമിതിയിൽ കേരളത്തെ പ്രതിനിധീകരിച്ച് ഇതെഴുതുന്നയാളെ ഉൾപ്പെടുത്തുകയും  16-1-‘82 ൽ (ഫിലിമോത്സവ്’82ന്റെ വേളയിൽ) കല്ക്കത്തയിലെ സെണ്ട്രൽ ഓഫീസിൽ വെച്ച് ഈ സമിതിയുടെ യോഗം ചേരുകയും ചെയ്തു. കേരളത്തിന്റെ വാദം യുക്തമായി ഉന്നയിക്കുകയുണ്ടായെങ്കിലും സമിതിയിലെ മറ്റ് രണ്ടംഗങ്ങളും പ്രത്യേക റീജ്യൺ അനുവദിച്ചാൽ ഭാവിയിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇത് പോലെ ആവശ്യമുയരുമെന്നും അത് കൊണ്ട് റീജ്യണകത്ത് സംസ്ഥാനതല ഓഫീസ് മതിയെന്ന അഭിപ്രായക്കാരായിരുന്നു.എങ്കിലും ദേശീയ തലത്തിൽ അഭിപ്രായമാരാഞ്ഞ് ഒരു ഭരണഘടനാ ഭേദഗതി നടത്താൻ തന്നെ  തീരുമാനിക്കുകയുണ്ടായി. 30-10-‘81ൽ ഫെഡറേഷന്റെ ദേശീയ സമിതി ഭരണഘടനാഭേദഗതിക്കുള്ള നിർദ്ദേശങ്ങൾ രാജ്യത്തുള്ള സൊസൈറ്റികളിൽ നിന്നും ആരായുകയും ചെയ്തു. കേരളത്തിലെ സൊസൈറ്റികളുടെ പ്രത്യേക റീജ്യൺ എന്ന ആഗ്രഹം സഫലമാകാൻ നാം ഏത് തരത്തിൽ നിർദ്ദേശങ്ങൾ നല്കണമെന്ന് 7-11-’81ലെ ഒരു എഴുത്ത് വഴി ഉപസമിതിയിലെ കേരളത്തിന്റെ പ്രതിനിധി അഭ്യർത്ഥിക്കുകയുമുണ്ടായി.പയ്യന്നൂരിലെ സർഗ്ഗയൊഴിച്ച് മറ്റാരെങ്കിലും നിർദ്ദേശങ്ങൾ നല്കിതായി അറിവില്ല. റീജ്യണകത്ത് സംസ്ഥാനതല ഓഫീസ് രൂപീകരിക്കാനുള്ള ഭരണഘടനാ ഭേദഗതിക്കുള്ള ഭൂർപക്ഷ നിർദ്ദേശമാണ് സ്വീകരിക്കപ്പെട്ടത്. ഭരണഘടനാ ഭേദഗതിയെ തുടർന്ന് 1985ൽ കേരളത്തിന്‌ സംസ്ഥാന തല ഓഫീസ് അനുവദിക്കപ്പെട്ടു. 1985 വരെ അത് വൈകാനുള്ള കാരണങ്ങൾ  1982ന് ശേഷം ഫെഡറേഷനിൽ കേരളത്തിൽ നിന്നും പ്രതിനിധികളായവരാണ്‌  വെളിപ്പെടുത്തേണ്ടത്.ഫെഡറേഷന്റെ നിയമാവലി പ്രകാരം സംസ്ഥാന ഓഫീസ് പ്രവർത്തിക്കേണ്ടത് തിരുവനന്തപുരത്തായത് കൊണ്ട് അന്ന് തിരുവനന്തപുരത്ത് എഫ് എഫ് എസ് ഐയിൽ പൂർണ അംഗത്വമുള്ള ഏക സൊസൈറ്റി അതിന്റെ സാരഥ്യത്തിൽ എത്തി. അവരുടെ പ്രവർത്തനശൈലി നിലനിന്നിരുന്ന ഫെഡറേഷന്റെ വരേണ്യശൈലിയിൽ നിന്ന്‌ ഒട്ടും വ്യത്യസ്തമായിരുന്നില്ല. അതിൽ നിന്ന് വിഭിന്നവും ജനാധിപത്യപരവുമായ ഒരു നേതൃത്വം ഉണ്ടാകണമെന്ന പൊതുവികാരം കേരളത്തിലെ സൊസൈറ്റികൾക്കിടയിൽ ശക്തമായിത്തുടങ്ങി. ഈ അവസരം മുതലാക്കിയാണ് 1989ൽ, അന്നുവരെ പ്രസ്ഥാനത്തിൽ സാന്നിദ്ധ്യമറിയിച്ചിട്ടില്ലാത്ത ചിലർ കേരള സംസ്ഥാന ഓഫീസിൽ കടന്ന് പറ്റുന്നത്. വ്യത്യസ്തവും ജനകീയവുമെന്ന സ്വയം പ്രഖ്യാപിത വിശേഷണത്തോടെ തങ്ങൾ തന്നെ സൃഷ്ടിച്ച കടലാസ് സംഘങ്ങളുടെ പിൻബലത്തോടെ  സ്ഥാനം കയ്യടക്കി അത് അട്ടിപ്പേറായി ഇന്നും കയ്യാളുകയാണ് അക്കൂട്ടര്‍. ചിലരുടെ വ്യക്തിപ്രഭാവം വളർത്തുന്നതിനുള്ള അരങ്ങായി ഉപയോഗപ്പെടുത്തിയതല്ലാതെ പ്രസ്ഥാനത്തിന്റെ പൊതുനന്മക്കായി പ്രവർത്തനമൊന്നും ഉണ്ടായിരുന്നില്ലെന്നതിന്റെ തെളിവ് തൊണ്ണൂറുകളിൽ കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനം ഏതാണ്ട് അസ്തമിച്ചു എന്നത് തന്നെയാണ്.കേന്ദ്രനേതൃത്വത്തെപോലെ തന്നെ സർക്കാരിന്റെ ആനുകൂല്യങ്ങളും   സൌജന്യങ്ങളും അനുഭവിക്കാനും സർക്കാർ സംരംഭങ്ങളിൽ പ്രതിനിധ്യം നേടാനുമുള്ള വ്യഗ്രതയല്ലാതെ അവകാശപ്പെടുന്നത് പോലെ വ്യത്യസ്തവും ജനകീയവുമായ ഒരു പ്രവർത്തനവും ഉണ്ടായിരുന്നില്ലെന്നതാണ് സത്യം.

തളര്‍ച്ച 
നിലവിലെ  സാമൂഹ്യസാഹചര്യങ്ങൾക്ക് പുറമേ പ്രദർശനയോഗ്യമായ ചിത്രങ്ങൾ ലഭിക്കാതിരുന്നതും കൊണ്ട് തൊണ്ണൂറുകളുടെ തുടക്കം തൊട്ട് തന്നെ കേരളത്തിലെ പ്രസ്ഥാനത്തിന്റെ ക്ഷയവും കണ്ടുതുടങ്ങി. അത് തടയാൻ ഫെഡറേഷന്റെ സംസ്ഥാന നേതൃത്വം ഒരു ശ്രമവും നടത്തുകയുണ്ടായില്ലെന്ന് മാത്രമല്ല കേന്ദ്രനേതൃത്വവുമായി തങ്ങളുടെ പദവികളെക്കുറിച്ചുള്ള തർക്കത്തിലുമായിരുന്നു.അത് കോടതിയിലേക്ക് വരെ നീളുകയുമുണ്ടായി. ഫെഡറേഷന്റെ നിയമാവലിയിലെ മാറ്റത്തിലൂടെ, കേരള സംസ്ഥാനതല ഓഫീസ് ദക്ഷിണമേഖലക്കകത്തുള്ള സബ് റീജ്യൺ ആയി 2005ൽ മാറ്റപ്പെട്ടു. സബ് റീജ്യൺ കേന്ദ്രസംഘടനയുടെയല്ലാതെ മറ്റൊന്നിന്റേയും കീഴിലല്ലെന്നും അത് സ്വതന്ത്രാധികാരമുള്ള അഞ്ചാമത്തെ റീജ്യണാണെന്നുമുള്ള തർക്കം തുടരുകയല്ലാതെ ഏതാണ്ട് നിലച്ച് പോയിരുന്ന പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളോ പരിപാടികളോ വ്യത്യസ്തവും ജനകീയവുമായ പ്രവർത്തനം എന്ന് ഘോഷിച്ചവർക്കുമുണ്ടായിരുന്നില്ല.
പുനർജന്മം പുതിയ നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിൽ ചലച്ചിത്രമാദ്ധ്യമത്തിന് സംഭവിച്ച മാറ്റം അപ്രതീക്ഷിതവും അതിവേഗത്തിലുമായിരുന്നു. സെല്ലുലോയ്ഡ് പിൻ‌വാങ്ങുകയും സാംഖിക സാങ്കേതികത അതിശീഘ്രം വ്യാപിക്കുകയും ചെയ്തതോടെ ഫിലിം സൊസൈറ്റി പ്രവർത്തനം പഴയത് പോലെ സാഹസികമല്ലാതാവുകയും ചെയ്തു. സംഘാടനം അനായാസകരമായിത്തീര്‍ന്നതോടെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് പുതിയൊരു ഉണർവുണ്ടായി. പക്ഷേ എൺപതുകളുടെ അവസാനം വരെ നിലനിന്നിരുന്ന സംഘങ്ങളുടെ രീതികളിൽ നിന്ന് വ്യത്യസ്തമായ പ്രവർത്തന ശൈലിയാണ് ദർശിക്കാൻ കഴിഞ്ഞത്. (അതിന്റെ സവിശേഷതയും കാരണവും അന്വേഷിക്കൽ ഈ കുറിപ്പിന്റെ പരിധിക്ക് പുറത്തായത് കൊണ്ട് ഇവിടെ അതിന് മുതിരുന്നില്ല.). ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള, സമകാലീന കാഴ്ചാനുഭവങ്ങൾ നൽകുന്ന ചലച്ചിത്രങ്ങളെ കുറിച്ചുള്ള ധാരണയും അവയെ ഉൾക്കൊള്ളാ‍ൻ സന്നദ്ധതയുമുള്ള പ്രേക്ഷകർ കേരളത്തിൽ വളർന്ന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ പഴയ കാലങ്ങളിലെ പോലെ കൂട്ടായിരുന്നുള്ള കാഴ്ച്ചയും സംവാദങ്ങളുമൊക്കെ അപൂർവ്വങ്ങളായിട്ടുമു ണ്ട്. പുതിയ നൂറ്റാണ്ടിൽ പ്രസ്ഥാനത്തിന് പുനരുജ്ജീവനമുണ്ടായതിന് നന്ദി പറയേണ്ടത് ഡി വി ഡി, മൾടിമീഡിയ പ്രൊജക്റ്റർ, ഇന്റർനെറ്റ് തുടങ്ങിയ സാങ്കേതിക വികാസത്തോടാണ്. പുനർജന്മത്തിൽ അതിന്റെ സജീവതയും സർവ്വവ്യാപിത്വവും അതിശയിപ്പിക്കുന്നതായിരുന്നു. പുതിയൊരു തലമുറയുടെ ചലച്ചിത്രത്തോടുള്ള അഭിനിവേശവും നിസ്വാർത്ഥമായ പ്രയത്നവും കൊണ്ടാണ് അതൊക്കെ സാധിതമായിട്ടുള്ളത് എന്നും വിസ്മരിച്ച് കൂടാ. മഹത്താ‍യ ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാകാനുള്ള ആവേശത്തിൽ പലരും ഫെഡറേഷനിൽ  അംഗത്വവും തേടി. പ്രതീക്ഷിച്ചതിൽ നിന്നും ഭിന്നമായ കാര്യങ്ങളാണ് അകത്തെന്ന് മനസ്സിലാക്കി പിൻ‌വാങ്ങാനും  അധിക താമസമുണ്ടായില്ല. അവരുടെയെല്ലാം അംഗബലമാണ് ഫെഡറേഷൻ പ്രവർത്തനത്തിന്റെ മികവായി ഇപ്പോഴും ആഘോഷിക്കുന്നത്.അതൊക്കെ ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാരിൽ നിന്ന് 2011ൽ 50ലക്ഷം രൂപ ധനസഹായം നേടിയെടുത്തത്. അത് സൊസൈറ്റികളുമായി പങ്ക് വെക്കുന്നതിൽ യുക്തിസഹവും നീതിപൂർവ്വവുമായ മാനദണ്ഡങ്ങൾ നിർദ്ദേശിക്കപ്പെട്ടിരുന്നെങ്കിലും ഏതാനും ചിലരുടെ സ്വയം പ്രകാശനത്തിനും, പിന്തുണക്കുന്നവരെ പ്രീതിപ്പെടുത്തി കൂടെ നിർത്താനും, തലയെണ്ണൽ വരുമ്പോൾ വിജയിക്കാൻ കടലാസ് സംഘങ്ങളെ നിലനിർത്താനും, ഭിന്നാഭിപ്രായങ്ങളുടെ വായടപ്പിക്കാനും ധൂർത്തടിക്കുകയായിരുന്നു ഈ പണമെല്ലാം. പുതിയ ഉണർവൊക്കെ തങ്ങളുടെ ജനകീയ പ്രവർത്തനത്തിന്റെ ഫലമാണെന്ന് അവകാശപ്പെട്ട് സംസ്ഥാനസർക്കാരിൽ നിന്നും ഗണ്യമായ സാമ്പത്തികസഹായം നേടിയെടുക്കാൻ കേരളത്തിലെ ഫെഡറേഷന് സാദ്ധ്യമാ    യതിന്റെ ഗർവ്വിൽ കേന്ദ്രനേതൃത്വത്തെ വെല്ലുവിളിച്ച് ‘സ്വതന്ത്രപ്രവർത്തനം’ നടത്തി വരികയായിരുന്നു കേരള സബ് റീജ്യൺ അടുത്തകാലം വരെ. (കേരള സബ് റീജ്യണിന്റെ ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ കേന്ദ്രസമിതിക്ക് ഒരു പരാതി പോയതിനെ തുടർന്നാണ് അതുമായി അടുത്തതും, വലിയൊരു പ്രതിസന്ധിയിൽ നിന്നും രക്ഷപ്പെടുത്തിയതിന്റെ പ്രത്യുപകാരമായി ദേശീയ പ്രസിഡന്റിന് കേരളത്തിലെ സൊസൈറ്റികളുടെ ഒന്നടങ്കം പിന്തുണയുമായി ഇപ്പോൾ രംഗത്തെത്തിയതും. ആ പരാതിയുടെ വിശദാംശങ്ങളും അധികാരം നഷ്ടപ്പെടാതിരിക്കാൻ ഇരു കൂട്ടരും നടത്തിയ കൊടുക്കൽ വാങ്ങലുകളിലൂടെ ആ പരാതിയെ നിർദ്ദയം കൊലചെയ്തതിന്റെ കഥയും വഴിയേ വായിക്കാം.)
സാമ്പത്തികക്രമക്കേടുകൾ 2010-11ൽ അൻപത് ലക്ഷം രൂപയാണ് കേരള സർക്കാർ ഫെഡറേഷന് അനുവദിച്ചതെങ്കിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നതിനെ തുടർന്ന് അടുത്ത സാമ്പത്തിക വർഷത്തിൽ അത് ഗണ്യമായി കുറച്ചു. മുൻ‌വർഷം, വൻ‌തുകയുടെ ധാരാളിത്തം അനുഭവിച്ചവർക്ക് ഈ ചുരുക്കൽ സഹ്യമായില്ല. അങ്ങിനെയാണ് ഒരു രാഷ്ട്രീയ നേതാവിന്റെ ഇടപെടലിൽ ധനകാര്യവകുപ്പ് പൂട്ടിവെച്ച ഫയൽ വീണ്ടും തുറപ്പിച്ച് 30ലക്ഷം രൂപയായി വർദ്ധിപ്പിച്ച് നേടിയത്. വർദ്ധിപ്പിച്ച  തുകയുടെ നിശ്ചിത ശതമാനം കമ്മീഷൻ പറ്റി അത് ചെയ്ത് കൊടുക്കാൻ നേതാവിന് ഇടനിലക്കാരനായത് ഇപ്പോൾ ‘സ്വതന്ത്രപ്രവർത്തനം‘ നടത്തുന്ന ഫെഡറേഷന്റെ മുൻ‌കാല ഭാരവാഹിയാണെന്നാണ് കേട്ടത്.  സർക്കാരിൽ നിന്ന് കിട്ടിയ സഹായം എങ്ങിനെ ധൂർത്തടിച്ചുവെന്ന് മനസ്സിലാക്കാൻ ഫെഡറേഷന്റെ വാർഷിക കണക്കുകൾ പരിശോധിച്ചാൽ മാത്രം മതി. സൊസൈറ്റികളോട് ആശയവിനിമയം നടത്താൻ ഒരു എഴുത്ത് പോലും അയക്കാത്ത ഫെഡറേഷൻ പ്രവർത്തനത്തിന് 2013-’14 വർഷത്തിൽ ചെലവഴിച്ചത് 15.38 ലക്ഷം രൂപയാണ്. ബാക്കി 14.62 ലക്ഷം രൂപ സൊസൈറ്റികൾക്കിടയിൽ വിതരണം ചെയ്തുവെന്നുമാണ് കണക്കുകൾ കാണിക്കുന്നത്. തെരഞ്ഞെടുപ്പുൾപ്പെടെ സകല കാര്യങ്ങളിലും തങ്ങളെ പിന്തുണക്കുന്ന കടലാസ് സംഘടനകളെ സന്തോഷിപ്പിക്കാനാണ് അതിന്റെ ഏറിയ പങ്കും വിനിയോഗിച്ചിട്ടുള്ളത്. ആ വർഷം 118 സൊസൈറ്റികൾ ഫെഡറേഷനിൽ അംഗങ്ങളായുണ്ടെന്നും അതിൽ 37 എണ്ണം തിരുവനന്തപുരത്തുമാണെന്നാണ് വാർഷിക റിപ്പോർട്ടിൽ പറയുന്നത്. അതിൽ പകുതിയിലേറെ മുൻ പറഞ്ഞ കടലാസ് സംഘടനകളുടെ ഗണത്തിൽ പെടുന്നവയാണ്. കേരളഘടകത്തിന്റെ ധനദുർവ്യയത്തിനെതിരെയുള്ള പരാതി അന്വേഷിക്കേണ്ടത് ചാർട്ടേർഡ് അക്കൌണ്ടന്റാണെന്ന് കാണിച്ച് കേന്ദ്രസമിതി തള്ളിയത് കേന്ദ്രസംഘത്തെ തിരുവനന്തപുരത്ത് കൊണ്ട് വന്ന് സത്ക്കരിച്ച്തിന്റെ പ്രത്യുപകാരമായിട്ടായിരിക്കാം.3 വിമാന ടിക്കറ്റും നക്ഷത്ര ഹോട്ടലിൽ താമസവും എല്ലാം ഒരുക്കിയത് ട്രാവലിങ്ങ് എക്സ്പെൻസിൽ ഉൾപ്പെടുത്തിയാണോ അതോ മീറ്റിങ്ങ് എക്സ്പെൻസസിലാണോ പെടുത്തിയതെന്ന് അറിയാനുള്ള അവകാശം പോലും അംഗ സൊസൈറ്റികൾക്കുണ്ടായില്ല. ചാർട്ടേർഡ് അക്കൌണ്ടന്റ് ക്രമക്കേടുകൾ ചൂട്ടിക്കാട്ടാൻ ബാദ്ധ്യസ്ഥനാണെന്ന് സമ്മതിച്ചാൽ തന്നെ 25 വർഷമായി തുടരുന്ന ഭാരവാഹികൾ അവരോടൊപ്പം വർഷാവർഷം മാറ്റമില്ലാതെ തെരഞ്ഞെടുക്കുന്ന അക്കൌണ്ടന്റിൽ നിന്ന് അത് പ്രതീക്ഷിക്കാമോ എന്ന സംശയം ബാക്കിനിൽക്കുന്നു. അംഗ സൊസൈറ്റികളിൽ നിന്നും ലഭിക്കുന്ന വരിസംഖ്യയും സർക്കാരിൽ നിന്നുള്ള സഹായവുമെല്ലാം ചിലരുടെ ഉല്ലാസത്തിനും വ്യക്തിത്വ വികാസത്തിനുമാണ് വിനിയോഗിക്കപ്പെടുന്നത് എന്ന് വ്യക്തമാണല്ലോ.(ജോലി ചെയ്യുന്നവരുടെ പ്രതിഫലം പോലും നൽകുന്നില്ലെന്നാണ് അറിവ്. ദൽഹി മേഖലാ ഓഫീസിലെ പാവം പ്യൂണിന് തന്റെ തുച്ഛമായ ശമ്പളം പോലും ലഭിച്ചിട്ട് മാസങ്ങളായത്രേ.)
ജനാധിപത്യധ്വംസനം
കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിൽ നിലനിന്നിരുന്ന ദുഷിച്ച പ്രവണതകൾ ഇല്ലാതാകണമെന്ന ആഗ്രഹം ആത്മാർത്ഥതയുള്ള  ഫിലിം സൊസൈറ്റി പ്രവർത്തകർക്കിടയിൽ ശക്തമാകുന്നത് ഈ സാഹചര്യങ്ങളിലാണ്. അതിൻഫലമായി കഴിഞ്ഞ ഇരുപത്തഞ്ച് വർഷത്തിലാദ്യമായി, 2014ലെ വാർഷിക പൊതുയോഗത്തിൽ സംസ്ഥാന ഭാരവാഹികൾക്കെതിരെ നിശിതമായ വിമർശനങ്ങളുയരുകയും തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം വരികയും ചെയ്തു. പ്രീണിപ്പിച്ച് പലരേയും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പൂർണ്ണമായി വിജയിക്കാഞ്ഞതിനാൽ മത്സരം ഉറപ്പാ‍യി. കടലാസ് സംഘടനകൾക്ക് വോട്ടവകാശം ഉറപ്പിക്കാൻ ഏപ്രിൽ മുപ്പതിന് മുൻപ് കൂട്ടമായി അംഗത്വം പുതുക്കിയും, പൊതുയോഗത്തിൽ പങ്കെടുക്കാനും വോട്ട് ചെയ്യാനും പ്രതിനിധിയെ അധികാരപ്പെടുത്തുന്ന എഴുത്ത് പല സൊസൈറ്റികളിൽ നിന്നും ആളുടെ പേര് രേഖപ്പെടുത്താതെ വാങ്ങിച്ചും, പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ചവർക്ക് അതയച്ച് കൊടുക്കാതെ അവരുടെ പേരിൽ ആൾമാറാട്ടം നടത്തി വോട്ട് ചെയ്തുമാണ് ആ തെരഞ്ഞെടുപ്പിൽ വിജയം പിടിച്ചെടുത്തത്.
കേന്ദ്രസമിതിക്ക് പരാതി തെരഞ്ഞെടുപ്പിൽ നടന്ന കൃത്രിമങ്ങളെ കുറിച്ചും സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചും ഫെഡറേഷന്റെ കേന്ദ്രനേതൃത്വത്തിന് ഫെഡറേഷന്റെ നിയമാവലിക്ക് വിധേയമായി ഒരു പരാതി, (1975ൽ രൂപീകൃതമായ) പയ്യന്നൂരിലെ സർഗ്ഗ ഫിലിം സൊസൈറ്റി 31-7-‘14ന് സമർപ്പിക്കുകയുണ്ടായി. അത് കൈപ്പറ്റിയെന്ന് അറിയിച്ചതല്ലാതെ മാസങ്ങളോളം നടപടിയൊന്നുമുണ്ടായില്ല. നിർബ്ബന്ധം സഹിക്കാഞ്ഞ് 2015 മാർച്ചിൽ അതിന്മേൽ നടപടിയാരംഭിച്ചു. പരാതിക്കാരനെ പിന്തിരിപ്പിക്കാനായിരിക്കണം, നാഗ്പൂരിൽ ചേരുന്ന ഫെഡറേഷന്റെ സെന്റ്രൽ എക്സിക്യുട്ടീവ് കമ്മിറ്റി മുൻപാകെ സ്വന്തം ചെലവിൽ ഹാജരായി പരാതി ബോധിപ്പിക്കണമെന്ന അറിയിപ്പായിരുന്നു അത്. ഏത് നടപടിക്രമപ്രകാരമാണ് കേൾക്കാൻ അധികാരമില്ലാത്ത ഒരു സ്ഥാനത്തിനെ, അതും കൃത്രിമമായ മാർഗ്ഗത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടവർ കൂടി ഉൾപ്പെടുന്ന ഒരു സമിതി മുൻപാകെ, പരാതി കേൾപ്പിക്കേണ്ടതെന്ന ചോദ്യമുന്നയിച്ച് അത് പരാതിക്കാർ നിരസിച്ചു. അതേ തുടർന്ന് ഒരു അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിക്കൊണ്ട് കമ്മിറ്റിയിൽ തീരുമാനമുണ്ടായി. ഫെഡറേഷന്റെ ആസ്ഥാനം കൊൽക്കത്തയിലായതിനാൽ നിയമാധികാരപരിധി കൊൽക്കത്തയാണെന്നും അത് കൊണ്ട് അന്വേഷണം കൊൽക്കത്തയിൽ തന്നെ ആരംഭിക്കണമെന്നും പിന്നീട് വേണമെന്ന് തോന്നിയാൽ ദക്ഷിണേന്ത്യയിലും അന്വേഷണം തുടരുമെന്ന്‍ ഉത്തരവാക്കുകയും പരാതിക്കാര്‍ക്ക്    അന്വേഷണത്തിൽ പങ്കെടുക്കാൻ  കൊൽക്കത്തയിൽ എത്താൻ സൌകര്യമുള്ള തീയതി അറിയിക്കണമെന്ന ഔദാര്യം  അനുവദിക്കപ്പെടുകയും ചെയ്തു. ഒരു കോടതിനടപടിക്കാണ് പരാതിക്കാർ ശ്രമിക്കുന്നതെങ്കിൽ മാത്രമേ നിയമാധികാരപരിധി കൊൽക്കത്തയാണെന്ന വാദം സംഗതമാവുകയുള്ളൂ എന്നും പരാതിക്കാരും ആരോപണവിധേയരും സംഭവം നടന്ന സ്ഥലവും സാക്ഷികളും തെളിവുകളായി പരിശോധിക്കപ്പെടേണ്ട രേഖകളും എല്ലാം കേരളത്തിലായതിനാൽ അന്വേഷണം കേരളത്തിൽ തന്നെ നടത്തണമെന്ന് അഭ്യർത്ഥിച്ചെങ്കിലും കൊൽക്കത്തയിൽ നടപടി ആരംഭിച്ച് ആവശ്യമെങ്കിലേ പുറത്തേക്ക് പോവുകയുള്ളൂ എന്ന്‌ ശഠിച്ച് നിൽക്കുക തന്നെ ചെയ്തു. ആയിടെയാണ് ഈ അന്വേഷണ സംഘത്തിൽ ഉൾപ്പെട്ട രണ്ട് പേരും ഭരണഘടനാ പരിഷ്ക്കാരസമിതി യോഗത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തുന്നുണ്ടെന്ന് മനസ്സിലായത്4. ഭരണഘടന ലംഘിച്ചതിന് അന്വേഷണം നേരിടുന്ന ഓഫീസിന്റെ പ്രതിനിധിയെ ഭരണഘടനാ പരിഷ്ക്കരണ സമിതിയിൽ ഉൾപ്പെടുത്തിയതും അതിന്റെ തന്നെ ആതിഥ്യത്തിലാണ് സമിതി ചേരുന്നതുമെന്നുള്ള വിരോധാഭാസം വിസ്മരിച്ചുകൊണ്ട് ആ സമിതി ചേരുന്നതിന് തൊട്ടടുത്ത ദിവസങ്ങളിൽ അന്വേഷണം നടത്തണമെന്ന അഭ്യർത്ഥന ഒടുവിൽ സ്വീകരിക്കപ്പെട്ടു.
പ്രഹസനം അന്വേഷണം ഒരു പ്രഹസനമാക്കി പരാതികൊണ്ടുള്ള ശല്യം ഒഴിവാക്കാനുള്ള തന്ത്രമായിരുന്നു അതെന്ന് പിൽക്കാല നടപടികളിലാണ് ബോദ്ധ്യമാകുന്നത്. 15-6-2015ന് തിരുവനന്തപുരത്ത് നടക്കുന്ന അന്വേഷണത്തിൽ ഹാജരാകാൻ  പരാതിക്കാർക്കും ‘സാക്ഷി’യായി പങ്കെടുക്കാൻ ആരോപിതരായവർക്കും അറിയിപ്പ് ലഭിച്ചു. ആരോപിതരായവർ സാക്ഷികളാകുന്നതിന്റെ അനൌചിത്യം പരാതിക്കാരും ഫെഡറേഷന്റെ തന്നെ ഒരു കേന്ദ്ര ഭാരവാഹിയും ചൂണ്ടിക്കാണിച്ചുവെങ്കിലും5 അത് ഗൌനിക്കാതെ നടപടികൾ തുടരുകയാണ് ചെയ്തത്. 500 കിലോമീറ്ററോളം യാത്രചെയ്ത് അന്വേഷണ സംഘം മുൻപാകെ പരാതിക്കാരൻ ഹാജരായപ്പോൾ ആരോപിതരായവരോ സാക്ഷികളോ തെളിവ് രേഖകളോ ഒന്നുമില്ലാതെ പരാതിക്കാരനുമായി ഒരു സൌഹൃദ ചർച്ച നടത്താനേ ഉദ്ദേശമുള്ളൂ എന്ന അറിയിപ്പാണുണ്ടായത്. അതിനോട് വിയോജിച്ചപ്പോൾ, ‘നാമെല്ലാം സന്നദ്ധപ്രവർത്തകരാണെന്നും കർക്കശമായ നടപടി ക്രമങ്ങളിലൂടെ പരസ്പരം പോരടിച്ച് ഭിന്നിക്കേണ്ടവരല്ലെന്നും പരാതിയുടെ വികാരം കേന്ദ്ര നേതൃത്വം ഉൾക്കൊണ്ടിട്ടുണ്ടെന്നും നിങ്ങൾക്ക് അനുകൂലമായ ഒരു റിപ്പോർട്ടാണ് ഉണ്ടാകാൻ പോകുന്നതെന്നും‘ അനുനയിപ്പിക്കാൻ ശ്രമമുണ്ടായി. അത് സ്വീകരിക്കാതെ, നടപടിക്രമങ്ങൾ പാലിച്ച് കൊണ്ട് അന്വേഷണം നടത്തണമെന്ന് ശഠിച്ചപ്പോൾ എതിർ ഭാഗത്ത് നിന്ന് പങ്കെടുക്കേണ്ടയാൾക്ക് ഉച്ചക്ക് 2മണി വരെ അസൌകര്യമുണ്ടെന്നും അടുത്ത ദിവസം കൊൽക്കത്ത ഹൈക്കോടതിയിൽ ഫെഡറേഷനെതിരെയുള്ള ഒരു കേസിൽ അന്വേഷണസംഘത്തിൽ പെട്ട ജനറൽ സെക്രട്ടറിക്ക് ഹാജരാകേണ്ടത് കൊണ്ട് ഉച്ചക്ക് ശേഷം തന്നെ തിരിച്ച് പോകേണ്ടതുണ്ടെന്നും അയാളെ കാത്ത് അന്വേഷണം പൂർത്തിയാക്കാൻ നിർവ്വാഹമില്ലെന്നും നേരത്തേ വാഗ്ദാനം ചെയ്തത് പോലെ പരാതിക്കാർക്ക് അനുകൂലമായ റിപ്പോർട്ട് തന്നെയുണ്ടാകുമെന്ന് ആവർത്തിക്കുകയും ചെയ്ത്  പ്രഹസനം അവസാനിപ്പിക്കുകയാണുണ്ടായത്.നാല്പത്തഞ്ച് ദിവസം കഴിഞ്ഞ്, ‘നടക്കാത്ത അന്വേഷണത്തെ‘ സംബന്ധിച്ച് കെട്ടിച്ചമച്ച ഒരു റിപ്പോർട്ട് പ്രസിഡന്റിന് സമർപ്പിച്ചതായും പ്രസിഡന്റ് അത് ആധാരമാക്കി പരാതി തള്ളുകയും അതിൽ അതൃപ്തിയുണ്ടെങ്കിൽ കോടതിയെ സമീപിച്ചോളൂ എന്നൊരു ഉപദേശവും ഉൽക്കൊള്ളിച്ച് ഒരു ഉത്തരവ് പുറപ്പെടുവിച്ചതായും അവയുടെ ഇ മെയിൽ പകർപ്പ് 31-7-’15ൽ അയച്ച് തന്ന് അറിയിക്കുകയുണ്ടായി.
പുന:പരിശോധിക്കണം വ്യാജമായ റിപ്പോർട്ട് തള്ളണമെന്നും അസത്യത്തിലൂന്നിയുള്ള ഉത്തരവ് പുന:പരിശോധിക്കണമെന്നും കാണിച്ച് ഒരു ഹരജി 21-8-2015ൽ തന്നെ സമർപ്പിക്കുകയുണ്ടായെങ്കിലും അത് കൈപ്പറ്റിയതായിപ്പോലും അറിയിക്കാതെ അവഗണിച്ചു. തുടർന്ന്, ഫെഡറേഷന്റെ ഏറ്റവും ഉന്നതമായ സമിതിയും അപ്പീൽ കേൾക്കാൻ അധികാരമുള്ള സ്ഥാനവുമായ സെന്റ്രൽ കൌൺസിലിന് ഒരു അപ്പീൽ ബോധിപ്പിച്ചു. അതിനും പുന:പരിശോധനാ ഹരജിയുടെ ഗതി തന്നെയാണുണ്ടായത്. തുടർന്ന് അപ്പീൽ സെന്റ്രൽ കൌൺസിൽ അംഗങ്ങളെ വ്യക്തിപരമായി ഉണർത്തിക്കാൻ അവരെ ബന്ധപ്പെടാനുള്ള വിലാസങ്ങൾ ആരാഞ്ഞെങ്കിലും അതും അവഗണിക്കുകയാണ് ചെയ്തത്.6
സ്വേഛാപ്രവർത്തനം അവസാനിക്കണം     ദശാബ്ദങ്ങൾ പഴക്കമുള്ള ഒരു സാംസ്ക്കാരിക പ്രസ്ഥാനത്തിന്റെ ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ കഴിഞ്ഞ രണ്ട് വർഷമായി നടത്തി വന്ന യത്നം ചേഞ്ച്. ഓർഗിലെ ഒരു ഹരജിയിലൂടെ ഇപ്പോൾ പൊതുസമൂഹത്തിന് മുന്നിലെത്തിച്ചിരിക്കുകയാണ്. എന്നാൽ ഗൌരവമായി പരിഗണിക്കേണ്ട ഒരു വിഷയമായി ആരും അതേറ്റെടുത്തിട്ടില്ല. ചില സൌഹൃദ സംഭാഷണങ്ങളിലെ പ്രതികരണങ്ങൾ നിരുത്സാഹകരമായിരുന്നു. “അധികാര പ്രമത്തരായവരോട് മല്ലടിച്ചിട്ടെന്ത് ഫലം?”, “ആരുടെയും സഹായമില്ലാതെ തന്നെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കുമ്പോൾ ‘കാലഹരണപ്പെട്ട’ തർക്കങ്ങൾക്ക് സമയം കളയുന്നതെന്തിന്?”, “അപ്രിയ സത്യങ്ങൾ ഉണർത്തി വെറുതേ എന്തിന് അപ്രീതി സമ്പാദിക്കണം?” തുടങ്ങിയ സൌകര്യപൂർവ്വമായ ഒഴിഞ്ഞുമാറലുകളാണ് കേട്ടത്. വിറക് വെട്ടികളും വെള്ളം കോരികളും പ്രതികരിക്കതിരിക്കുന്നത് സ്വാഭാവികം. അനർഹമായ ആനുകൂല്യങ്ങളും ഉപഹാരങ്ങളും അനുഭവിച്ചവർ കൃതജ്ഞതാഭാവത്തിൽ മൌനം തേടുന്നതിലും അത്ഭുതമില്ല. എന്നാൽ നിഷ്പക്ഷമതികൾക്ക്, വിമർശനമാണെങ്കിൽ‌പ്പോലും, ഇതിൽ ഒന്നും പറയാതിരിക്കാൻ കഴിയുമോ?
ചേഞ്ച്.ഓർഗ്-ലെ ഹരജിയിൽ ലക്ഷം പേർ ഒപ്പിട്ടത് കൊണ്ടോ ആരും ഒപ്പിട്ടില്ലെങ്കിലോ മാറ്റം സംഭവിക്കണമെന്നില്ല. സ്വേഛാപരമായ പ്രവർത്തികൾ ചെറുക്കാൻ ആ സംഘടനക്ക് അകത്തുള്ളവർ തന്നെ പോരാടണം. അതിന് അവർക്ക് ശേഷിയുണ്ടാകാൻ സത്യങ്ങൾ പുറത്ത് വരണം. പൊതു ചർച്ചയിലൂടെ ഉരുത്തിരിയുന്ന ആശയങ്ങൾ നിശ്ചേഷ്ടയായിരിക്കുന്നവരുടെ മേൽ സമ്മർദ്ദമായി പതിയണം. അത് വഴി മാത്രമേ മാറ്റങ്ങൾ ഉണ്ടാകാൻ പോകുന്നുള്ളൂ എന്ന ഉത്തമ വിശ്വാസത്തിൽ ഗൌരവമായ ഒരു ചർച്ചയ്ക്ക്  വിധേയമാക്കാനാണ് ഇത്രയും കാര്യങ്ങൾ പൊതുജനസമക്ഷം അവതരിപ്പിക്കുന്നത്.
നിലനിൽക്കണോ? പൊതുമുതൽ ധൂർത്തടിച്ച് പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ തണലിലല്ലാതെ തന്നെ ഫിലിം സൊസൈറ്റികൾക്ക് പ്രവർത്തിക്കാനുള്ള സാഹചര്യം ഇന്ന് നിലവിലുണ്ട്. നിക്ഷിപ്തമായ കടമകൾ നിറവേറ്റാതെ മറ്റുള്ളവരുടെ പ്രയത്നത്തിന്റെ ഫലം സ്വന്തം വ്യക്തിസുഖത്തിനായി കവർന്നെടുക്കുന്ന ചിലര്‍ക്ക് വേണ്ടി ഒരു  പ്രസ്ഥാനം നിലനിൽക്കേണ്ടതുണ്ടോ അതല്ല, വലിയൊരു സ്വപ്നത്തിന്റെ സാക്ഷാത്ക്കാരത്തിനായി രൂപം കൊണ്ട മഹാപ്രസ്ഥാനത്തെ ജനാധിപത്യവൽക്കരിച്ച് നിലനിർത്തണമോ എന്നതാണ് ഇന്ന് പ്രസക്തമായിരിക്കുന്നത്. അതാണ് പൊതുസമൂഹം ചർച്ച ചെയ്യേണ്ടതും.


5.
Ramamoorthy Mani <ramamoorthy.mani@gmail.com>
Jun 6
to Premendra, FFSI, B, FFSI, FFSI, FFSI, me, FFSI, Kiran, Gautam, Anil, Amitava, A, FFSI, R, Premendra, Sudhir, Sankar, Aruni, Sudhir, V, Sandeep, C
Dear Premendra
Greetings
Thanks for the mail.
I would like to observe the following from your mail.
The inquiry is against KSR on a complaint lodged by Sarga. How you can mention in your mail inviting  Mr V K Joseph in your proceedings as "witness"  and ask him to give
" evidence" ?
(para 3 of your mail)
Regds
Mani
6.
FFSI (SR) <srffsi@gmail.com>
to me, ranganarhan, R.Mani, C.S., Premendra
Dear Sri Ramakrishnan

Mr. V.K. Joseph mentioned one of his mail Sub-Regional Office is not a sub-ordinate to Regional Office.  They are working independently.

Hence, Southern Region is no way connected with this issue.  Only Central Office has to take action in this regard. 
As requested we are attaching the list of CC members of Southern Region with their email ids & phone numbers.
With regards
Bh.S.S. PRAKASH REDDY
Regional Secretary

Federation of Film Societies of India
Southern Region                                                                                                  (തയ്യാറാക്കിയത്: പി  ടി രാമകൃഷ്ണൻ)

No comments:

Post a Comment