Thursday, 24 September 2015



ഫിലിം സൊസൈറ്റികളുടെ അരനൂറ്റാണ്ട്-വെറുതെയായോ?

പി ടി രാമകൃഷ്ണൻ
മഹത്തായ ചലച്ചിത്രത്തിന് മഹത്തായ പ്രേക്ഷകനും വേണമെന്ന നിരീക്ഷണം പ്രശസ്ത ഫ്രഞ്ച് സാഹിത്യകാരനും സാംസ്ക്കാരിക മന്ത്രിയുമായിരുന്ന ആന്ദ്‌റേ മൽ‌‌റോയുടേതാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം പിറവികൊണ്ട ചലച്ചിത്രകലക്ക് ഭാഷയും വ്യാകരണവും ഉരുത്തിരിയുന്നതിന് മുൻപ് തന്നെ ഉത്തമപ്രേക്ഷകനെ സൃഷ്ടിക്കാനുള്ള ഉദ്യമങ്ങൾ ലോകമെങ്ങും ആരംഭിച്ചിരുന്നു. പൂനയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമ പഠിച്ചിറങ്ങിയ അടൂർ ഗോപാലകൃഷ്ണൻ തന്റെ സ്വപ്നത്തിലെ  സിനിമ അത് വരെ നിർമ്മിക്കപ്പെട്ട വയിൽ നിന്ന് വ്യത്യസ്തമായിരിക്കണം എന്ന് നിശ്ചയിച്ചുറച്ചതിനാൽ അത്തരം ചിത്രങ്ങൾക്ക് ഇവിടെ പ്രേക്ഷകരില്ലെന്ന് മനസ്സിലാക്കി വ്യത്യസ്തമാ‍യ ഒരു പ്രേക്ഷകസമൂഹത്തെ സൃഷ്ടിക്കാ‍ൻ അദ്ദേഹവും സുഹൃത്തുക്കളും ചേർന്ന് തിരുവനന്തപുരത്ത് 1965ൽ ചിത്രലേഖ ഫിലിം സൊസൈറ്റി രൂപീകരിച്ചതോടെയാണ് കേരളത്തിൽ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് തുടക്കമാവുന്നത്. ആ പ്രസ്ഥാനത്തിന് ഇപ്പോൾ അൻപത് വയസ്സായിരിക്കുന്നു. അതിന്റെ ആഘോഷങ്ങൾ സംസ്ഥാനത്ത് ആരംഭിച്ചുകഴിഞ്ഞു.
കഴിഞ്ഞ അൻപതാണ്ട് ആ പ്രസ്ഥാനം കേരളത്തിൽ എങ്ങിനെയാണ് നിലനിന്നതെന്ന് പരിശോധിക്കുന്ന ചില കുറിപ്പുകൾ മാതൃഭൂമി ആഴ്ചപ്പതിപ്പി(93/21)ൽ പ്രസിദ്ധീകരിക്കുകയുണ്ടായല്ലോ. അതിൽ ചിലവ ഈ പ്രസ്ഥാനത്തിന്റെ ചരിത്രം പിന്തുടർന്ന് ആത്മനിഷ്ഠമായ ചില വ്യഖ്യാനങ്ങൾ നടത്തിയിട്ടുണ്ട്. അത് കൊണ്ട് തന്നെ വസ്തുനിഷ്ഠതക്ക് ഭംഗം നേരിട്ടിട്ടുണ്ട്. കാലുഷ്യം നിറഞ്ഞ ആക്ഷേപങ്ങളോടെയുള്ള വികലീകരണവും നടന്നിട്ടുണ്ട് ഒന്നിൽ. അത് കൊണ്ട് കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ യഥാർത്ഥ ചരിത്രം വെളിവാകുന്ന വിധം ഒരു പൊതുചർച്ചക്ക് ആ കുറിപ്പുകൾ വിധേയമാകേണ്ടതുണ്ടെന്ന വിശ്വാസത്തിൽ അതിന് അവസരമുണ്ടാക്കണമെന്ന് ആഴ്ച്ചപ്പതിപ്പിന്റെ പത്രാധിപരോട് അഭ്യർത്ഥിച്ചിരുന്നുവെങ്കിലും ‘വായനക്കാർ എഴുതുന്നു’ എന്ന പംക്തിയിൽ അത്രയൊന്നും പ്രസക്തമല്ലാത്ത ചില എഴുത്തുകൾ പ്രസിദ്ധീകരിച്ചുകൊണ്ട് ചർച്ചക്കുള്ള അവസരം അടക്കുകയാണ് ചെയ്തത്. അപൂർണവും ഏകപക്ഷീയവുമായ ഒരു ചരിത്രം സ്ഥാപിക്കലിന് സമമായി അത്. പ്രസ്ഥാനത്തിന്റെ ചരിത്രം വികലമാക്കിക്കൊണ്ട് ഒരു കുറിപ്പ് എഫ് എഫ് എസ് ഐ ന്യൂസ് - ജൂൺ ജൂലൈ ലക്കത്തിലും പ്രസിദ്ധീകൃതമായിട്ടുണ്ട്. അതും ഇവയോടൊപ്പം പരിശോധിക്കപ്പെടേണ്ടതുണ്ട്.
പ്രദർശന തെരഞ്ഞെടുപ്പുകളിലുംകാഴ്ചയുടെ മുൻ‌ഗണനയിലും നിരൂപണത്തിലും അവനവന്റെ സിനിമയെക്കുറിച്ചുള്ള മതിപ്പില്ലായ്മ ഒരു അധമബോധമായി പ്രതിഫലിച്ചിരുന്നുവെന്ന ആക്ഷേപവും പുറത്ത്നിന്നുള്ള ചിത്രങ്ങൾക്ക് അടിമപ്പെട്ടവരാണ് ഫിലിം സൊസൈറ്റി പ്രേക്ഷകർ എന്ന് സ്ഥാപിക്കാനുള്ള ശ്രമവും ചിലരുടെ ആത്മവിമർശമായി സ്വീകരിക്കാം. എന്നാൽ കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനവും നിരൂപകരുമെല്ലാം ഈ ഗണത്തിൽ പെടുന്നുവെന്ന് സാമാന്യവൽക്കരിക്കുന്നത് അംഗീകരിക്കാൻ പ്രയാസമുണ്ട്. പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ കൂടുതലും വിദേശത്ത് നിന്നുള്ളവയായതിന് നിരവധി കാരണങ്ങളുണ്ട്; അവയൊക്കെ ചരിത്രപരവുമാണ്. സ്വതന്ത്രമായ ആസ്വാദനവും സഹൃദയത്വത്തിന്റെ പുതിയ ചക്രവാളങ്ങളുടെ വികാസവും ലക്ഷ്യമിട്ടുള്ള ചലച്ചിത്രപ്രദർശനങ്ങൾക്ക് യോഗ്യമായ വിദേശ ചിത്രങ്ങൾ ധാരാളം ലഭ്യമാണെന്നതും അവ കാണാനുള്ള മറ്റവസരങ്ങളില്ലെന്നതുമാണ് പ്രധാന കാരണം. വിഭിന്നമായ ആസ്വാദനനിർദ്ധാരണരീതികൾ ആവശ്യപ്പെടുന്ന സൃഷ്ടികൾ നമ്മുടെ രാജ്യത്ത് കുറവും അവയുടെ പ്രദർശനസാദ്ധ്യത നിഷേധിക്കപ്പെടുന്ന ഒരു അവസ്ഥ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ആരംഭകാലത്ത് നിലനിന്നിരുന്നില്ലെന്നതും വാസ്തവമാണ്. സൌന്ദര്യശാസ്ത്രപരവും സാങ്കേതികവുമായ പരീക്ഷണങ്ങൾ ചലച്ചിത്രകലയുടെ ആവിർഭാവം തൊട്ട് തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാവുകയും അവയെ അറിയാ‍നുള്ള ആസ്വാദകന്റെ അവകാശം നിഷേധിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണല്ലോ ചലച്ചിത്രാസ്വാദകസംഘങ്ങൾ രൂപീകൃതമായത്. ഏതാണ്ട് നാല് ദശകങ്ങൾ പിന്നിട്ടപ്പോൾ മാത്രമാണ് ഭാരതത്തിൽ അവ ഒരു പ്രസ്ഥാനമായി വികസിക്കുന്നത്. ഉത്തരാർദ്ധഗോളത്തിൽ ആവിർഭവിച്ച ഒരു കലാരൂപത്തെ നമ്മുടെ മണ്ണിൽ അനുകരിക്കപ്പെട്ടത് പോലെ ആ കലയുടെ ആസ്വാദക വൃന്ദവും അനുകരിച്ചത് വിദേശമാതൃക തന്നെയാണ്. അതല്ലാതെ, ഒരു തെരഞ്ഞെടുപ്പിന് സാദ്ധ്യത ഉണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. ഡി വി ഡിയും ഇന്റർനെറ്റും വഴി ലഭ്യത വർദ്ധിച്ച ഈ നൂറ്റാണ്ടിന്റെ ആദ്യം തൊട്ടാണ് അതിന് ഒരു മാറ്റമുണ്ടായി എന്ന് പറയാവുന്നത്. പതിവ് ചിത്രങ്ങളിൽ നിന്ന് വിഭിന്നമായ പരിചരണങ്ങൾ സ്വീകരിച്ച, സംവേദനത്തിൽ പുതിയ പ്രശ്നങ്ങളുണ്ടാക്കിയ ചലച്ചിത്രങ്ങൾ നമ്മുടെ രാജ്യത്ത് സൃഷ്ടിക്കപ്പെടുന്നത് സ്വാതന്ത്ര്യാനന്തരമാണല്ലോ. ആദ്യകാലത്ത് അത്തരം ചിത്രങ്ങൾ പ്രേക്ഷകരിലേക്കെത്താത്ത സാഹചര്യം നിലനിന്നിരുന്നുമില്ല. അത് കൊണ്ട് ഫിലിം സൊസൈറ്റികൾക്ക് അവ പ്രത്യേകമായി പ്രദർശിപ്പിക്കേണ്ട ആവശ്യവും വന്നിരുന്നില്ല.നാല് പതിറ്റാണ്ടുകൾ പിന്നിലായത്കൊണ്ട് തങ്ങൾ കേട്ടും വായിച്ചും അറിഞ്ഞ ലോകക്ലാസിക്കുകൾ കണ്ട് തീർത്ത് ലോകത്തോടൊപ്പം എത്താനുള്ള ഒരു ത്വരയും ഫിലിം സൊസൈറ്റി പ്രേക്ഷകരിലുണ്ടായിരുന്നുവെന്നും യാഥാർത്ഥ്യമാണ്. അൻപതുകളിലാണല്ലോ നമ്മുടെ സിനിമയിൽ നവഭാവുകത്വം ഉദയം ചെയ്യുന്നത്. ആ രീതിയിൽ നിർമ്മിക്കപ്പെട്ട ചിത്രങ്ങൾക്ക് പ്രദർശനാവസരം നിഷേധിക്കപ്പെടുന്ന അവസ്ഥയും അതോടെ സംജാതമായി. നിർമ്മാണത്തിലും വിതരണത്തിലും ഫിലിം ഫിനാൻസ് കോർപറേഷൻ എന്ന സർക്കാർ സ്ഥാപനം വിപണിസിനിമക്ക് ബദലാവാനുള്ള ശ്രമങ്ങൾ ആരംഭിച്ചത് അടുത്ത ദശകത്തിലാണ്. ഈ ശ്രമങ്ങളോട് കണ്ണി ചേർക്കപ്പെട്ട് രാജ്യത്തെ ഫിലിം സൊസൈറ്റികൾ ഇത്തരം സിനിമകളെ തങ്ങളുടെ പ്രദർശനങ്ങളിൽ ഉൾപ്പെടുത്തുകയുമുണ്ടായി. വിദേശ എംബസികളിൽ നിന്നും ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റീസ് ഒഫ് ഇന്ത്യ വഴിയുമെത്തുന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുകയല്ലാതെ ഒരു തെരഞ്ഞെടുപ്പിന് അവസരമുണ്ടാ‍യിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. നാഷണൽ ഫിലിം ആർക്കൈവ്സിൽ വിതരണത്തിനുണ്ടായിരുന്ന നാല്പതോ അൻപതോ ചിത്രങ്ങളിൽ തദ്ദേശീയ ചിത്രങ്ങൾ പത്തോളമേ വരൂ. അവിടെയുള്ള ചിത്രങ്ങൾക്ക് ഒരു തെരഞ്ഞെടുപ്പ് ആവശ്യമില്ലെന്നതും കേരളത്തിലെങ്കിലും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെ ആർക്കൈവ്സ് സാദ്ധ്യമാക്കി എന്നതും അനിഷേദ്ധ്യമാണ്. തദ്ദേശചിത്രങ്ങൾക്ക് പിന്നീട് ആശ്രയിച്ചിരുന്നത് സ്വകാര്യ വിതരണക്കാരെയാണ്. സൊസൈറ്റികൾക്ക് ആവശ്യമായ തരം ചിത്രങ്ങളുടെ ലഭ്യതക്കുറവും ഭീമമായ വാടകയും അവരെ സമീപിക്കുന്നതിന് തടസ്സമായിരുന്നു. കേരളത്തിൽ ചില പട്ടണങ്ങളിലൊഴിച്ച് 35 മി മീ പ്രദർശനസൌകര്യം ഫിലിം സൊസൈറ്റികൾക്ക് നിഷേധിക്കപ്പെടുന്നതും ലഭ്യമായ ഭൂരിഭാഗം ചിത്രങ്ങളും അത്തരത്തിലുള്ളതായതും സ്വന്തം ചിത്രങ്ങൾ പ്രദർശനങ്ങളിലുൾപ്പെടുത്താൻ പറ്റാത്തതിന് കാരണമായുണ്ട്. ഇത്രയും പ്രതികൂലാവസ്ഥയിലും ഗുരുദത്തിന്റേയും സത്യജിത് റായിയുടേയും ഋത്വിക്ക് ഘട്ടക്കിന്റേയും മൃണാൾ സെന്നിന്റേയും ശ്യാം ബെനെഗലിന്റേയും കുമാർ സാഹ്നിയുടേയും മണി കൌളിന്റേയും ഗിരീഷ് കാസറവള്ളിയുടേയും അടൂർ ഗോപാ‍ലകൃഷ്ണന്റേയും അരവിന്ദന്റേയും ജോൺ അബ്രഹാമിന്റേയും കെ പി കുമാരന്റേയും കെ ജി ജോർജിന്റേയും മറ്റും ചിത്രങ്ങളും, ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ നിർമ്മിച്ച ചിത്രങ്ങളും ദേശീയ പുരസ്ക്കാരങ്ങൾ നേടിയതും ഇന്ത്യൻ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതുമായ ചിത്രങ്ങളുമെല്ലാം കേരളത്തിലെ ഫിലിം സൊസൈറ്റികൾ പ്രദർശിപ്പിച്ച് വന്നിട്ടുണ്ട്. ഫിലിം സൊസൈറ്റി പ്രദർശനത്തിന് അനുയോജ്യമായ ദേശീയ ചിത്രങ്ങൾ തുലോം കുറവായിരുന്നു എന്നത് കൊണ്ട് പ്രദർശനത്തിന്റെ സിംഹഭാഗവും വിദേശ ചിത്രങ്ങളായിരുന്നുവെന്നത് സ്വാഭാ‍വികം മാത്രം. ബർഗ്‌മാനെയും ഫെല്ലിനിയെയും മാത്രമല്ല നമ്മുടെ കൂട്ടത്തിലുള്ളവരേയും അർഹിക്കുന്ന വിധം ആദരിക്കാനും ഫിലിം സൊസൈറ്റികൾ സന്നദ്ധമായിട്ടുണ്ടെന്ന യാഥാർത്ഥ്യം വിസ്മരിച്ച് കൊണ്ടാണ് സ്വന്തം ചിത്രങ്ങളോട് ഒരു തരം അവജ്ഞകലർന്ന സമീപനം വളർത്താനാണ് ഫിലിം സൊസൈറ്റി പ്രവർത്തനം സഹായിച്ചതെന്ന ആക്ഷേപവും മറ്റും.
എഴുപതുകളിൽ മലയാളസിനിമയിലും ഫിലിം സൊസൈറ്റി പ്രവർത്തനത്തിലും ഒരു നവഭാവുകത്വം ഉണർന്നപ്പോൾ ‘ആർട്ട് സിനിമ’ എന്ന പേരിൽ ചില നിർമ്മിതികളുണ്ടായിരുന്നു. ബോധപൂർവ്വമായ ദുർഗ്രഹത, മന്ദതാളം, പാട്ടില്ലായ്മ, പുതുമുഖങ്ങളെ അഭിനേതാ‍ക്കളായി അവതരിപ്പിക്കുക തുടങ്ങിയ പ്രമാണസൂത്രങ്ങൾ അവ പാലിച്ചിരുന്നു. വിപണിസിനിമകൾക്കെതിരെയുള്ള പ്രതിരോധം എന്ന നിലയിൽ അത്തരം ചിത്രങ്ങളെ പ്രോത്സാഹിപ്പിച്ചതിന് ഫിലിം സൊസൈറ്റികൾക്ക് വലിയ വില കൊടുക്കേണ്ടിവന്നിട്ടുണ്ട്. ഫിലിം സൊസൈറ്റികളിൽ നിന്നും ഉത്തമസിനിമകളിൽ നിന്നും ജനങ്ങളെ അകറ്റാൻ കാരണമായി എന്നതാണത്. വിപണിയുടെ സമ്മർദ്ദത്താൽ ബഹിഷ്കൃതമാകുന്ന സൃഷ്ടികളെ രക്ഷിക്കാനോ സ്വതന്ത്രസിനിമയുടെ സ്രഷ്ടാക്കൾ നേരിടുന്ന സാമ്പത്തികപ്രതിസന്ധികളിൽ ആശ്വാസം പകരാനോ ഫിലിം സൊസൈറ്റികളെ പോലുള്ള സന്നദ്ധസംഘങ്ങൾക്ക് സാദ്ധ്യമാവുന്ന കാര്യമല്ല. അതിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കാൻ ഒരു സമ്മർദ്ദശക്തിയായി പ്രവർത്തിക്കുക മാത്രമാണ് സാദ്ധ്യമായിട്ടുള്ളത്. വ്യവസ്ഥാപിത വിതരണപ്രദർശന സംവിധാനത്തിന് ബദലായി ഒരു പ്രദർശന ശൃംഖല ഒരുക്കുക എന്നതാണ് കരണീയം. ദേശീയ ചലച്ചിത്രനയരൂപീകരണത്തിനായുള്ള പ്രവർത്തകസമിതി നിർദ്ദേശിച്ചത് പോലെ ഫിലിം സൊസൈറ്റികൾക്ക് ഭരണസ്ഥാപനങ്ങൾ ഭൂമി സൌജന്യമായി നൽകി സർക്കാർ സഹായത്തോടെ ചെറു തിയറ്ററുകൾ പണിത് സൊസൈറ്റി പ്രവർത്തനം സജീവമാക്കാനും ഇത്തരം ചിത്രങ്ങൾക്ക് പ്രദർശനാവസരം ഒരുക്കിക്കൊടുക്കാനും കഴിയും. ഇത് വഴി ചിത്രനിർമ്മാണത്തിന് മുടക്കിയ മുതലിന്റെ വലിയൊരു ഭാഗം തിരിച്ച്കിട്ടാനും സാദ്ധ്യതയുണ്ടാകും. ഇതിനായുള്ള ഒരു പ്രയോഗപദ്ധതി പയ്യന്നൂരിലെ സർഗ്ഗ ഫിലിം സൊസൈറ്റി കേരള സർക്കാരിന് വർഷങ്ങൾക്ക് മുൻപ് സമർപ്പിച്ചിട്ടുള്ളതാണ്.ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റീസ് ഒഫ് ഇന്ത്യയുടെ കേരളഘടകമോ മറ്റേതെങ്കിലും അധികാരശക്തിയോ അതിനെ പിന്തുടർന്ന് സമ്മർദ്ദം ചെലുത്താ‍തിരുന്നതിനാൽ അത് സെക്രട്ടേറിയറ്റിലെ ഏതോ മൂലയിൽ സുഖനിദ്രയിലാ‍ണ്. ചലച്ചിത്ര അക്കാദമിയുടെ ടൂറിങ്ങ് ടോക്കീസ്, കാഴ്ച ഫിലിം ഫോറത്തിന്റെ സിനിമാ വണ്ടി തുടങ്ങിയ പരീക്ഷണങ്ങൾ ജനങ്ങളെ സൌജന്യമാ‍യി ചിത്രങ്ങൾ കാണിക്കാനുള്ള ഒരുപാധിയെന്ന നിലയിൽ വിജയിക്കുമെങ്കിലും നിർമ്മാതാവിന് സാമ്പത്തീകാശ്വാസം കൂടി ലഭിക്കുന്ന ഒരു സ്ഥിരം സംവിധാനമെന്ന നിലയിൽ നൂറ്‌ നൂറ്റൻപത് പേർക്കിരിക്കാവുന്ന ഒരു തിയേറ്റർ ശൃംഖല മാത്രമേ ഫലപ്രാപ്തിയിലെത്തുകയുള്ളൂ. ഒരാൾപൊക്കം, ക്രൈം89 എന്നീ ചിത്രങ്ങൾക്ക് ആവശ്യപ്പെടും പോലെ അയ്യായിരം മുതൽ പത്തായിരം രൂപ വരെ ഒരു പ്രദർശനത്തിന് നൽകി പുതിയ സംരംഭങ്ങളെ പിന്തുണക്കാൻ ഫിലിം സൊസൈറ്റികൾക്ക് സാദ്ധ്യമല്ലെന്ന് മാത്രമല്ല അത് സ്ഥായിയായ ബദലാവുകയില്ല എന്നതുമാണ് യാഥാർത്ഥ്യം. ഈ രണ്ട് ചിത്രങ്ങളും പൊതുജനങ്ങളിൽ നിന്ന് പണം സ്വീകരിച്ചിട്ട് നിർമ്മിച്ചതാണെന്നാ‍ണ് അവകാശപ്പെട്ടിട്ടുള്ളത്. നിർമ്മാണത്തിൽ പങ്കാ‍ളികളായ ജനങ്ങളോട് അതിന്റെ കാഴ്ചയ്ക്കും പണം മുടക്കണമെന്ന് ആവശ്യപ്പെടുന്നത് അപ്രായോഗികവും അധാർമ്മികവുമാണെന്നും മനസ്സിലാ‍ക്കേണ്ടതുണ്ട്. എങ്കിലും ഇത്തരം ഉദ്യമങ്ങളെ പിന്തുണക്കുകയോ പ്രോത്സാഹിപ്പികുകയോ ചെയ്യുന്നത് ഫിലിം സൊസൈറ്റികളോ ഫിലിം സൊസൈറ്റി പ്രവർത്തനത്തിന്റെ ഫലമായുണ്ടായ ചലച്ചിത്രാവബോധമുള്ളവരോ ആണ്.തദ്ദേശീയമായ സിനിമാ ഭാവുകത്വത്തേയും അതിനായി ഇവിടെ നാമ്പിടുന്ന സംരംഭങ്ങളേയും പ്രോത്സാഹിപ്പിക്കാനുള്ള ഫിലിം സൊസൈറ്റികളുടെ ശ്രമങ്ങളെ പരാജയപ്പെടുത്തുന്ന നിരവധി ഘടകങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്ന് അത്തരം ചിത്രങ്ങൾ പൊതുപ്രദർശനത്തിനോ ടെലിവിഷൻ സം‌പ്രേഷണത്തിനോ അവസരം കാത്ത് ഫിലിം സൊസൈറ്റി പ്രദർശനങ്ങൾക്ക് ലഭിക്കുന്നില്ല എന്നതാണ്. നിരവധി മലയാളചിത്രങ്ങൾ ഇപ്രകാരം വർഷങ്ങളായി തകരപ്പെട്ടികളിൽ വിശ്രമം കൊള്ളുന്നുണ്ട്.
എപ്പോൾ വേണമെങ്കിലും കാണാൻ അവസരമുണ്ടാകുമല്ലോ എന്ന ആശ്വാസത്തിൽ തദ്ദേശീയ ചിത്രങ്ങൾ ഒഴിവാക്കി വിദേശ ചിത്രങ്ങൾ കാണാനുള്ള ആർത്തി ഒരു ശീലം തന്നെയായിട്ടുണ്ട് നമുക്ക്. ഏറ്റവും പുതിയ, അമിത പ്രചാരണം ലഭിച്ച ചിത്രങ്ങളെ തേടിയുള്ള പാച്ചിലിൽ മഹാപ്രതിഭകളുടെ ചിത്രങ്ങൾ പോലും പിന്തള്ളപ്പെടുന്ന അവസ്ഥയിലേക്ക് വളർന്നിട്ടുണ്ടത്. എന്നാൽ അവരുടെയൊന്നും  ഔന്നത്യമില്ലാത്ത ചിലരെ താരാരാധനയോടെ എഴുന്നള്ളിക്കുന്ന കാഴ്ച്ചയും നമ്മുടെ രാജ്യാന്തര ചലച്ചിത്രമേളയിൽ പതിവ് കാഴ്ചയായിട്ടുമുണ്ട്.മലയാളത്തിലെ മിക്ക ചലച്ചിത്രകാരന്മാരുടേയും സൃഷ്ടികൾ പ്രദർശിപ്പിക്കാനും അതിന്റെ സ്രഷ്ടാക്കളുമായി പ്രേക്ഷകർക്ക് സംവദിക്കാനുള്ള അവസരങ്ങൾ ഒരുക്കുവാനും ഗൌരവമായ ഫിലിം സൊസൈറ്റി പ്രവർത്തനം നടത്തുന്നവരെങ്കിലും ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യുന്നുണ്ട്. ചുരുക്കം ചില കലാകാരന്മാരൊഴിച്ച് മിക്കവരും അനുകൂലമായി പ്രതികരിക്കുക പോലും ചെയ്യാറില്ലെന്നതാണ് വാസ്തവം. ചലച്ചിത്രകാരന്റെ സൌകര്യംകൂടി ആരാഞ്ഞുറപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ യാത്രാ ചെലവ് അയച്ച് കൊടുത്തത് തിരിച്ചയച്ച അനുഭവം പോലുമുണ്ടായിട്ടുണ്ട്. ഈ ചലച്ചിത്രകാരന്മാർ തന്നെയാണ് ഫിലിം സൊസൈറ്റികളെ കുറിച്ച് തങ്ങൾക്ക് ചുറ്റുമുള്ള ശ്രമങ്ങളെ കാണാൻ കൂട്ടാക്കാതെ പുറത്തേക്ക് കണ്ണും നട്ടിരിക്കുന്നവർ എന്ന് ആക്ഷേപിക്കുന്നതും. എന്നാൽ അഗ്രഹാരത്തിൽ കഴുതൈ 1980ൽ സർഗ്ഗ പ്രദർശിപ്പിച്ചപ്പോൾ എവിടെ നിന്നോ അറിഞ്ഞ് എത്തിച്ചേർന്ന ജോണിനെ സ്നേഹാദരങ്ങളോടെ ഇവിടെ ഓർക്കുന്നു. (അന്ന് സൌഹൃദം പങ്കിട്ടും സർഗ്ഗസംവാദത്തിലേർപ്പെട്ടും ഞങ്ങളോടോപ്പം ചെലവിട്ട നിമിഷങ്ങൾ ഒരു സുഹൃത്ത് സ്വന്തം ക്യാമറയിൽ പകർത്തിയ ചിത്രങ്ങൾ മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് രണ്ട് തവണ-ലക്കം 89/14, 91/14- ജോണിനെ കുറിച്ച് എഴുതിയപ്പോഴും ഉപയോഗിച്ചിരുന്നു. രണ്ടാം തവണ ചിത്രങ്ങളുടെ ബഹുമതി മറ്റൊരാൾക്ക് തെറ്റായി നൽകിയത് ചൂണ്ടിക്കാണിച്ചിട്ടും പത്രാധിപർ ഗൌനിക്കുക പോലുമുണ്ടായില്ല.)
നഗരാധിഷ്ഠിത പുരുഷകേന്ദ്രിത മദ്ധ്യവർഗ്ഗത്തെയാണ് ഫിലിം സൊസൈറ്റികൾ പ്രതിനിധാനം ചെയ്യുന്നത് എന്നൊരു ആക്ഷേപം വർഷങ്ങളായി നിലനിൽക്കുന്നുണ്ട്. ആരംഭകാലം തൊട്ട് കുഗ്രാമങ്ങളിൽ‌പ്പോലും ഫിലിം സൊസൈറ്റികൾ പ്രവർത്തിച്ച് വന്നിരുന്നുവെന്ന യാഥാർത്ഥ്യം നഗരാധിഷ്ഠിതമെന്ന ആക്ഷേപത്തിൽ നിന്നെങ്കിലും കേരളത്തെ ഒഴിവാക്കുന്നുണ്ട്. നമ്മുടെ സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രവർത്തനങ്ങളുടെ ഇടങ്ങളിലെല്ലാം പുരുഷാധിപത്യമാണ് എന്ന സത്യം വിസ്മരിച്ച് ഫിലിം സൊസൈറ്റികൾ അതിന് അപവാദമാകണമെന്ന് ശഠിക്കുന്നതിൽ ഒരു യുക്തിയുമില്ല. പാർലിമെന്ററി ജനപ്രാതിനിധ്യത്തിൽ സ്ത്രീകൾക്ക് സംവരണം ഏർപ്പെടുത്താനുള്ള നിയമനിർമ്മാണം വർഷങ്ങളായി ശീതീകരിണിയിൽ സൂക്ഷിക്കുന്ന രാജ്യത്താണ് നാം ജീവിക്കുന്നത് എന്നും മറന്നു കൂടാ. സ്ത്രീവിമോചനവും ലിംഗസമത്വവുമൊക്കെ നമ്മുടെ പൊതുസമൂഹത്തിൽ ദശാബ്ദങ്ങളായി ചർച്ചയാ‍യിട്ടും പൊതുരംഗത്ത് സ്ത്രീകൾ എത്തുന്നത് ഇപ്പോഴും കുറവാണ് എന്നത് നമ്മുടെ സാമൂഹ്യവ്യവസ്ഥയുടെ ന്യൂനത തന്നെ. ഈ സാഹചര്യത്തിൽ സ്ത്രീസാന്നിദ്ധ്യം ഫിലിം സൊസൈറ്റികളിൽ മാത്രമായി ഉണ്ടാകാൻ സാദ്ധ്യതയില്ല. സ്വന്തം അമ്മയേയോ സഹോദരിയേയോ ഭാര്യയേയോ മകളേയോ പൊതുപ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കാറുണ്ടോ എന്ന് ഈ ആ‍ക്ഷേപം ഉന്നയിക്കുന്നവർ ആത്മവിമർശം നടത്തിയിരുന്നെങ്കിൽ ഫിലിം സൊസൈറ്റികളെ മാത്രം പ്രതിസ്ഥാനത്ത് നിർത്തുമായിരുന്നില്ല. ഫ്രാൻസിൽ പോലും 1971ലാണത്രേ സ്ത്രീകൾക്ക് മാത്രമായുള്ള ഫിലിം സൊസൈറ്റി ഉണ്ടായത്! അത് കൊണ്ട് നമ്മൾ വൈകിയിട്ടൊന്നുമില്ല.(കുറച്ച് ദിവസം മുൻപ് തിരുവനന്തപുരത്ത് അങ്ങിനെയൊന്ന്‌ തുടങ്ങിക്കഴിഞ്ഞുവെന്ന് കേൾക്കുന്നു.) സ്ത്രീകളും പുരുഷന്മാരും തുല്യതയോടെ പങ്കാളികളാകുന്ന ഫിലിം സൊസൈറ്റി പ്രവർത്തനമാണോ വേണ്ടത് അല്ല, ഷി ടാക്സി, ഷി ടോയ്‌ലറ്റ് പോലെ ഷി ഫിലിം സൊസൈറ്റിയാണോ വേണ്ടതെന്ന് മറ്റൊരു ചിന്താവിഷയമാണ്. ഉത്പതിഷ്ണുത്വത്തോടൊപ്പം പൊതുപ്രവർത്തനങ്ങളിൽ ഇടപഴകാനുള്ള സമയവും മദ്ധ്യവർഗ്ഗത്തിനാണ് കൂടുതൽ എന്ന യാഥാർത്ഥ്യത്തെ അവഗണിച്ച് ആ വർഗ്ഗത്തിനാണ് പ്രാതിനിധ്യം എന്ന് ആക്ഷേപിക്കുന്നത് ഉചിതമല്ല. ‘കലയുടെ മർമ്മം അറിഞ്ഞ, അതിന്റെ ആഗോള സമകാലികതയുമായി സമ്പർക്കമുള്ള ഒരു സാംസ്ക്കാരിക ഉപസമൂഹത്തിലെ അംഗം എന്ന നിലയിൽ‘1 ഫിലിം സൊസൈറ്റി പ്രവർത്തകർക്ക് മാത്രമല്ല ഉത്തമ കലാസ്വാദകർക്കെല്ലാം സഹജമായ വരേണ്യത അംഗീകരിക്കാതിരുന്നിട്ടും കാര്യമില്ല.ഈ വരേണ്യത സംഘത്തിൽ അംഗത്വം നൽകുന്നതിലും മറ്റും കാട്ടുന്ന വിവേചനമാവുമ്പോൾ എതിർക്കപ്പെടേണ്ടത് തന്നെയാണ്. കേരളത്തിൽ അങ്ങിനെ പ്രവർത്തിക്കുന്ന വിരലിലെണ്ണാവുന്ന സൊസൈറ്റികളൊഴിച്ചാൽ മഹാഭൂരിപക്ഷവും അംഗങ്ങളെ കിട്ടാതെ ബുദ്ധിമുട്ടുന്നവയാണ്. ആംഗലഭാഷയിലെ പ്രയോഗപരിചയവും മറ്റുള്ളവരേക്കാൾ കുറച്ച് മുൻപ് ഫിലിം സൊസൈറ്റിയിൽ അംഗമാകാനിടയായ യാദൃശ്ചികത കൊണ്ടും കാട്ടുന്ന താൻപ്രമാണിത്തവും ജനങ്ങളെ ഫിലിം സൊസൈറ്റികളിൽ നിന്ന് അകറ്റുന്നത് ചിലയിടങ്ങളിലെങ്കിലും യാഥാർത്ഥ്യമാണ്. ഇക്കൂട്ടർ തന്നെ ജനങ്ങൾ ആഗ്രഹിക്കാത്ത ചിത്രങ്ങൾ അവരുടെ മേൽ അടിച്ചേൽ‌പ്പിച്ച് തങ്ങളുടെ പ്രമാണിത്തം ഉറപ്പിക്കാൻ ശ്രമിക്കുന്നതും അപൂർവ്വമല്ല.തങ്ങളുടെ രാഷ്ട്രീയാഭിമുഖ്യങ്ങൾക്ക് ഇണങ്ങുന്ന സമരവേദികളിലും പൊതുയോഗങ്ങളിലും ചലച്ചിത്രപ്രദർശനം നടത്തി ജനകീയത അവകാ‍ശപ്പെടുന്നത് ഒരു തരം ആശ്വാസപ്പെടലാണ്. ഇനി ഫിലിം സൊസൈറ്റികളുടെ പ്രവർത്തനമാതൃക അത്തരത്തിലായാൽ പഴയ ഊർജ്ജസ്വലത തിരിച്ചുകിട്ടുമെന്ന് ആശിക്കുന്നത് വെറുതേയാണെന്ന് അവയുടെ പൂർവ്വകാലാ‍നുഭവങ്ങൾ തെളിയിച്ചുകഴിഞ്ഞതുമാണ്. പ്രകടനപരമായ രാഷ്ട്രീയ പ്രവർത്തനത്തിലേർപ്പെടാത്തവരെയൊക്കെ അരാഷ്ട്രീയ ബുദ്ധിജീവികളെന്ന് ആക്ഷേപിക്കുന്നത് ‘രാഷ്ട്രീയ‘കേരളത്തിന്റെ ഒരു ശീലമാണ്. മനുഷ്യോന്മുഖമായ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനുള്ള മനോഭാവം വളർത്തലാണ് കലാപ്രസ്ഥാനങ്ങളുടെ രാഷ്ട്രീയം.കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനവും ആ ദൌത്യം നിറവേറ്റിയിട്ടുണ്ടെന്നത് ചരിത്രമാണ്.

വ്യത്യസ്തമായ സിനിമകൾ പ്രകാശിതമാകാൻ അവസരമില്ലാതിരുന്ന കാലത്ത് അത്തരം സൃഷ്ടികളുടെ സാന്നിദ്ധ്യം ജനങ്ങളെ അറിയിക്കുന്നതിന് തൊഴിലിടങ്ങളിലും ജനപദങ്ങളിലും അവ പ്രദർശിപ്പിക്കുന്നത് ഒരാവശ്യമായിരുന്നു. ഈ സാഹചര്യമാണ് ലോകവ്യാപകമായി ഫിലിം സൊസൈറ്റികൾ രൂപീകൃതമാവാൻ കാരണമായതും. ഇന്ന് അത്തരം സിനിമകൾ കാണാനുള്ള അവസരം ചലച്ചിത്രവ്യവസായത്തിന്റെ വിപണിവ്യവസ്ഥക്ക് പുറത്തുണ്ട്. എന്നാൽ പുതിയ കാലത്ത് പ്രേക്ഷകർ ഈ അവസരം ഉപയോഗിക്കാൻ വിമുഖത കാട്ടുന്നു എന്നതാണ് ഫിലിം സൊസൈറ്റികൾ ഇന്ന് നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി. ഇതിന്റെ കാരണങ്ങളാണ് കണ്ടെത്തേണ്ടത്. കേരളത്തിൽ ഫിലിം സൊസൈറ്റികൾ സജീവമായിരുന്ന കാലത്ത് അവയുടെ സംഘാടകർ യുവാക്കളായിരുന്നു. അന്ന് നിലനിന്നിരുന്ന സാമൂഹ്യവും സാംസ്ക്കാരികവുമായ ഒരു ഉണർവ് അതിന് ഊർജ്ജം പകരുകയുമുണ്ടായി. എൺപതുകളുടെ അവസാനമാകുമ്പോഴേക്കും ഇത് കെട്ട് തുടങ്ങിയതിന് നിരവധി കാരണങ്ങളുണ്ട്. ഈ യുവാക്കൾ ഗാർഹസ്ഥ്യത്തിലേക്ക് പ്രവേശിച്ച് തുടങ്ങുകയും പൊതുരംഗങ്ങളിൽ പ്രവർത്തിക്കുന്നതിന് അവർ ചെലവഴിച്ച സമയം കുറഞ്ഞ് വരികയും ചെയ്തത് ഒരു കാരണമാണെന്ന് കാണാതെ പോകുന്നുണ്ട്. ഈ പ്രസ്ഥാനം ആരംഭിച്ചപ്പോൾ മുൻ‌നിരയിലുണ്ടായിരുന്ന ഒരു തലമുറയല്ലാതെ അതിന്റെ നൈരന്തര്യം നിലനിർത്താൻ പിന്മുറക്കാർ ഇല്ലാതെ പോയി അല്ലെങ്കിൽ ഉണ്ടാക്കാൻ ശ്രമിച്ചില്ല എന്നതും ഒരു കാരണമാണ്. ആദ്യകാല പ്രവർത്തകർ അവരുടെ സ്വകാര്യജീവിതത്തിലേക്ക് ഉൾവലിഞ്ഞ് മക്കൾക്ക് നല്ല വിദ്യാഭ്യാസവും ജീവിതവും നൽകാനുള്ള വ്യഗ്രതയിലായി. പഠനത്തിലും മികച്ച തൊഴിൽ നേടുന്നതിലും മാത്രം ശ്രദ്ധാലുക്കളായ ഒരു തലമുറയെയാണ് അവർ വളർത്തിക്കൊണ്ട് വന്നത്. ക്രമേണ പൊതുജീവിതവും കൂട്ടായ പ്രവർത്തനങ്ങളും ഒന്നുമില്ലാതെ എല്ലാവരും അവരവരിലേക്ക് ചുരുങ്ങുന്ന കാഴ്ച്ചയാണ് കണ്ടത്. ആഗോളീകരണവും ടെലിവിഷനും ഇന്റർനെറ്റുമൊക്കെ ഈ ചുരുങ്ങലിന് ആക്കം കൂട്ടി. എന്നാൽ ജീവിതത്തിന്റെ വിശ്രമവേളയിലെങ്കിലും ഇതിൽ നിന്നും പുറത്ത് കടക്കാൻ കഴിയാത്തവരാണ് ഭൂരിഭാഗവും. അന്യദേശങ്ങളിൽ ജോലിചെയ്യുന്ന മക്കളുടെ കുടുംബജീവിതത്തിന് ഭദ്രതയുണ്ടാക്കാൻ അവരുടെ കുഞ്ഞുങ്ങളെ നോക്കാനോ ദമ്പതികളിൽ ഒരാളുടെ അസാന്നിദ്ധ്യത്തിൽ മറ്റേയാൾക്ക് കൂട്ടാകാനോ നാട്‌വിട്ട് മക്കളോടൊപ്പം ജീവിക്കുന്നത് വലിയ അഭിമാനമായി കരുതുന്നവരാണിവർ. രാഷ്ട്രീയപാർട്ടികളുടെ നിർബ്ബന്ധത്തിലോ ജാതിമത കൂട്ടായ്മകളിലോ ഉത്സവാഘോഷങ്ങളിലോ പൂർവ്വവിദ്യാർത്ഥി/ കുടുംബസംഗമങ്ങളിലോ മാത്രമാണ് ഇന്ന് ആൾക്കൂട്ടമുണ്ടാകുന്നത്. സർഗ്ഗാത്മകമായ പൊതു ഇടങ്ങളൊക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് നഷ്ടപ്പെട്ടുപോയ കൂട്ടായ്മയെ പുനരാനയിക്കാൻ വഴികളാരായുന്നതിന് പകരം തങ്ങളുടെ പാണ്ഡിത്യവും വരേണ്യതയും പ്രദർശിപ്പിക്കാനുള്ള അവസരമായി പ്രസിദ്ധീകരണങ്ങളുടെ താളുകൾ വിനിയോഗിക്കുന്നത് സമൂഹത്തോട് കാണിക്കുന്ന അനീതിയാണ്. ഇത് തിരിച്ചറിഞ്ഞിട്ടുള്ള ഒരു ന്യൂനപക്ഷം മാത്രമാണ് ഇന്നും ഗൃഹാതുരതയോടെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെ നിലനിർത്തുന്നത്. ഈ ശതാബ്ദത്തിന്റെ തുടക്കത്തിൽ ഡി വി ഡി യും എൽ സി ഡി പ്രൊജക്റ്ററും സുലഭമായി ഫിലിം സൊസൈറ്റി സംഘാടനം ക്ലേശകരമല്ലാതായിത്തീർന്നതോടെ പുതിയ ചില സംഘങ്ങൾ രൂപീകരിക്കപ്പെട്ട് വന്നിട്ടുണ്ട്. താൽക്കാലികാവേശത്തിൽ രൂപീകരിപ്പെട്ട അത്തരം സംഘങ്ങളിൽ ഭൂരിഭാഗവും അല്പായുസ്സുക്കൾ മാത്രമാണ്. കേരളത്തിലാകെ നൂറിലധികം സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റീസ് ഒഫ് ഇന്ത്യയുടെ അവകാശവാദം ഈ സൊസൈറ്റികളെയും ചേർത്ത് കൊണ്ടാണ്. തങ്ങളുടെ പ്രവർത്തനം കൊണ്ട് കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനം ജനകീയമായി എന്ന് വീമ്പ് പറയാനും ഫെഡറേഷന്റെ ഭാരവാഹികളെ തെരഞ്ഞെടുക്കുമ്പോൾ തങ്ങൾക്ക് അധികാരം നഷ്ടപ്പെടാതെ വീണ്ടും വീണ്ടും വിജയിപ്പിക്കാനും ഈ കടലാസ് സംഘങ്ങൾ പ്രയോജന‌പ്പെടും എന്നതാണ് അവരെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്.എഴുപതുകളിൽ ആരംഭിച്ച് കാലത്തിന്റെ എല്ലാ പ്രഹരങ്ങളും അതിജീവിച്ച് ഇപ്പോഴും പ്രവർത്തിക്കുന്ന പത്തിൽ താഴെ എണ്ണവും കഴിഞ്ഞ ദശകത്തിൽ ആരംഭിച്ച അത്രയും എണ്ണവും മാത്രമേ സജീവമായി നിലനിൽക്കുന്നുള്ളൂ എന്നതാണ് സത്യം.
ലളിതവും സുഗമവുമായ ഒരു വിവർത്തനസങ്കേതം വികസിപ്പിച്ചെടുത്ത ശ്രമങ്ങളെ ഒട്ടും വിലകുറച്ചുകാണാതെ തന്നെ പറയട്ടെ. സിനിമയെ നമ്മുടെ ഭാഷയിലേക്ക് അടുപ്പിക്കുന്നത് കൊണ്ട് എന്താണ് നേട്ടമെന്നും ഒരു പുതിയ പ്രേക്ഷകസമൂഹത്തെ വികസിപ്പിക്കാൻ അത് എങ്ങിനെയാണ് സഹായിക്കുന്നതെന്നും മനസ്സിലാവുന്നില്ല. ഭാഷാതടസ്സമല്ല വ്യത്യസ്തമായൊരു ലാവണ്യബോധത്തോടുള്ള വിപ്രതിപത്തിയാണ് പ്രേക്ഷകസമൂഹം വികസിക്കാത്തതിന് കാരണമെന്ന് ആർക്കാണറിയാത്തത്? മലയാള ഭാഷയിലുള്ള വ്യത്യസ്തമായ ചിത്രങ്ങളോടുള്ള പ്രേക്ഷക സമീപനം തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ തെളിവ്. വ്യത്യസ്തമായ സിനിമയോട് നമുക്കുള്ള നിലപാടിന്റെ മറ്റൊരു സൂചകം ഇവിടെ ഇറങ്ങുന്ന കുറച്ചെങ്കിലും വ്യത്യസ്തവും മറ്റു മേളകളിൽ പുരസ്ക്കാരങ്ങൾ നേടിയതുപോലുമായ മലയാളസിനിമകൾ പ്രദർശനത്തിന് വരുമ്പോൾ കാണാനാലാളില്ലാ‍ത്തത് കൊണ്ട് ഒരു ദിവസം പോലും അവയ്ക്ക് തിയറ്ററുകളിൽ നിൽക്കക്കള്ളിയില്ല എന്ന സി എസ് വെങ്കിടേശ്വരന്റെ നിരീക്ഷണം ഈ വാദത്തെ അതിശക്തമായി സാ‍ധൂകരിക്കുന്നുണ്ട്. ഉപശീർഷകങ്ങൾ കാഴ്ചയെ അലോസരപ്പെടുത്തുന്ന ഒരു ഏർപ്പാടാണെന്ന് സമ്മതിക്കാത്തവരാരുമില്ല. കണ്ടല്ല, വായിച്ച് സിനിമ അറിയുന്നവർ എന്നൊരു ആക്ഷേപം ഫിലിം സൊസൈറ്റി പ്രേക്ഷകർക്കെതിരെ പണ്ടേ നില നിൽക്കുന്നുണ്ട്. ഏറ്റവും പുതിയ, ഏറ്റവും കൂടുതൽ സിനിമ കാണൽ എന്ന ആക്രാ‍ന്തവും അവസരവുമില്ലാത്ത കാലത്ത് ഒന്നിലധികം തവണത്തെ കാഴ്ച്ചയിലൂടെയാണ് കാഴ്ച്ചയുടെ അശാന്തി മറികടന്ന്‌ ഒരു ക്ലാസ്സിക്കിനെ പൂർണ്ണമായി ഉൾക്കൊണ്ടിരുന്നത്. മാത്രവുമല്ല, മൊഴിയല്ലാതെ മറ്റൊരു ദേശത്തിന്റെ ദൃശ്യബോധമോ, സംസ്ക്കാരമോ വിവർത്തനം ചെയ്യുക അസാദ്ധ്യവുമാണ്.പരഞ്ജനോവിന്റെയും മറ്റും സിനിമകൾ എങ്ങിനെയാണ് ഭാഷാന്തരം ചെയ്യുക എന്ന് നാം അന്ധാളിച്ച് പോകുന്നതും അത്കൊണ്ടാണ്.കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഉപശീർഷകങ്ങളേ വേണ്ടെന്ന് ഒരു വിഭാഗം ശക്തിയായി വാദിച്ചത് അടൂർ ഗോപാലകൃഷ്ണന്റെ ഒരു പരാമർശത്തെ എതിർക്കാനായിരുന്നെങ്കിലും അതിൽ ഈ സമ്മതം തന്നെയാണ് അടങ്ങിയിരിക്കുന്നത്. പ്രദർശനത്തിന് മുമ്പ് ചിത്രത്തെ വിശദമായി പരിചയപ്പെടുത്തുകയും ആഖ്യാനത്തിന്റെ നൈരന്തര്യം ഉരുവിടുന്ന വാക്കുകളിലൂടെ മാത്രമേ പിന്തുടരാൻ കഴിയൂ എന്ന അനുപേക്ഷണീയ സന്ദർഭങ്ങളിൽ ശബ്ദപഥത്തിന് പോറലേൽക്കാതെ ചുരുങ്ങിയ വിവരണം നൽകുകയോ അല്ലെങ്കിൽ മറ്റേതെങ്കിലും പുതിയ സങ്കേതം കണ്ടെത്തുകയോ വേണ്ടിയിരിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന ഐ എഫ് എഫ് കെ-യിലടക്കം മലയാളം ഉപശീർഷകങ്ങൾ വേണമെന്ന വാദമൊക്കെ തങ്ങളുടെ സാങ്കേതിക വഴക്കത്തെ സാധൂകരിക്കാനുള്ള ചിലരുടെ ശ്രമങ്ങൾ മാത്രമായിട്ടേ കാണാൻ കഴിയൂ. അന്യസംസ്ഥാനങ്ങളിൽ നിന്നും അന്യദേശങ്ങളിൽ നിന്നുമെത്തുന്ന വിധികർത്താക്കളും ചലച്ചിത്രപ്രവർത്തകരും മാദ്ധ്യമപ്രവർത്തകരും പ്രേക്ഷകരുമെല്ലാം കേരളത്തിന്റെ ‘കാർണിവലി‘നെത്തുന്ന മലയാളിസമൂഹത്തിനൊപ്പം മലയാളം ഉപശീർഷകങ്ങളോടെ ചിത്രങ്ങൾ കണ്ടാൽ മ തിയെന്ന തീർപ്പ് സ്വേഛാപരമാണ്.
ഐ എഫ് എഫ് കെ യിൽ എത്തിച്ചേരുന്ന പ്രേക്ഷകരിൽ ഭൂരിഭാഗവും ഫിലിം സൊസൈറ്റികളിലൂടെ സിനിമാസ്വാദകരംഗത്തെത്തിയവരാണെന്ന് ഒരു കുറിപ്പിൽ നിരീക്ഷിച്ച് കാണുന്നുണ്ട്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിപ്പുറം മേളയിൽ പങ്കെടുത്ത വരാരും അങ്ങിനെ പറയുമെന്ന് തോന്നുന്നില്ല. പ്രേക്ഷക ഉത്തരവാദിത്തമോ കലയോടുള്ള ബാദ്ധ്യതയോ ഇല്ലാ‍ത്ത ഒരാൾക്കൂട്ടമാണ് അവിടെ. സിനിമ എന്ന മാദ്ധ്യമത്തോടും കലയോടുമുള്ള സമീപനം അവിടത്തെ ‘ആൾക്കൂട്ട‘പെരുമാറ്റത്തിൽ ദർശിക്കാം. ചലച്ചിത്രത്തിന്റെ ആഘോഷത്തിന് ബാഹ്യമായ മറ്റ് പലതുമാണ് അവിടെ അരങ്ങേറുന്നത്.ചലച്ചിത്രമെന്ന കലയോടോ അത് സൃഷ്ടിച്ച കലകാരനോടോ കാണിക്കേണ്ട ബഹുമാനമോ ആദരവോ കാട്ടാത്ത പ്രയോജകവാദികളുടെ സമ്മേളനമായിത്തീർന്നിട്ടുണ്ട് നമ്മുടെ മേളയെന്നും കാണേണ്ടതുണ്ട്.

അനുഭവത്തിന്റെ ദാരിദ്ര്യം പ്രകടമായ, കേട്ടറിഞ്ഞും വായിച്ചറിഞ്ഞതുമായ വിവരങ്ങൾ ചരിത്രമായി പകർത്തിയെഴുതി, പ്രസ്ഥാനത്തിന്റെ നേട്ടങ്ങൾ സ്വന്തം കണക്കിൽ ചേർക്കാനുള്ള വ്യഗ്രതയിൽ വസ്തുതാവിരുദ്ധമായ പ്രസ്താവങ്ങളും ഉൾപ്പെട്ടിട്ടുണ്ട് ആ കുറിപ്പിൽ. 1924ലാണ് ആദ്യത്തെ ചലച്ചിത്രാസ്വാദകസംഘം രൂപീകരിക്കപ്പെട്ടത്, ഇന്ദിരാഗാന്ധി വൈസ് പ്രസിഡണ്ടായി എഫ് എഫ് എസ് ഐ രൂപീകരിക്കപ്പെട്ടു,സാമൂഹ്യമായ സമ്മർദ്ദശക്തിയെന്ന നിലയിൽ സിനിമയെ പ്രോത്സാഹിപ്പിക്കണമെന്ന് എഫ് എഫ് എസ് ഐയുടെ പ്രഖ്യാപിത ലക്ഷ്യമാണ്,മലയാളസിനിമ പഴയ സംഗീതനാടക പാരമ്പര്യത്തിന്റേയും സാഹിത്യാധിഷ്ഠിത രചനകളുടേയും സ്വാധീനത്തിൽനിന്നും വിടുതൽ നേടിയത് ഫിലിം സൊസൈറ്റികളുടെ പ്രവർത്തനഫലമായാണ് എന്നൊക്കെ തട്ടിവിട്ടിരിക്കുന്നത് അങ്ങിനെയാണ്.
സ്മാർട് ഫോണും ഇന്റർനെറ്റും ടി വി യും കൂട്ടായ കാഴ്ച്ചയുടെ സംതൃപ്തി നൽകുന്നില്ലെന്നും കച്ചവടവത്ക്കരണത്തിന്റെ അഭൂതപൂർവ്വമായ അലോസരങ്ങളും പരസ്യങ്ങളുടെ അപ്രതിരോധ്യമായ പ്രവാഹവും വ്യക്തിപരമായ ആസ്വാദനങ്ങളെ തടസ്സപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനാൽ കൂട്ടായിരുന്ന് സിനിമ കാണുന്നത് വ്യത്യസ്തവും ആഹ്ലാദകരവുമായ അനുഭവമാണെന്ന് തിരിച്ചറിഞ്ഞ് പ്രേക്ഷകർ തിരിച്ചെത്തുമെന്ന വിശ്വാസം ആഗ്രഹചിന്ത മാത്രമാകുന്നു. മുഖ്യധാരാ സിനിമ ഏതാണ്ടൊരു മാഫിയാ സ്വഭാ‍വം കൈവരിച്ചതും പ്രേക്ഷകരിൽ ഒരു വലിയ വിഭാഗത്തിന് മടുപ്പ് വന്നതും കൊണ്ട് മലയാള സിനിമയിലെ ചീത്ത പടപ്പുകളെ തിരസ്ക്കരിക്കുന്നുവെന്ന കണ്ടെത്തലിന് വിരുദ്ധമാണ് ദൃശ്യം, പ്രേമം പോലുള്ള സിനിമകൾ നേടിയ ജനപ്രിയത. സിനിമ എന്ന വ്യവസായവും അതിനോട് ചേർന്ന് നിൽക്കുന്ന വൻ വിപണിയും എല്ലാ തന്ത്രങ്ങളും പ്രയോഗിച്ച് അതിന്റെ ലാഭം വർദ്ധിപ്പിച്ച് കൊണ്ടേയിരിക്കും. പ്രതിസന്ധികൾ നേരിടുമ്പോൾ അത് തരണം ചെയ്യാനുള്ള സംവിധാനവും അതിനകത്തുണ്ട്. അത് കൊണ്ട് സിനിമാവ്യവസായം തകർന്ന് ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ പുഷ്ക്കല കാലം തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കുന്നത് ഒട്ടും യാഥാർത്ഥ്യബോധമില്ലാതെയാണ്. പ്രതിഭയുടെ നിഴലാട്ടം പോലുമില്ലാത്ത മുഷിപ്പൻ ചിത്രങ്ങൾ മുഖ്യധാരാ സിനിമയുടെ മുഖമുദ്രയായിക്കഴിഞ്ഞ ഈ അവസരത്തിൽ പ്രേക്ഷകവൃന്ദത്തെ നേടിയെടുക്കാൻ ഫിലിം സൊസൈറ്റികളുടെ സർഗ്ഗാത്മക ഇടപെടൽ എങ്ങിനെയാകണമെന്ന് വ്യക്തമാക്കപ്പെട്ടിട്ടുമില്ല.
പ്രേമം എന്ന സിനിമയുടെ ഡൌൺലോഡിങ്ങ് സൈബർസ്പേസിലെ സ്വാതന്ത്ര്യമാണെന്നും മുതൽമുടക്കിന്റെ എത്രയോ ഇരട്ടി ലാഭം നേടിയതിനാൽ പൈറസിക്കെതിരെയുള്ള പരാതിയിൽ കഴമ്പില്ലെന്നും തീരുമാനിക്കുന്നത് അസംബന്ധമാണ്. കണക്കറ്റ ലാഭം മാത്രം ലക്ഷ്യമിടുന്ന സിനിമാകച്ചവടക്കാർ അവരുടെ വ്യാപാരത്തിന് ഊനം തട്ടുന്നതിനെതിരെ നിലവിലുള്ള നിയമങ്ങൾക്ക് വിധേയമായി സംരക്ഷണം നേടുന്നത് സ്വാഭാവികമാണ്. അത് തങ്ങളുടെ ‘മിഥ്യാ‘ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് എന്നൊക്കെ പരാതിപ്പെടുന്നത് ബാലിശമാണ്. അങ്ങനെയൊരു സ്വാതന്ത്ര്യം ഒരു പ്രത്യേക വിഭാഗത്തിന്റെ അവകാശമാണെന്ന് വാദിക്കുന്നത് ഒരു തരം വരേണ്യത തന്നെയാണ്.  മലയാളസിനിമയുടെ വിപണിവ്യവസ്ഥക്ക് അകത്ത് നിന്ന് തന്നെ ഒരാൾ ആ സിനിമയുടെ നൈതികതയെ വിമർശിച്ച ആർജ്ജവം പോലും കാണിക്കാതെ ലാഭം കൊയ്തതിലുള്ള അസൂയയാണ് അതിലൂടെ വെളിപ്പെടുന്നത്. ജനകീയ ഇടപെടലുകൾ നടത്തുന്നുവെന്ന് അവകാശപ്പെടുന്നവർ ആ ചിത്രം ഡൌൺലോഡ് ചെയ്ത് തുറന്ന ഇടങ്ങളിൽ പ്രദർശിപ്പിച്ച് വിശകലനം ചെയ്ത് ജനം എങ്ങിനെയാണ് ചൂഷണം ചെയ്യപ്പെടുന്നതെന്ന് (യുവാക്കൾ അത് ഡൌൺലോഡ് ചെയ്ത് കണ്ടു എന്ന ഒറ്റക്കാരണം കൊണ്ടാണ് പിന്നീട് തിയറ്ററിലെത്തി ബോക്സോഫീസിൽ റെക്കോർഡ് തകർക്കാൻ സഹായിച്ചത് എന്നാണ് ലേഖകൻ സമർത്ഥിച്ചിട്ടുള്ളത്.) തുറന്ന് കാട്ടിയിരുന്നെങ്കിൽ കലയെ കുത്തകയാക്കുന്ന ന്യൂനപക്ഷത്തിനെതിരെയുള്ള ജനകീയ പ്രവർത്തനമാകുമാ‍യിരുന്നു അത്.നല്ല സിനിമകൾ പ്രദർശിപ്പിച്ചും വിശകലനം ചെയ്തും ചർച്ച ചെയ്തും പുതിയ ചലച്ചിത്രാവബോധം വളർത്താനുള്ള ശ്രമങ്ങൾ തുടരുന്നതോടൊപ്പം ജനപ്രിയ ചിത്രങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ച് അതിന്റെ ജനവിരുദ്ധതയും വാണിജ്യതാല്പര്യങ്ങളും വിശകലനം നടത്തി അവരെ അത്തരം ചിത്രങ്ങളിൽ നിന്ന് അകറ്റുന്ന പ്രവർത്തനങ്ങളും തുല്യപ്രാധാന്യത്തോടെ ഏറ്റെടുക്കേണ്ടതുണ്ട്.
ബഹുജനങ്ങളിൽ നിന്നുള്ള സംഭാ‍വനകൾ സ്വീകരിക്കാൻ അവർക്ക് എന്തെങ്കിലും പ്രയോജനമുള്ള പ്രവർത്തനം നടത്തണമെന്ന് വാദിക്കുമ്പോൾ ഫിലിം സൊസൈറ്റികളുടെ ഇതുവരെയുള്ള പ്രവർത്തനം ജനങ്ങൾക്ക് ഒരു പ്രയോജനവും ചെയ്തിട്ടില്ലെന്ന സമ്മതമാണ്. കേരളത്തിലെ സാംസ്ക്കാ‍രിക പ്രവർത്തകരെങ്കിലും ഇതിനോട് യോജിക്കുമെന്ന് തോന്നുന്നില്ല. മിമിക്സ് പരേഡും റിയാലിറ്റി ഷോയും മറ്റും നടത്തി പണമുണ്ടാക്കി ഫിലിം സൊസൈറ്റികളുടെ സാമ്പത്തിക പ്രശ്നങ്ങളൊക്കെ പരിഹരിക്കാമെന്ന കണ്ടെത്തലൊക്കെ എത്ര പരിഹാസ്യമാണ്! ‘അടൂർ ഗോപാലകൃഷ്ണന്റെ സിനിമ കാണിക്കാൻ പ്രിയദർശൻ സിനിമകളുടെ മേള നടത്തി പണം ശേഖരിക്കുന്നു‘എന്ന കമ്പോളസിനിമയിൽ പ്രവർത്തിക്കുന്ന ഒരാളുടെ പരിഹാസമാണ് ഇവിടെ ഓർമ്മ വരുന്നത്. ഫിലിം സൊസൈറ്റികളിൽ സാമ്പത്തിക നിക്ഷേപം നടത്തുന്നവർക്ക് ഉത്തേജകമായ നികുതിയിളവുകൾ നൽകാൻ ആവശ്യമുന്നയിച്ച് നേടിയെടുക്കണമെന്ന നിർദ്ദേശം മുന്നോട്ട് വെക്കുന്നത് ഫിലിം സൊസൈറ്റികളുടെ ഇപ്പോഴത്തെ സ്വതന്ത്രപ്രവർത്തനത്തിന് തടസ്സമാകുമെന്ന ചിന്തയില്ലാതെയാണ്. അങ്ങിനെയുള്ള ഇളവുകൾ ലഭിച്ചാൽ തന്നെ ആരാ‍ണ് നിക്ഷേപം നടത്തുവാൻ മുന്നോട്ട് വരിക എന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്.

ഫിലിം സൊസൈറ്റികൾ അതത് രാജ്യത്തെ വ്യവസ്ഥാപിത ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായാണ് പ്രവർത്തിക്കുന്നത്.  പ്രസ്ഥാനത്തിന്റെ ഗൌരവം കണക്കിലെടുത്ത് പല നിയമങ്ങളിൽ നിന്നും ഭരണകൂടം ഇളവുകൾ അനുവദിക്കാറുമുണ്ട്. സെൻസർഷിപ്പിൽ നിന്നും വിനോദനികുതിയിൽ നിന്നുമൊക്കെ ഫിലിം സൊസൈറ്റി പ്രദർശനങ്ങൾ നമ്മുടെ നാട്ടിൽ ഒഴിവാക്കപ്പെടുന്നുണ്ട്. കാലഹരണപ്പെട്ടു എന്ന കാരണം കൊണ്ട് നിയമങ്ങൾ പാലിക്കാൻ ബാദ്ധ്യസ്ഥരല്ലെന്ന് ആരെങ്കിലും വാദിച്ചാൽ അത് അരാജകത്വമാണ്. നിയമങ്ങളൊക്കെ  മാറ്റിയെഴുതണമെന്ന നവലിബറൽ സാമ്പത്തികവാദികളുടെ  സ്വരം തന്നെയാണ് ഇവിടെയും പ്രതിദ്ധ്വനിക്കുന്നത്. അത്കൊണ്ട് വിപണിക്ക് അനുകൂലമായി ചട്ടങ്ങൾ പരിഷ്ക്കരിക്കാൻ സാംസ്ക്കാരിക പ്രവർത്തകർ സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് ആഹ്വാനം ചെയ്യുന്നത് അസംബന്ധമാണ്.
ഇതര സാമൂഹ്യപ്രസ്ഥാനങ്ങളോട് കൈകോർക്കുന്നുവെന്ന നാട്യത്തിൽ സത്യാഗ്രഹ പന്തലിലും ജനപദങ്ങളിലുമെത്തി ചലച്ചിത്രങ്ങൾ അടിച്ചേല്പിച്ച് ‘ജനകീയവേഷം‘ സ്വയം അണിയുന്നവരും കേരളത്തിൽ ഇല്ലാതില്ല. തങ്ങളുടെ പ്രമാണിത്തം അംഗീകരിക്കാ‍തെ  ജനങ്ങൾ അകലുമ്പോൾ സാങ്കേതികവഴക്കം പ്രദർശിപ്പിച്ച് പിടിച്ച് നിർത്താൻ നടത്തുന്ന ശ്രമങ്ങൾ വിഫലമാകുന്നുവെന്ന് ബോദ്ധ്യമാവുമ്പോൾ ഇതര സംഘങ്ങൾക്കെതിരെ അസൂയാകലുഷിതമായ ആക്ഷേപങ്ങൾ ഉന്നയിച്ച് നൈരാശ്യം പ്രകടിപ്പിക്കുന്നവരുമുണ്ട്. ആവർത്തിതപ്രയോഗം കൊണ്ട്   മൂല്യശോഷണം സംഭവിച്ചതും സ്വന്തം പ്രവർത്തനരീതിക്ക് തന്നെ ചേരുന്നതുമായ വിശേഷണങ്ങളാണ് മറ്റുള്ളവരിൽ ആക്ഷേപമായി ചാർത്തുന്നത്. വിവേകികളും വിവേചനശേഷിയുമുള്ള പ്രേക്ഷകവൃന്ദത്തെ സൃഷ്ടിച്ചെടുത്ത് ഭൂരിപക്ഷത്തിന് മാർഗ്ഗദർശനം ചെയ്യാ‍ൻ കെല്പുള്ളവരാക്കുക എന്ന ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ അടിസ്ഥാനസങ്കല്പവും ധർമ്മ‌വുമനുസരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങളുടെ അന്തകരാകാൻ ശ്രമിക്കുകയാണിവർ.                                              
സിനിമ എന്നും ജനകീയവും ജനപ്രിയവുമായി ജനങ്ങൾക്കിടയിൽ തന്നെയുള്ളപ്പോൾ ആരും അതിനെ ദന്തഗോപുരത്തിൽ നിന്ന് ഇറക്കിക്കൊണ്ട് വരികയൊന്നും വേണ്ട. അതിൽ നല്ലതേത് ചീത്തയേത് എന്ന് തിരിച്ചറിയാനുള്ള ശേഷിയും നല്ലതിനെ സ്വീകരിക്കാനുള്ള ക്ഷമതയും ജനങ്ങൾക്കുണ്ടാവും വിധമുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കലാണ് ഫിലിം സൊസൈറ്റികളുടെ കർത്തവ്യം. അത് നിറവേറ്റുന്നതിന് പകരം ചില വിശേഷണ പദാവലികളുമായി ജനങ്ങളുടെ പിറകേ ഓടുന്നത് എന്തിനാണെന്ന് എല്ലാവർക്കും മനസ്സിലാവുന്നുണ്ട്.ബഹുജനങ്ങളെ ലോകസിനിമയിലേക്ക് അടുപ്പിക്കുക അസാദ്ധ്യമാണെന്ന സത്യം സിനിമയുടെ ചരിത്രത്തോളം പഴക്കമുള്ളതാണ്. ലാഭേച്ഛയോടെ വിപണിയിലെത്തിക്കുന്ന മയക്കുഗുളികകളല്ല മറിച്ച് മനുഷ്യജീവിതയാഥാർത്ഥ്യങ്ങളെ സഗ്ഗാത്മകമായി പരിചരിക്കുന്ന സൃഷ്ടികൾ ഉണ്ടെന്നും അത് കാണാനുള്ള അവസരം നിഷേധിക്കാൻ ആരെയും അനുവദിക്കില്ല എന്ന് അവരെ ബോദ്ധ്യപ്പെടുത്തലുമാണ് ഫിലിം സൊസൈറ്റികളുടെ ദൌത്യം. ഈ വിശ്വാസത്തോടെ കേരളത്തിൽ അൻപതാണ്ട് മുൻപ് പിറവിയെടുത്ത പ്രസ്ഥാനത്തിന്റെ കാലത്തെ പ്രേക്ഷകർ പോലും ഫിലിം സൊസൈറ്റി പ്രദർശനങ്ങൾക്കെത്തുന്നില്ലെന്നതാണ് ഇന്നത്തെ യാഥാ‍ർത്ഥ്യം. അനന്തര തലമുറകളിലേക്ക് ഈ പ്രസ്ഥാനത്തിന് ഒരു സ്വാധീനവും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നതും വാസ്തവം. ഈയൊരു സമൂഹ്യാവസ്ഥയിൽ പ്രസ്ഥാനത്തെ കാലനുസൃതമായി നവീകരിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിക്കുന്നതിന് പകരം ഗൃഹാതുരതയും ആഗ്രഹചിന്തകളും അപ്രായോഗിക പോംവഴികളും ഉയർത്തിയും, സ്വയമണിയുന്ന വരേണ്യതയും തന്റേതിൽ നിന്ന് വ്യത്യസ്തവും തന്നോട് യോജിക്കാത്തതുമായ വ്യത്യസ്തമായ പ്രവർത്തനരീതികളെ ശത്രുതയോടെ ഇല്ലാതാക്കാൻ നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങളും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ നല്ല കാലമൊന്നും തിരിച്ചു കൊണ്ടുവരില്ല.  ‘ഡിജിറ്റൽ സിനിമയുടെ ഉത്സവകാലത്ത്, സിനിമയെക്കുറിച്ചും ദൃശ്യത്തെക്കുറിച്ചുമുള്ള ചിന്തയേയും ഭാവനയേയും കാഴ്ച്ച എന്ന അനുഭവത്തേയുമെല്ലാം മാറ്റിമറിച്ചിരിക്കുന്ന സാഹചര്യത്തിൽ‘2 ഫിലിം സൊസൈറ്റികളുടെ പ്രവർത്തനരീതി നവീകരിക്കേണ്ടതുണ്ട്. ‘എവിടെ നിന്നോ വരുന്ന കുറേ ദൃശ്യാഖ്യാനങ്ങളുടെ സഞ്ചയം കാണുക എന്ന രീതി വിട്ട് അവയെക്കുറിച്ചുള്ള വ്യവഹാരങ്ങളും വിശകലനങ്ങളും ആവിഷ്ക്കരിച്ച്കൊണ്ട് കാഴ്ച്ചയ്ക്കും കാണലിനും പുതിയ ചട്ടക്കൂടുകൾ വികസിപ്പിക്കേണ്ടതുണ്ടെ്3 എന്ന നിർദ്ദേശവും സ്വീകാര്യമാ‍ണ്.
കേരളത്തിലെ ഫിലിം സൊസൈറ്റിപ്രസ്ഥാനത്തിന്റെ ചരിത്രം രേഖപ്പെടുത്തുമ്പോൾ പയ്യന്നൂരിലെ സർഗ്ഗയുൾപ്പെടെ ഏതാനും സൊസൈറ്റികളുടെ പ്രവർത്തനം സ്പർശിക്കാതെ അത് പൂർണ്ണമാവില്ല. അത് കൊണ്ട് സർഗ്ഗയുടെ ചരിത്രവും ഇവിടെ ചേർക്കുന്നത് വളരെ പ്രസക്തമാണ്. മറ്റ് സൊസൈറ്റികളുടെ ഭൂതകാലവും അത് പോലെ ചേർക്കപ്പെടേണ്ടതുണ്ട്. അതിന് അവരെ ക്ഷണിക്കുകയും സമഗ്രമായ ചരിത്രനിർമ്മിതിക്ക് സഹായകമായ, സർഗ്ഗയെ സംബന്ധിച്ച ചില കാര്യങ്ങൾ ഇവിടെ കുറിക്കുകയും ചെയ്യട്ടെ.
1975ലാണ് പയ്യന്നൂരിൽ ഒരു ഫിലിം സൊസൈറ്റി രൂപീകൃതമാവുന്നത്. അക്കാലത്ത് ശ്രീ. അടൂർ ഗോപാലകൃഷ്ണനായിരുന്നു ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റീസ് ഒഫ് ഇന്ത്യയുടെ ദക്ഷിണമേഖലാ ലെയ്സൺ സെക്രട്ടറി. ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അന്ന് അസ്സോസിയേഷൻ ഒഫ് ഫിലിം സൊസൈറ്റീസ് ഒഫ് കേരള (അഫ്സിക്)യും നിലവിലുണ്ടായിരുന്നു. എന്നാൽ ഫെഡറേഷന് സമാന്തരമായി സമാനസ്വഭാവമുള്ള മറ്റൊരു സംഘടന പ്രവർത്തിക്കുന്നത് ഉചിതമല്ല എന്ന എഫ് എഫ് എസ് ഐ യുടെ തീരുമാനപ്രകാരം അഫ്സിക്കിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. അതിന്ശേഷം ‘ചിത്രലേഖ`യുടെ ആഭിമുഖ്യത്തിലുള്ള സെന്റർ ഫോർ ഫിലിം സ്റ്റഡീസ് കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ ഏകോപനം തുടർന്നു. അത് കൊണ്ട് പയ്യന്നൂരിലെ ഫിലിം സൊസൈറ്റി രൂപീകരണത്തിന് ഉപദേശവും നിർദ്ദേശങ്ങളും സ്വീകരിച്ചിരുന്നത് അവിടെ നിന്നായിരുന്നു. സെന്റർ അയച്ച് തന്ന നിയമാവലിയുടെ മാ‍തൃക ഉപയോഗിച്ച് സൊസൈറ്റിയുടെ ഭരണഘടന എഴുതുകയും അംഗങ്ങളുടെ പൊതുയോഗം ചേർന്ന് അംഗീകരിക്കുകയും ഭരണഘടന നിർദ്ദേശിച്ച പ്രകാരമുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്ത് റജിസ്റ്റ്രേഷന് തയ്യാറെടുക്കുകയായിരുന്നു ആ‍ സംഘം. അപ്പോഴാണ് സെന്ററിൽ നിന്ന് ഒരു കത്ത് വരുന്നത്. ‘പയ്യന്നൂരിൽ മറ്റൊരു ഫിലിം സൊസൈറ്റി കൂടി രൂപീകരിച്ചിട്ടുണ്ട്, പയ്യന്നൂർ പോലുള്ള ഒരു സ്ഥലത്ത് ഒന്നിലധികം സൊസൈറ്റികളുടെ സാദ്ധ്യതയില്ല (ഇപ്പോഴുമില്ല എന്നതാണ് യാഥാർത്ഥ്യം), അത് കൊണ്ട് യോജിച്ച് ഒരു സൊസൈറ്റിയാകണം`എന്ന നിർദ്ദേശമായിരുന്നു കത്തിൽ. പയ്യന്നൂരിൽ ഒരു ഫിലിം സൊസൈറ്റിയും ഇല്ലാതിരുന്നതിനാലാണ് സഹൃദയരായ ആൾക്കാരെയെല്ലാം അംഗങ്ങളാക്കി സൊസൈറ്റി രൂപീകരിച്ചതും അംഗങ്ങളുടെ പൊതുയോഗം വിളിച്ച് ചേർത്ത് ഭരണഘടന തയ്യാറാക്കിയതും ഭാരവാഹികളെ തെരഞ്ഞെടുത്തതുമെല്ലാം. അതിന്റെ പത്രവാർത്തയോടൊപ്പം അംഗങ്ങളായി ചേരാൻ താല്പര്യമുള്ളവരെയെല്ലാം ക്ഷണിക്കുകയും ചെയ്തിരുന്നു. സംഘത്തിൽ  ചേരുന്നതിന് ആർക്കും ഒരു തടസ്സവുമില്ലാത്ത സ്ഥിതിക്ക് മറ്റൊരു സൊസൈറ്റി രൂപീകരിച്ചുവെന്ന് അവകാശപ്പെടുന്നവർ ആദ്യം രൂപീകരിച്ചതിൽ ചേർന്നാൽ ഒരു സൊസൈറ്റി മാത്രമല്ലേ ഉണ്ടാവുകയുള്ളൂ എന്ന മറുപടി കൊണ്ട് സെന്റർ തൃപ്തരായില്ല. തിരുവനന്തപുരത്തെ ചിത്രലേഖ ഫിലിം സൊസൈറ്റിയിൽ ഒന്ന് രണ്ട് വർഷം മുമ്പ് അംഗമായിരുന്ന ഒരാൾ ആ പരിചയം ഉപയോഗിച്ച് ആദ്യം രൂപീകരിച്ച സൊസൈറ്റിയെ ഇല്ലാതാക്കി തന്റെ നേതൃത്വത്തിൽ ഒരു സംഘടനയേ പാടുള്ളൂ എന്ന ദുർവ്വാശിയിൽ നടത്തിയ ഇടപെടലുകളായിരുന്നു അതിന് കാരണം. സംഘം രൂപീകരിക്കാതെ തന്നെ തന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ജനപിന്തുണയെന്ന്, ഒറ്റ അംഗത്തെപ്പോലും ചേർക്കാതെ, അവകാശപ്പെട്ടാണ് ആദ്യം രൂപീകരിക്കപ്പെട്ട സൊസൈറ്റി മറ്റേതിൽ ലയിക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയത്. അപ്രകാരം ചെയ്ത് ഒറ്റ ഫിലിം സൊസൈറ്റി മാത്രം ഉണ്ടായാൽ മതി എന്ന സെന്ററിന്റെ നിർബ്ബന്ധം, ആദ്യം രൂപീകരിച്ച സൊസൈറ്റി പ്രവർത്തകർ സ്വീകരിക്കാൻ തയ്യാറല്ലെന്ന് അറിയിച്ചപ്പോൾ, രണ്ടും ലയിച്ച് ഒന്നായാൽ മതിയെന്ന ഒത്ത്തീർപ്പ് മുന്നോട്ട് വെക്കുകയാണുണ്ടായത്. ഇരുപക്ഷവും അത് സ്വീകരിച്ചപ്പോൾ സർഗ്ഗ എന്നൊരു പുതിയ സംഘം രൂപീകൃതമായി. ലയനസമയത്ത് സാധാരണ പതിവുള്ളത് പോലെ ഭാരവാഹികളുടെ വീതം വെപ്പും നടന്നു. ഇല്ലാത്ത ഒരു സംഘത്തിന്റെ പ്രതിനിധികളായി എത്തിയ ചിലർ അങ്ങിനെ ഭാരവാഹികളായി അവരോധിക്കപ്പെടുകയും ചെയ്തു. ഈ ഇടങ്കോലിടൽ കൊണ്ട് സൊസൈറ്റി റജിസ്റ്റ്രേഷനും പ്രവർത്തനാരംഭവും 1976ലേക്ക് നീളുകയുണ്ടായി.

സർഗ്ഗയുടെ പ്രതിബദ്ധരായ പ്രവർത്തകരുടെ സ്ഥിരോത്സാഹത്തിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പയ്യന്നൂരിന്റെ സാംസ്ക്കാരികരംഗത്ത് പുത്തനുർണവുണ്ടാക്കാ‍നും നിർണായക സ്വാധീനം ചെലുത്താനും, രാജ്യത്തെ മികച്ച സംഘമായി വളരാനും സർഗ്ഗക്ക് കഴിഞ്ഞു. അതിന്റെ അംഗീകാരമായി 1980ൽ സർഗ്ഗയുടെ ഓർഗനൈസിങ്ങ് സെക്രട്ടറിയെ എഫ് എഫ് എസ് ഐ യുടെ ദക്ഷിണമേഖലാ കൌൺസിലിലേക്കും റീജ്യണൽ ഫിലിം പ്രമോഷൻ കമ്മിറ്റിയിലേക്കും എഫ് എഫ് എസ് ഐ യുടെ കേന്ദ്രസമിതി നാമനിർദ്ദേശം ചെയ്തു. ആ വർഷം കൽക്കത്തയിൽ ചേർന്ന സെണ്ട്രൽ കൌൺസിൽ യോഗത്തിന് ശേഷം ഫെഡറേഷൻ പ്രസിഡന്റ് സ്വ. സത്യജിത് റായിയുമായി കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് കേരളത്തിന് ഫെഡറേഷന്റെ പ്രത്യേക ഓഫീസ് എന്ന ആശയം അവതരിപ്പിച്ചത്. പ്രസിഡന്റിന്റെ ആശീർവ്വാദത്തോടെയുള്ള ആ ആശയം 1981ൽ ബാംഗ്ലൂരിൽ നടന്ന സെണ്ട്രൽ കൌൺസിലിൽ തീരുമാക്കിയെടുക്കാൻ സർഗ്ഗയുടെ സെക്രട്ടറിയടക്കമുള്ള കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ വിജയിച്ചു. ആ തീരുമാനം യാഥാർത്ഥ്യമാക്കാനുള്ള ഭരണഘടനാ ഭേദഗതിക്കായുള്ള മൂന്നംഗ സമിതിയിൽ കേരളത്തിൽ നിന്നുള്ള പ്രതിനിധി സർഗ്ഗയുടെ ഓർഗനൈസിങ്ങ് സെക്രട്ടറിയായ ദക്ഷിണമേഖലാ സമിതിയംഗമായിരുന്നു. 1982 ജനുവരി 16ന് കൽക്കത്തയിലെ എഫ് എഫ് എസ് ഐ കേന്ദ്രസമിതി ഓഫീസിൽ ചേർന്ന ഭരണഘടനാ സമിതിയുടെ യോഗം കരട് ഭേദഗതി അംഗീകരിക്കുകയും ചെയ്തു. തുടർന്ന് നടന്ന നടപടികളിലൂടെ കേരളത്തിലെ സൊസൈറ്റികൾക്ക് പ്രത്യേക ഓഫീസ് എന്ന സ്വപ്നം യാഥാർത്ഥ്യമായി. ഇപ്പോഴത്തെ സബ് റീജ്യണൽ ഓഫീസിന്റെ മുൻ‌ഗാമിയായ സ്റ്റേറ്റ് ലെവൽ ഓഫീസ് 1985 ഡിസമ്പർ 1ന് നിലവിൽ വന്നതിൽ സർഗ്ഗയ്ക്കും നിർണ്ണായക പങ്കുണ്ടായിരുന്നു.

ആരംഭം മുതൽക്ക് തന്നെ സർഗ്ഗയുടെ പ്രവർത്തനങ്ങൾ അനന്യമായാണ് സംഘടിപ്പിക്കപ്പെട്ടിരുന്നത്.ചലച്ചിത്ര സംബന്ധിയായി മാത്രം ഒതുങ്ങിയതായിരുന്നില്ല സർഗ്ഗയുടെ ആദ്യകാലം തൊട്ടുള്ള പ്രവർത്തനം. നാടകത്തിനും ചിത്രകലയ്ക്കും, നൃത്തത്തിനും സംഗീതത്തിനും, സാഹിത്യത്തിനും, നാടൻ വിജ്ഞാനത്തിനുമെല്ലാം ഇടമുണ്ടാ‍യിരുന്നു. പിക്കാസോ ചിത്രങ്ങളുടെ പകർപ്പുകളുടേയും വാൻ‌ഗോഖ് ചിത്രങ്ങളുടേയും വാൻ‌ഗോഖിനെക്കുറിച്ചുള്ള ആധാര ചിത്രങ്ങളുടേയും,നമ്പൂതിരിയുടെ രേഖാചിത്രങ്ങളുടേയും, ബാലൻ നമ്പ്യാരുടെ സ്ലൈഡുകളുടേയും പ്രദർശനങ്ങൾ പയ്യന്നൂരിൽ ആസ്വാദകർക്ക് മുന്നിലെത്തിയത് അങ്ങിനെയാണ്. അവനവൻ കടമ്പ, അമ്മ, ഗോദോയെ കാത്ത്, സൂ സ്റ്റോറി, മരണക്കളി തുടങ്ങിയ നാടകങ്ങൾ പയ്യന്നൂരിലെ പ്രേക്ഷകർക്ക് മുന്നിലെത്തിച്ചതും സർഗ്ഗ തന്നെ. വടക്കൻ കേരളത്തിൽ ആദ്യമായി നാലുദിവസം നീണ്ടുനിൽക്കുന്ന ഒരു നാടകോത്സവം 1979ൽ സംഘടിപ്പിക്കാനുള്ള ധൈര്യം കാട്ടിയതും സർഗ്ഗയായിരുന്നു. ഒരു ഹിന്ദുസ്ഥാനി സംഗീത കച്ചേരി പയ്യന്നൂരിൽ ആദ്യമായി ഒരുക്കിയതും സർഗ്ഗ തന്നെ. മഞ്ജു വാര്യർ അഭിനേത്രിയാകുന്നതിന് മുൻപ് സ്ക്കൂൾ കലോത്സവവേദിക്ക് പുറത്ത് ആദ്യമായി നടത്തിയ നൃത്തപരിപാടി സർഗ്ഗയ്ക്ക് വേണ്ടിയായിരുന്നു. മൃണാൾ സെൻ അടൂർ ഗോപാലകൃഷ്ണൻ ജോൺ അബ്രഹാം എം പി സുകുമാരൻ നായർ കെ ആർ മോഹനൻ ആനന്ദ് പട്‌വർദ്ധൻ ശരത്ചന്ദ്രൻ നായർ രാജീവ് വിജയരാഘവൻ  രേവതി സുബ്രഹ്മണ്യൻശാന്തകുമാർ എം ആർ രാജൻ വിജയകൃഷ്ണൻ ഐ ഷണ്മുഖദാസ് ഒ പി രാജ്മോഹൻ,നീലൻ,എം എ റഹ്‌മാൻ,ജ്യോതിപ്രകാശ് തുടങ്ങിയ ചലച്ചിത്രപ്രവർത്തകരും കെ ജി ജയൻ ടി കൃഷ്ണനുണ്ണി കെ യു മോഹനൻ തുടങ്ങിയ ചലച്ചിത്ര സാങ്കേതിക വിദഗ്ദ്ധരും, കഥാകാരന്മാരായ ടി പത്മനാഭൻ കാ‍ക്കനാടൻ, ചിന്തകരായ പ്രൊഫ: എം എൻ വിജയൻ ഡോ.ടി പി സുകുമാരൻ, നമ്പൂതിരി പുണിഞ്ചിത്തായ ബാലൻ നമ്പ്യാർ കെ കെ മാരാർ റിയാ‍സ് കോമു തുടങ്ങിയ ചിത്ര/ശില്പ കലാകാരന്മാർ, കടമ്മനിട്ട രാമകൃഷ്ണൻ ബാലചന്ദ്രൻ ചുള്ളിക്കാട് അൻ‌വർ അലി എന്നീ കവികൾ, കാവാലം നാരായണ പണിക്കർ എൻ എൻ പിള്ള നരേന്ദ്രപ്രസാദ് ജോസ് ചിറമ്മൽ പിന്നീട് ചലച്ചിത്രാഭിനേതാക്കളായിത്തീർന്ന മുരളി,എം ആർ ഗോപകുമാർ സിവിക് ചന്ദ്രൻ മധു മാസ്റ്റർ വിക്രമൻ നായർ രാമചന്ദ്രൻ മൊകേരി തുടങ്ങിയ നാടകകാരന്മാ‍ർ, രമേശ് നാരായണൻ ഇസ്ത്വാൻ(ഹംഗറി) തുടങ്ങിയ സംഗീതജ്ഞർ,മണക്കാട്ട് കണ്ണൻ പെരുവണ്ണാൻ കല്ലേൻ പൊക്കുടൻ എന്നീ നാടോടി പാരമ്പര്യ ആചാര്യന്മാരും സർഗ്ഗയുടെ വേദികളെ സമ്പന്നമാക്കിയിട്ടുണ്ട്.പ്രശസ്ത ശില്പി അശോകൻ പൊതുവാൾ സർഗ്ഗയുടെ നിരവധി ലഘുലേഖകൾ രൂപസംവിധാനം ചെയ്തിട്ടുണ്ട്. കേരളത്തിലെ ആധുനിക ചിത്രകലാകാരന്മാരിൽ പ്രമുഖനായ എ സി കെ രാജയാണ് ഒന്നാം വാർഷിക സ്മരണികയുടെ മുഖചിത്രം വരച്ചത്.
1978ൽ അന്താരാഷ്ട്ര ശിശുവർഷത്തോടനുബന്ധിച്ച് കുട്ടികളുടെ ചലച്ചിത്രോസവം നടത്തി പരിസരത്തെ അയ്യായിരത്തിലധികം സ്ക്കൂൾ വിദ്യാർത്ഥികളെ കുട്ടികൾക്കായി മാത്രം നിർമ്മിക്കപ്പെടുന്ന ചിത്രങ്ങളുണ്ടെന്ന് കാട്ടിക്കൊടുത്തു. ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റീസ് ഒഫ് ഇന്ത്യ വഴി വിതരണത്തിനെത്തുന്ന ചിത്രങ്ങൾക്ക് പുറമേ നാഷനൽ ഫിലിം ആർകൈവ്സ്, ഫിലിം ഫിനാൻസ് കോർപറേഷൻ, വിവിധ രാജ്യങ്ങളുടെ എമ്പസികൾ, സ്വകാര്യവിതരണക്കാർ എന്നിവരിൽ നിന്നെല്ലാം ചിത്രങ്ങൾ ശേഖരിച്ച് ഒരു സംവിധായകൻ, ഒരു ദേശം,ഒരു ഭാഷ, ഒരു കലാസിദ്ധാന്തം, ഒരു വിഷയം എന്നീ വർഗ്ഗീകരണത്തോടെയുള്ള ചെറിയ മേളകൾ പ്രതിമാസ പരിപാടിയായി സംഘടിപ്പിക്കപ്പെട്ടു. പ്രദർശനാനന്തര ചർച്ചകൾ, ചലച്ചിത്രപ്രവർത്തകരുമായുള്ള സംവാദങ്ങൾ, ഇങ്ങനെയായിരുന്നു സർഗ്ഗയുടെ മുന്നോട്ടുള്ള യാത്ര. 1980 ൽ സ്വന്തമായി 16 മി മീ പ്രൊജക്റ്റർ വാങ്ങി ഉദ്ഘാടനം നടത്തിയത് നീന ശിവദാസാനിയുടെ ഛാത്രഭംഗ് എന്ന ചിത്രത്തിന്റെ പൊതുപ്രദർശനത്തിലൂടെയാണ്. അവിടന്നങ്ങോട്ട് സ്കൂളുകളിലും കോളജ് ക്യാമ്പസ്സുകളിലും നാട്ടിൻപുറങ്ങളിലും നല്ല സിനിമകളുടെ പ്രദർശനങ്ങൾ സർഗ്ഗയുടെ പതിവ് പ്രവർത്തനങ്ങൾക്ക് പുറമേയായിരുന്നു. സമീപപ്രദേശങ്ങളായ എരിപുരം, തൃക്കരിപ്പൂർ, കരിവെള്ളൂർ, ചുഴലി,ശ്രീകണ്ഠാപുരം, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഫിലിം സൊസൈറ്റികളാരംഭിക്കാൻ സർഗ്ഗയുടെ സജീവത പ്രേരകമായി. 1982ൽ എലിപ്പത്തായവും പോക്കുവെയിലും പയ്യന്നൂരിന് പുറത്ത് ആറ് കിലോമീറ്റർ അകലെ ഏഴിലോട്ടെ തിയറ്ററിലാണ് പ്രദർശിപ്പിച്ചത്. എലിപ്പത്തായത്തിന് ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് പ്രഖ്യാപനം വരുമ്പോൾ ശ്രീ അടൂർ ഗോപാലകൃഷ്ണൻ കാസറഗോഡ് നടന്നുകൊണ്ടിരുന്ന ചലച്ചിത്രാസ്വാദനക്യാമ്പിൽ പങ്കെടുക്കാനെത്തിയിരുന്നു. അടൂരിനെ പയ്യന്നൂരിൽ കൊണ്ട് വന്ന് പ്രൌഡഗംഭീരമായ സ്വീകരണമാണ് സർഗ്ഗ നൽകിയത്. 1984ൽ നാഷനൽ ഫിലിം ആർക്കൈവ്സിന്റെ സഹകരണത്തോടെ സർഗ്ഗയും ഒരു ചലച്ചിത്രാസ്വാദന ക്യാമ്പ് സംഘടിപ്പിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുപ്പതോളം യുവാക്കൾ അതിൽ പങ്കെടുത്ത് അവരുടെ ചലച്ചിത്രാവബോധം ദൃഡമാക്കി.1985ൽ പയ്യന്നൂർ കോളജിൽ ആദ്യത്തെ ക്യാമ്പസ് ഫിലിം സൊസൈറ്റിയായ മൂവീമാനിയ രൂപീകൃതമാവാനും അത് കാരണമായി. അതേ വർഷം തന്നെ സർഗ്ഗയുടെ കുട്ടികളുടെ വിഭാഗവും ആരംഭിച്ചു. ആയിരത്തഞ്ഞൂറോളം സ്കൂൾകൂട്ടികളാണ് അതിൽ അംഗമായി ചേർന്നത്.മാസത്തിൽ ഒരു ദിവസം കുട്ടികളുടെ സിനിമ പ്രദർശിപ്പിച്ച് രണ്ട് വർഷത്തിലധികം മുന്നോട്ട് പോയി. ഇത്രയും കുട്ടികളെ ഒന്നിച്ചിരുത്തി ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള ഒരിടം പയ്യന്നൂരിൽ ഇല്ലാഞ്ഞതിനാൽ പഴയ ബി ഇ എം എൽ പി സ്ക്കൂളിലെ ക്ലാസ്സ്മുറികൾ ഒന്നിച്ചാക്കി ജനലും വാതിലുമൊക്കെ അടച്ച് നൂറ് നൂറ്റമ്പത് കുട്ടികളുടെ കൂട്ടത്തെ ഓരോ തവണയും പ്രവേശിപ്പിച്ച് രാവിലെ മുതൽ വൈകുന്നേരം വരെ പ്രദർശനം ആവർത്തിക്കുകയാണ് പതിവ്. കുട്ടികൾ വളരെ ആവേശത്തോടെയാണ് പങ്കെടുക്കുന്നതെങ്കിലും ഭൌതിക സാഹചര്യങ്ങൾ അവർക്കും സംഘാടകർക്കും ഉണ്ടാക്കിയ ശാരീരികവും മാനസീകവുമായ ക്ലേശങ്ങൾ കുട്ടികളുടെ വിഭാഗത്തിന്റെ പ്രവർത്തനം, ഏറെ സങ്കടത്തോടെയാണെങ്കിലും, അവസാനിപ്പിക്കാൻ നിർബ്ബന്ധിതമാക്കി. ആ വർഷം തന്നെ സർഗ്ഗയുടെ പ്രതിമാസ വാർത്താപത്രിക സിംക്രമി പ്രസിദ്ധീകരിക്കാനും തുടങ്ങി. 1987 ലാണ് ‘നല്ല സിനിമ ജനങ്ങളിലേക്ക്’ എന്ന് പേരിട്ട് ക്ലാസ്സിക്കുകൾ നാട്ടുകൂട്ടങ്ങളിൽ പ്രദർശിപ്പിക്കാനും പ്രദർശനാനന്തരം ചർച്ചകൾ നടത്താനും തുടങ്ങിയത്. പ്രദർശനത്തിന് മുൻപ് ചിത്രത്തെ വിശദമായി പരിചയപ്പെടുത്തിയും ഒഴിച്ചുകൂടാൻ പറ്റാത്ത അവസരങ്ങളിൽ കഥാതന്തു മുറിഞ്ഞ് പോകാതിരിക്കാൻ സംഭാഷണത്തിന്റെ മലയാള പരിഭാഷ കേൾപ്പിച്ചുമാണ് അന്യഭാഷാ ചിത്രങ്ങൾ സാമാന്യജനങ്ങളുമായി സംവദിക്കാനുള്ള സാദ്ധ്യതയുണ്ടാക്കിയത്. ഡെനിസ് ഒ റൂർക്കിന്റെ ‘ഹാഫ് ലൈഫ്‘ഉൾപ്പെടെയുള്ള ആധാരചിത്രങ്ങൾ ഇപ്രകാരം വ്യാപകമായി പ്രചരിപ്പിച്ചത് പിൽക്കാലത്ത് ആണവവിരുദ്ധ ജനകീയപ്രക്ഷോഭങ്ങളിൽ പയ്യന്നൂരും പരിസരത്തുമുണ്ടായ വമ്പിച്ച പങ്കാളിത്തത്തിന് കാരണമായിട്ടുണ്ട്.1988ൽ മലയാളസിനിമയുടെ അൻപത് വർഷം തിരുവനന്തപുരത്ത് നടന്ന ഫിലിമോത്സവ് ‘88ൽ ആഘോഷിച്ചെങ്കിലും അതിനെ പിന്തുടരാൻ സർഗ്ഗ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മലയാളസിനിമയുടെ ചരിത്രത്തിൽ വഴിത്തിരുവായിരുന്ന ആറ് മലയാള ചിത്രങ്ങൾ നാട്ടിന്റെ നാനാഭാഗത്ത് പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചാണ് അത് ആഘോഷിച്ചത്. വിവിധ വിഷയങ്ങൾ പ്രതിപാദ്യമാകുന്ന ദേശീയവും അന്തർദ്ദേശീയവുമായ മികച്ച ആ‍ധാരചിത്രങ്ങൾ എല്ലാ രണ്ടാം ശനിയാഴ്ചയും കലഡൈസ്കോപ് എന്ന പരിപാടിയിലൂടെ അവതരിപ്പിക്കപ്പെട്ടു.കഥാചിത്രങ്ങളുടെ സെല്ലുലോയ്ഡ് പതിപ്പിന്റെ ലഭ്യത കുറഞ്ഞ് വിഡിയോ രംഗപ്രവേശം ചെയ്ത എൺപതുകളുടെ അവസാനത്തിൽ വിഡിയോ കാസറ്റ് പ്ലെയറും ടെലിവിഷൻ മോണിറ്ററുമായി ഒരു ബദൽ രീതിക്ക് ശ്രമിച്ചെങ്കിലും ചെറിയ സ്ക്രീനിലെ കാഴ്ചയോട് സമരസപ്പെടാനാവാതെ ജനം അത് തിരസ്ക്കരിച്ചു. 1990ൽ കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ രജതജയന്തി ആഘോഷിക്കാൻ ഒരു വർഷം നീണ്ട് നിൽക്കുന്ന പരിപാടിയിട്ടു. ശ്രീ. അടൂർ ഗോപാലകൃഷ്ണനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.ഫിലിം സൊസൈറ്റി പ്രവർത്തകരുടെ ഒത്തുചേരൽ, അന്താരാഷ്ട്ര ചലച്ചിത്രമേള, മലയാള ചിത്രങ്ങളുടെ ഗ്രാമീണപ്രദർശനങ്ങൾ,പയ്യന്നൂരും പരിസരപ്രദേശത്തുമുള്ള നാല് തിയറ്ററുകളിൽ കുട്ടികളുടെ ചലച്ചിത്രമേള, നൃത്ത, സംഗീത,നാടകാവതരണങ്ങൾ എന്നിവയായിരുന്നു ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടത്. 1991ൽ ജി. അരവിന്ദന്റെ നിര്യാണത്തെ തുടർന്ന് തിരുവനന്തപുരത്ത് ഫോറം ഫോർ ബെറ്റർ സിനിമ സംഘടിപ്പിച്ച ‘അരവിന്ദന്റെ ലോകം’ പരിപാടി പയ്യന്നൂരിൽ സർഗ്ഗയും ഒരുക്കിയതല്ലാതെ കേരളത്തിൽ മറ്റൊരിടത്തും അരവിന്ദൻ അനുസ്മരണം ഇത് പോലെ സംഘടിപ്പിക്കപ്പെട്ടിരുന്നില്ല. അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും കാർട്ടൂൺ പരമ്പരയിലെ കഥാപാത്രങ്ങളുടെ ആൾവലുപ്പമുള്ള തെർമോക്കോൾ ശില്പങ്ങളും, അരവിന്ദന്റെ ചലച്ചിത്ര രചനാ മുഹൂർത്തങ്ങളിലെ നിശ്ചല ചിത്രങ്ങളുടെ പ്രദർശനവും അരവിന്ദൻ ചലച്ചിത്രങ്ങളുടെ മേളയുമായി നാല് ദിവസം നീണ്ട് നിന്ന പരിപാടിയിൽ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. 1992ൽ ക്യൂബയുടെ സാമ്രാജ്യത്വവിരുദ്ധ ചെറുത്തുനിൽ‌പ്പിനെ സഹായിക്കാൻ ക്യൂബൻ ചിത്രങ്ങളുടെ സഞ്ചരിക്കുന്ന ഒരു മേള ‘സോളിഡാരിറ്റി റ്റു ക്യൂബ’ കോളജ് ക്യാമ്പസുകളിൽ നടത്താൻ എല്ലാ ഒരുക്കങ്ങളും നടത്തിക്കഴിഞ്ഞ്, ആരംഭിക്കുന്നതിന് കുറച്ച് നാളുകൾക്ക് മുൻപ് ക്യാമ്പസുകളിൽ അതേറ്റെടുത്ത വിദ്യാർഥിസംഘടന പിന്മാറിയതിനാൽ സർഗ്ഗക്ക് തനിച്ച് നടത്താനുള്ള അവസരം കൂടി നഷ്ടപ്പെടുകയുണ്ടായി.തൊണ്ണൂറുകൾ കേരളത്തിലെ സാംസ്ക്കാരിക പ്രവർത്തനങ്ങൾക്ക്, പ്രത്യേകിച്ച് ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് ഏറ്റ മാന്ദ്യം സർഗ്ഗയേയും ബാധിക്കാതിരുന്നില്ല. 1991ൽ അംഗസംഖ്യ അമ്പതിനോടടുത്തായി ചുരുങ്ങിയിരുന്നു; അതിൽ 20 പേർ ആജീവനാംഗങ്ങൾ. സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് സെക്രട്ടറിയായ ആളുൾപ്പെടെ ചിലർ സൊസൈറ്റിക്ക് പ്രൊജക്റ്റർ വാങ്ങാൻ 1978ൽ കൊടുത്ത 100രൂപ വായ്പ, അതേ വർഷം തന്നെ പ്രത്യേക ജനറൽ ബോഡി യോഗം വിളിച്ച് ചേർത്ത് ആജീവനാന്ത അംഗത്വത്തിനുള്ള ഭരണഘടനാ ഭേദഗതിയിലൂടെ അതാക്കി മാറ്റിയാണ് ആജീവനാന്ത അംഗങ്ങളുണ്ടായത്.സൊസൈറ്റിയുടെ വരുമാനം പ്രവർത്തനം അസാദ്ധ്യമാവും വിധം താഴ്ന്ന് പോയതിനാൽ വാർഷിക വരിസംഖ്യയും ആജീവനാന്ത അംഗത്വഫീയും വർദ്ധിപ്പിക്കാൻ 1991ലെ വാർഷിക പൊതുയോഗം തീരുമാനിച്ചു. നിലവിലുള്ള ആജീവനാന്ത അംഗങ്ങൾക്ക് കൂടി വർദ്ധന ബാധകമാക്കാനും അവർക്ക് അതിന് ഒരു വർഷത്തെ സമയം അനുവദിക്കാനും തീരുമാനിച്ചിരുന്നു.  പൊതുയോഗ തീരുമാനപ്രകാരം അംഗത്വം നിലനിർത്താൻ എല്ലാ അംഗങ്ങളോടുമുള്ള അഭ്യർത്ഥന അടുത്ത പ്രതിമാസപരിപാടിയുടെ അറിയിപ്പിനോടൊപ്പം നൽകിയെങ്കിലും ആരും  പ്രതികരിച്ചില്ല. 1992ൽ നടന്ന പൊതുയോഗത്തിൽ ആ തീരുമാനം റദ്ദ് ചെയ്യാനായി വർഷങ്ങളായി സർഗ്ഗയുമായി ഒരു തരത്തിലും സഹകരിക്കാത്ത ചില ആജീവനാംഗങ്ങൾ കൂട്ടമായി പങ്കെടുത്ത് ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് മാത്രമല്ല ഭാരവാഹി തെരഞ്ഞെടുപ്പിൽ മത്സരിച്ച അവർ നാലും അഞ്ചും വോട്ടുകൾ മാ‍ത്രം നേടി പരാജയപ്പെടുകയും ചെയ്തു. അതിന് പ്രതികാരം, അന്ന് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്കെതിരെ, നിയമനടപടികൾ സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ കാണിക്കണമെന്ന്‌, വക്കീൽ നോട്ടീസയച്ചായിരുന്നു. അതിന് കൃത്യമായി മറുപടി നൽകിയത് കൊണ്ടായിരിക്കണം തുടർ നടപടികളൊന്നുമുണ്ടായില്ല. പക്ഷേ അവരൊക്കെ സർഗ്ഗയോട് വിരോധമുള്ളവരും അതിന്റെ പ്രവർത്തനങ്ങൾ എങ്ങിനെയെങ്കിലും തടസ്സപ്പെട്ട് കാണണമെന്ന ആഗ്രഹമുള്ളവരുമായി മാറി. ഇതൊക്കെയായിട്ടും, തൊണ്ണൂറുകളിലെ മാന്ദ്യകാലത്ത് കേരളത്തിലെ മിക്ക സൊസൈറ്റികളും ചെയതത് പോലെ, സർഗ്ഗ അതിന്റെ പ്രവർത്തനം അവസാനിപ്പിച്ചില്ല. താൻ പ്രമാണിത്തവും സ്വയം അണിയുന്ന വരേണ്യതയുമൊന്നും ആരും വകവെക്കുന്നില്ലെന്ന് ഭാരവാഹി തെരഞ്ഞെടുപ്പുകളിൽ ബോദ്ധ്യമായതോടെ തൊണ്ണൂറുകളിൽ തന്നെ ചിലർ സമാന്തര പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. അത്തരം പ്രവർത്തനങ്ങൾ നടത്തുന്നവരോട് കൂറ് പുലർത്തുകയും, എന്നാൽ സർഗ്ഗയിലെ അംഗമായി തുടരുകയും ചെയ്ത ഒരാൾ സൊസൈറ്റിയുടെ പ്രദർശനോപകരണങ്ങൾ മോഷ്ടിച്ച് അവരെ സഹായിച്ചതിന് വാർഷിക പൊതുയോഗത്തിന്റെ ശാസനയേറ്റതോടെ കുറച്ച് പേർ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് പ്രസക്തിയില്ലെന്ന് പ്രഖ്യാപിച്ച് സൊസൈറ്റിയിൽ നിന്ന് പൂർണ്ണമായി പിൻ‌വാങ്ങി. പോകുന്ന കൂട്ടത്തിൽ സർഗ്ഗയുടെ ശേഖരത്തിലെ വിലപ്പെട്ട പുസ്തകങ്ങളും പ്രസീദ്ധീകരണങ്ങളും കടത്തിക്കൊണ്ട് പോകാനും മറന്നില്ല.

1995 ൽ തിരുവനന്തപുരത്ത് നടന്ന ഇന്റർനാഷനൽ വിഡിയോ ഫെസ്റ്റിവലിൽ  പ്രദർശിപ്പിച്ച 20 ഹ്രസ്വ, ആധാര ചിത്രങ്ങളുടെ മേള സർഗ്ഗ പയ്യന്നൂരിൽ നടത്തുകയുണ്ടായി. ചെറിയ സ്ക്രീനിനോടുള്ള വിപ്രതിപത്തി മൂലം പ്രേക്ഷക പങ്കാളിത്തം ശുഷ്കമായിരുന്നു. 1995ൽ തന്നെ സിനിമയുടെ ശതാബ്ദി ആഘോഷം ഒരു വർഷം നീളുന്ന അന്തർദ്ദേശീയ ചലച്ചിത്രമേളയായാണ് ആസൂത്രണം ചെയ്തത്. ലോകത്ത് ആദ്യമായി പ്രദർശിപ്പിക്കപ്പെട്ട ലുമിയേർ ചിത്രങ്ങളുടെ പ്രദർശനത്തോടെയായിരുന്നു ആരംഭം. നൂറ്‌ വർഷത്തിന് ശേഷം, ആദ്യപ്രദർശനം നടന്ന അതേ ദിവസം, ഡിസംബർ 28ന്, ആ ചിത്രങ്ങളുടെ പ്രദർശനം സർഗ്ഗയല്ലാതെ ലോകത്ത് നടത്തിയത് പാരീസിൽ സിനിമാത്തെക്ക് മാത്രമായിരുന്നു. തുടർന്ന് നിശബ്ദകാലഘട്ടം തൊട്ടുള്ള ക്ലാസിക്കുകൾ ഓരോന്നായി മേളയിൽ പ്രദർശിപ്പിച്ച് തുടങ്ങി. പഴയവ, ബ്ലാക്ക് ആന്റ് വൈറ്റ്, 16 മി മീ എന്നീ ഘടകങ്ങൾ അക്കാലമായപ്പോഴേക്കും പ്രേക്ഷക പങ്കാളിത്തം ഇല്ലാതാക്കും വിധം ശക്തമായിരുന്നു. അത് കൊണ്ട് മേള ഒരു വർഷം നീണ്ടില്ല.2000 സർഗ്ഗയുടെ രൂപീകരണത്തിന്റെ രജതജയന്തി വർഷമാണ്. അപ്പോഴേക്കും (യശഃശരീരനായ) ശരത്ചന്ദ്രൻ തന്റെ എൽ സി ഡി പ്രൊജക്റ്ററും വി എച്ച് എസ് കാസറ്റുകളുമായുള്ള യാത്രകൾ ആരംഭിച്ചിരുന്നു. ഇരുപത്തഞ്ചാം വർഷം ആഘോഷിച്ചത് ശരത്തിന്റെ സഹായത്തോടെ നടത്തിയ കഥാചിത്രങ്ങളുടേയും ആധാരചിത്രങ്ങളുടേയും ഒരു അന്താരാഷ്ട്ര ചലച്ചിത്ര മേളയോടെയാണ്. ഏപ്രിൽ പതിനാലിന് സർഗ്ഗയുടെ ആദ്യപ്രദർശനത്തിന്റെ ഇരുപത്തഞ്ചാം വാർഷിക ദിനത്തിൽ ശ്രീ എം പി സുകുമാ‍രൻ നായരാണ് മേള ഉദ്ഘാടനം ചെയ്തത്. 2001 ലും ഒരു ഏകദിന ചലച്ചിത്രമേള സംഘടിപ്പിച്ചു. അതോടെ ഒരു വാർഷിക ചലചിത്രമേള സാദ്ധ്യമാകും എന്ന് ബോദ്ധ്യമായി. ഒരു തിയറ്റർ വാടകയ്ക്കെടുത്ത് വിപുലമായ സന്നാഹത്തോടെ നാലുദിവസം നീണ്ട മേളയാണ് 2002ൽ സംഘടിപ്പിക്കപ്പെട്ടത്. ആനന്ദ് പട്‌വർദ്ധനാണ് മേള ഉദ്ഘാടനം ചെയ്തത്. രേവതിയും സുബ്രഹ്മണ്യം ശാന്തകുമാറും മധു ജനാർദ്ദനനും അവരുടെ ചിത്രങ്ങളുമായി എത്തി. യുവാക്കളും സ്ത്രീകളുമടങ്ങിയ അഞ്ഞൂറോളം പേർ പ്രതിനിധികളായി പങ്കെടുത്തു. സംവാദങ്ങൾ ആശയ സംഘർഷങ്ങൾ കൊണ്ടും പാരസ്പര്യത്തിന്റെ ഊഷ്മളതകൊണ്ടും സജീവമായി. ഈ ചലച്ചിത്രമേള വൻ വിജയമാകുമെന്ന് മനസ്സിലാക്കിയ ചിലർക്ക് അത് സഹിക്കാനേ പറ്റിയില്ല.എങ്ങിനെയെങ്കിലും അത് അലങ്കോലപ്പെടുത്തുവാൻ പറ്റുന്ന പണിയെല്ലാം നോക്കി. ഉദ്ഘാടകനായെത്തിയ ശ്രീ. ആനന്ദ് പട്‌വർദ്ധനെ മേളയുടെ സംഘാടകർ തന്നെയെന്ന് തെറ്റിദ്ധരിപ്പിച്ച് ടെലിവിഷൻ അഭിമുഖത്തിനെന്ന് പറഞ്ഞ് കൊണ്ട്പോയി ഉദ്ഘാടനം വൈകിപ്പിക്കാനും പട്‌വർദ്ധന് മംഗലാപുരത്ത് നിന്നും കയറേണ്ട വിമാനം കിട്ടാതാക്കാനുമായിരുന്നു ആദ്യശ്രമം. അത് വിഫലമായപ്പോൾ മേളയുടെ സംവാദവേദികളിൽ സുപീരിയോറിറ്റി കോം‌പ്ലക്സ് കലർന്ന സങ്കുചിത മനോഭാവം, മറ്റ് സാമൂഹ്യപ്രസ്ഥാനങ്ങളോട് പുറം തിരിഞ്ഞ് നിൽക്കുന്ന വരേണ്യ ന്യൂനപക്ഷം എന്നൊക്കെ ആക്ഷേപിച്ച് സംഘാടകരോട് കലഹിക്കാനായിരുന്നു ശ്രമം.പക്ഷേ അത് കൊണ്ടൊന്നും മേളയുടെ ശോഭ കെടുത്താനായില്ല. മറിച്ച്, എല്ലാ വർഷവും ഇത് പോലെ മേള സംഘടിപ്പിക്കാനുള്ള തീരുമാനത്തിന് ഉത്തേജകമാവും വിധം വമ്പിച്ച വിജയമായി കലാശിക്കുകയാണുണ്ടായത്. ആ വർഷം തന്നെ അതേ തിയറ്ററിൽ മൂന്ന് ദിവസത്തെ ഡോക്യുമെന്ററി ചലച്ചിത്രമേളയും പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലുമുള്ള നാല് തിയറ്ററുകളിൽ കുട്ടികൾക്കായുള്ള ചലച്ചിത്രമേളയും സംഘടിപ്പിച്ചു.2003 ൽ ചലച്ചിത്ര അക്കാദമിയുടെ ടൂറിങ്ങ് ടാക്കീസ് പരിപാടിയുടെ ഉദ്ഘാടനവും സർഗ്ഗയുടെ മേളയും ഒത്തുവന്നു. കഴിഞ്ഞ വർഷം മേള സംഘടിപ്പിച്ച അതേ തിയറ്ററിൽ ഇത്തവണയും ആകാമെന്ന് തീരുമാനിച്ചു. എന്നാൽ ഇത്തവണ തിയറ്റർ അനുവദിക്കാൻ ഉടമ വിസമ്മതിച്ചു. സെൻസർ ചെയ്യാത്ത സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുകയെന്നും അതിന് അനുവദിച്ചാൽ നിയമനടപടികളുണ്ടാവുമെന്നും അത് കൊണ്ട് അനാവശ്യമായ ആപത്ത് സ്വയം വരുത്താൻ ഞങ്ങളില്ല എന്ന് പറഞ്ഞാണ് അനുവാദം നൽകാതിരുന്നത്. പയ്യന്നൂരിലെ തിയറ്ററുകാരെയെല്ലാം ഈ തിയറ്ററുടമ ഇക്കാര്യം അറിയിച്ച് പിന്തിരിപ്പിക്കുകയും ചെയ്തു. അതിന്റെയൊക്കെ പിന്നിൽ പ്രവർത്തിച്ചതാരാണെന്ന് മനസ്സിലാക്കാൻ അസാമാന്യ ബുദ്ധിയൊന്നും വേണ്ടല്ലോ. ചലച്ചിത്ര അക്കാദമിയും പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റും സംയുക്തമായി പ്രാദേശിക സംഘങ്ങളുടെ മുൻ‌കയ്യിൽ തദ്ദേശഭരണസ്ഥാപനങ്ങളുടെ സഹായത്തോടെ ടൂറിങ്ങ് ടാക്കീസ് സംഘടിപ്പിക്കണമെന്നായിരുന്നു തീരുമാനം. അത്കൊണ്ട് തിയറ്റർ അനുവദിക്കാൻ നഗരസഭയുടെ ഇടപെടൽ അഭ്യർത്ഥിച്ച് അദ്ധ്യക്ഷനെ സമീപിച്ചെങ്കിലും നഗരസഭക്ക് വരുമാനം നൽകുന്ന തിയറ്റർ പ്രദർശനം ഒഴിവാക്കി ചലച്ചിത്രമേളക്ക് തിയറ്റർ അനുവദിക്കാൻ ആവശ്യപ്പെടാൻ പ്രയാസമുണ്ടെന്ന മറുപടി കേട്ട് തിരിച്ച് വരേണ്ടി വരികയാണുണ്ടായത്. ചലച്ചിത്രപ്രദർശനത്തിന് ഒട്ടും യോജ്യമല്ലാത്ത ഒരു ഇടത്താണ് ആ വർഷം മേള നടത്തേണ്ടി വന്നത്. അംഗങ്ങൾക്ക് അച്ചടിച്ച് നൽകിയ പ്രവേശനപാസിൽ ഫീ 50രൂപ എന്നെഴുതിച്ചേർത്ത് സർക്കാർ പരിപാടി പണം വാങ്ങി സംഘടിപ്പിക്കുന്നു എന്ന് ഒരു മഞ്ഞപ്പത്രത്തിൽ വാർത്തയാക്കിയാണ് മേള സാദ്ധ്യമായപ്പോൾ അതിനെ തോൽ‌പ്പിക്കാൻ ശ്രമമുണ്ടായത്. മെയ് മാസത്തിലെ അസഹ്യമായ ചൂടിൽ വേദിയുടെ പരിമിതികൾ പ്രേക്ഷകപങ്കാളിത്തം കൊഴിയുന്നതിന് കാരണമായി. തുടർന്നുള്ള വർഷങ്ങളിലും പുതിയ വേദികൾ പരീക്ഷിച്ച് മേള സംഘടിപ്പിച്ചുവെങ്കിലും ഉചിതമായൊരു പ്രദർശനവേദി ലഭിക്കാത്തതിനാ‍ൽ ജനങ്ങളെ ആകർഷിക്കാൻ കഴിഞ്ഞില്ല.2005ലെ മേളയിൽ പഥേർ പാഞ്ചലിയുടേയും ന്യൂസ്പേപ്പർ ബോയ്-യുടേയും അൻപതാം വാർഷികം ഉചിതമായി ആഘോഷിക്കപ്പെട്ടു. ആ മേളയിൽ, ദശാബ്ദങ്ങൾക്ക് മുൻപ് സർഗ്ഗ വിട്ട്പോയവരും ഒപ്പം മറ്റ് ചിലരും പതിവില്ലാതെ ഒരു പ്രദർശനത്തിനെത്തിയത് ഡി വി ഡി പ്രദർശനത്തിന്റെ പ്രായോഗികതയും പ്രദർശനവേദിയുടെ സൌകര്യങ്ങളും കണ്ട് ബോദ്ധ്യപ്പെടാനായിരുന്നുവെന്ന് മാസങ്ങൾക്ക് ശേഷം പുതിയ സൊസൈറ്റി രൂപീകരിച്ചുവെന്ന് അറിഞ്ഞപ്പോഴാണ് മനസ്സിലായത്. പുതിയ സംഘം പ്രതിമാസ പ്രദർശനങ്ങൾ ആരംഭിച്ചത് കൊണ്ട് സർഗ്ഗയ്ക്ക് പിന്നീട് അത്തരത്തിലുള്ള പരിപാടികൾ ആലോചിക്കേണ്ടി വന്നില്ല. 2006 മുതൽ 2009 വരെ വാർഷികദിനാചരണമായി ചലച്ചിത്രപ്രദർശനം എന്ന നിലയിലേക്ക് സർഗ്ഗ ചുരുങ്ങി. 2010ൽ ഒരു എൽ സി ഡി പ്രൊജക്റ്റർ വാങ്ങി ഞായറാഴ്ച്ച പ്രദർശനം ആരംഭിച്ചു.പ്രേക്ഷകപ്രതികരണം ഒട്ടും പ്രോത്സാഹകരമല്ലാഞ്ഞതിനാൽ പ്രദർശനം സർഗ്ഗയുടെ ഓഫീസിൽ ഒതുക്കി. മികലോസ് യാങ്ങ്ചോയുടെ നാല് ചിത്രങ്ങളുടെ ഒരു ഏകദിന ചലച്ചിത്രമേള പരീക്ഷിച്ചെങ്കിലും പ്രേക്ഷകരില്ലാഞ്ഞതിനാൽ അതും തുടരാൻ കഴിഞ്ഞില്ല.2011ൽ കേരളസർക്കാരിൽ നിന്നും പ്രൊജക്റ്റർ വാങ്ങിയതിന് ധനസഹായം ലഭിക്കുകയുണ്ടായി. ആ വർഷം മെയ് 29, 30 തീയതികളിൽ ഒരു അന്താരാഷ്ട്ര ചലച്ചിത്രമേളയും ജോൺ അബ്രഹാം ശരത്ചന്ദ്രൻ അനുസ്മരണവും നടത്തി. സപ്തമ്പർ മാസത്തിൽ മൂന്ന് ദിവസം നീണ്ടുനിന്ന ഹ്രസ്വ,ആധാര ചലച്ചിത്രമേളയും സംഘടിപ്പിക്കപ്പെട്ടു.2012 നവംബറിൽ കണ്ണൂർ സർവ്വകലാശാലക്ക് കീഴിലുള്ള കലാലയങ്ങളിൽ ഫിലിം സൊസൈറ്റികൾ രൂപവത്ക്കരിക്കപ്പെടണമെന്ന ലക്ഷ്യത്തോടെ ഓരോ ക്യാമ്പസിൽ നിന്നും ഒരു വിദ്യാർത്ഥിയേയും ഒരു അദ്ധ്യാപകനേയും പങ്കെടുപ്പിച്ച് കൊണ്ട് ചലച്ചിത്രാസ്വാദനവും ഫിലിം സൊസൈറ്റി സംഘാടനവും വിഷയമാക്കി ഒരു ക്യാമ്പ് സംഘടിപ്പിക്കാൻ നിശ്ചയിച്ചു, സർവ്വകലാശാല ഡീനിന്റെ സർക്കുലർ തന്നെ കോളജുകളിൽ ഇതിന് പ്രചരണം നൽകിയെങ്കിലും നൂറോളം കോളജുകളുണ്ടായിട്ടും പങ്കെടുത്തത് മൂന്ന് കോളജുകളിൽ നിന്നുമാ‍ണ്. അതിലെ അദ്ധ്യാപകപ്രതിനിധികൾ ഉദ്ഘാടനം കഴിഞ്ഞ ഉടനേ സ്ഥലം വിട്ട് പിന്നീട് ഡ്യൂട്ടി സർട്ടിഫിക്കറ്റ് വാങ്ങാൻ അവസാന ദിവസമാണ് തിരിച്ചെത്തുന്നത്.വിജയകൃഷ്ണൻ നയിച്ച ക്യാമ്പിൽ കെ ജി ജയൻ, ടി കൃഷ്ണനുണ്ണി,ഐ ഷന്മുഖദാസ്, നീലൻ,ആർ എം വി ദിവാകരൻ, മഹേശ് മംഗലാട്ട്,രെജി ദാമോദരൻ. തുടങ്ങി ചലച്ചിത്രത്തിന്റെ വിവിധ മേഖലകളിൽ പ്രഗത്ഭരായവരുടെ ക്ലാസ്സുകൾ നേടാനും, എം പി സുകുമാരൻ നായർ,എം എ റഹ്‌മാൻ, കെ ആർ മോഹനൻ,മധു കൈതപ്രം, ഷെറി എന്നീ ചലച്ചിത്രകാരന്മാരുമായി സംവദിക്കാനും തങ്ങളിലേക്കെത്തിയ അവസരം ഉപയോഗപ്പെടുത്താൻ സന്നദ്ധരാകാതിരുന്നത് ഗൌരവമാർന്ന കലാസാംസ്ക്കാരിക പ്രവർത്തനങ്ങളോടുള്ള യുവതലമുറയുടെ  അലസമനോഭാവം മാത്രമല്ല സർഗ്ഗയുടെ ഉദ്യമങ്ങളെ ഏത് വിധേനയും പരാജയപ്പെടുത്തണമെന്ന വാശിയുള്ള ചിലർ നടത്തിയ കുത്സിതശ്രമങ്ങൾ കൊണ്ട് കൂടിയായിരുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കി ജോലി അന്വേഷിക്കുന്ന ഇരുപത്തഞ്ചിലധികം യുവാക്കളാണ് ക്യാമ്പ് പ്രയോജനപ്പെടുത്തിയത്. പക്ഷേ അവരെല്ലാവരും ക്യാമ്പ് കഴിഞ്ഞ ഉടനേ സ്വന്തമായി സിനിമയുണ്ടാക്കാൻ പ്രാപ്തരാകുമെന്ന വിശ്വാസത്തിൽ പങ്കെടുത്തവരായിരുന്നു.2013 ൽ ഇന്ത്യൻ സിനിമയുടെ ശതാബ്ദി, ചരിത്രപരമായും ഭാവുകത്വം കൊണ്ടും നാഴികക്കല്ലുകളായ നൂറ് ഭാരതീയ ചലച്ചിത്രങ്ങൾ കണ്ണൂർ കാസറഗോഡ് ജില്ലകളിലെ കാമ്പസുകളിലൂടെയും നാട്ടിൻപുറങ്ങളിലൂടേയും സഞ്ചരിക്കുന്ന മേളയായാണ് വിഭാവനം ചെയ്തത്. വീണ്ടും കണ്ണൂർ സർവ്വകലാശാലയുടെ സഹായം തേടിയെങ്കിലും അവിടത്തെ വിദ്യാർത്ഥി യൂണിയൻ പോലും അനുകൂലമായി പ്രതികരിച്ചില്ല. താല്പെര്യമെടുത്ത് വന്ന കുറച്ച് വിദ്യാർത്ഥികളും സാംസ്ക്കാരിക സംഘങ്ങളും മാത്രം സഹകരിച്ചത് കൊണ്ട് വിപുലമായ അത്തരം പരിപാടി അസാദ്ധ്യമാണെന്നത് കൊണ്ട് ഉപേക്ഷിച്ചു.
കാഴ്ച്ചപ്പാട് വ്യത്യസ്തമാണെങ്കിലും അല്ലെങ്കിലും ഒരേ ഉദ്ദേശത്തോടെ ഒരേ ദേശത്ത് ഒന്നിലധികം സംഘങ്ങൾ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. കൂട്ടായ പ്രവർത്തനവും പൊതു ഇടങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒരു സംഘം തന്നെ നിലനിൽക്കാൻ ബദ്ധപ്പെടുന്ന സാഹചര്യത്തിൽ മറ്റൊന്നിന് സാദ്ധ്യതയുണ്ടോ എന്നത് മറ്റൊരു വിഷയം. ഒന്നിൽ നിന്നും വിട്ടുപോയി മറ്റൊന്നുണ്ടാക്കുന്നത് സഹവർത്തിത്വം അസാദ്ധ്യമാക്കിക്കൊണ്ടാണല്ലോ. സഹവർത്തിത്വം ഇല്ലാത്തിടത്ത് നിന്നാണല്ലോ മത്സരം ആരംഭിക്കുന്നത്. പുതിയതാണ് കേമം എന്ന് കാട്ടാൻ പഴയതിനെ ഇല്ലാതാക്കുന്ന തരത്തിലാണ് മത്സരമെങ്കിൽ പ്രതിരോധമുണ്ടാകുന്നതും അത് സംഘർഷത്തിന് വഴിവെക്കുന്നതും സ്വാഭാവികം.ഒന്ന് മാത്രമാണ് ശരി എന്ന് അവകാശപ്പെടുന്നത് മൌലികവാദമാണ്. മൌലികവാദത്തെ സാധൂകരിക്കാൻ ഏത് മാർഗ്ഗവും സ്വീകരിക്കുമെന്നും അതിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്നും നാം നിത്യേന അറിഞ്ഞുകൊണ്ടിരിക്കുകയാണ്. തിരിച്ചടിയുണ്ടാകുമ്പോൾ മാത്രം സഹിഷ്ണുത, സഹവർത്തിത്വം എന്നൊക്കെ വലിയ വായിൽ നിലവിളിക്കുകയല്ല, പ്രകോപിപ്പിക്കാതിരിക്കാനുള്ള സമചിത്തതയാ‍ണ് വേണ്ടത്.
സൈബർ സ്പേസിലെ സ്വാതന്ത്ര്യം അന്യന്റെ ബൌദ്ധികസ്വത്ത് മോഷ്ടിക്കാനുള്ള അവകാശമാണെന്നൊക്കെ വാദിക്കാൻ മോഷണം കലയാക്കിയവർക്ക് മാത്രമേ സാധിക്കൂ. സംഘത്തിന്റെ പേര് പോലും സ്വയം കണ്ടെത്താനാകാതെ രാജ്യത്തിന്റെ മറ്റൊരു കോണിൽ സ്ഥാപിതമായി പ്രസിദ്ധമായ ഒരു പ്രസ്ഥാനത്തിന്റെ പേര് പകർത്തിയെടുത്ത് സംഘം രൂപീകരിക്കുന്നതിൽ തുടങ്ങുന്നു ആശയദാരിദ്ര്യം. മറ്റ് പല സംഘങ്ങളും വർഷങ്ങളായി പ്രയോഗത്തിൽ കൊണ്ടുവന്ന രീതി തന്നെ ആവർത്തിക്കുകയും എന്നാൽ തങ്ങളുടെ പ്രവർത്തനം മാത്രം മനുഷ്യോന്മുഖമെന്നും ദന്തഗോപുരങ്ങളിൽ നിന്ന് ഇറക്കലാണെന്നും മറ്റും കൊട്ടിഘോഷിച്ചത് ഇതര സംഘത്തിൽ നിന്ന് വ്യത്യസ്തമാണ് എന്ന് വരുത്താനുള്ള വിഫലശ്രമം മാത്രം.പക്ഷേ രാഷ്ട്രീയ തിമിരമുള്ള തദ്ദേശഭരണാധികാരികളെ തെറ്റിദ്ധരിപ്പിക്കാനും ചില ആനുകൂല്യങ്ങൾ നേടിയെടുക്കാനുമുള്ള കൌശലമൊക്കെയുണ്ട് ഇക്കൂട്ടർക്ക്. സ്വന്തം സംഘത്തിന്റെ പേര് വെളിപ്പെടുത്താതെ സ്ഥലപ്പേരും ഫിലിം സൊസൈറ്റി എന്നും മാത്രം പറഞ്ഞ് പഴയ സംഘത്തിന്റെ സൌഹൃദങ്ങളെ മുതലാക്കുന്നതും പഴയ സംഘം പ്രഖ്യാപിച്ച പരിപാടികൾക്ക് തൊട്ട് മുൻപായോ അതേ ദിവസങ്ങളിലോ തങ്ങളുടെ പരിപാടി നടത്തുന്നതുമൊക്കെ ‘കാലാനുസൃതമായ കാഴ്ച്ചപ്പാടുകളോടെയുള്ള പ്രവർത്തനങ്ങളാ`യി. ‘നല്ല ഉദ്ദേശ്യലക്ഷ്യങ്ങളോ‘ടെ പ്രവർത്തിക്കുന്നതിന്റെ സാക്ഷ്യങ്ങൾ വേറേയുമുണ്ട്. ചലച്ചിത്രസംബന്ധിയായ ഒരു പരിപാടിക്ക് ഒരാൾ പുതിയ സംഘത്തിന്റെ അതിഥിയായി എത്തിയിരുന്നുവത്രേ. പരിപാടിക്ക് ശേഷം അയാളുടെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്കിലെ ശേഖരങ്ങൾ സംഘത്തിന്റെ പ്രധാനപ്രവർത്തകൻ താൻ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ സൌകര്യങ്ങളുപയോഗിച്ച് മോഷ്ടിക്കുകയും അതിനെതിരെ സൈബർ പോലീസിൽ കൊടുത്ത പരാതിയിൽ സ്ഥാപനത്തിൽ അന്വേഷണം നടത്തി സ്ഥാപനത്തിലെ ഉപകരണങ്ങൾ കണ്ടുകെട്ടിയെന്നും മറ്റും വാർത്തകൾ ഉണ്ടായിരുന്നു. താൻ നേതൃത്വം നൽകുന്ന സംഘത്തെ തകർക്കാൻ ചിലർ നടത്തുന്ന ഗൂഡാലോചനയാണിതെന്ന് പ്രതിസ്ഥാനത്തായ വ്യക്തി മാദ്ധ്യമങ്ങളോട് പ്രസ്താവിക്കുകയും ചെയ്തു. അങ്ങിനെയൊരു കേസുണ്ടായതിന് പിന്നിൽ താൻ പലരീതിയിലും തകർക്കാൻ ശ്രമിച്ചിട്ടും തകരാത്ത സംഘത്തിന്റെ പ്രവർത്തകനാണെന്ന് പ്രചരണം നടത്തി രക്തസാക്ഷി ചമഞ്ഞാ‍ണ് ജാള്യതയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്.കേസ് കാര്യമായപ്പോൾ പരാതിക്കാരന്റെ കാല് പിടിച്ച് കരഞ്ഞ് കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കി രക്ഷപ്പെട്ടുവത്രേ. എന്നാൽ നേരത്തേ നടത്തിയ പ്രചരണം കൂടുതൽ വിഷലിപ്തവും വ്യാപകവും ശക്തവുമായി തുടരുകയാണ് ചെയ്തത്. മോഷണം പിടിക്കപ്പെട്ട് ശിക്ഷണനടപടികൾ വരുമ്പോൾ അതിന് കാരണക്കാർ മറ്റുള്ളവരാണെന്ന് ദുഷ്പ്രചരണം നടത്തി രക്തസാക്ഷി ചമയുന്നതും പരാതിക്കാരന്റെ കയ്യും കാലും പിടിച്ച് നഷ്ടപരിഹാരം നൽകി ശിക്ഷയിൽ നിന്ന് ഒഴിവാകുന്നതും മാനികൾക്ക് ചേർന്നതല്ല. നിയമലംഘനത്തിനെതിരെ നടപടിയുണ്ടാകുമ്പോൾ വിലപിക്കുകയും മറ്റ് സംഘങ്ങൾക്കെതിരെ അത് ദുഷ്പ്രചരണത്തിനുള്ള ആയുധമായി ഉപയോഗിക്കുകയും ചെയ്യുന്നത് ഹീനമായ പ്രവർത്തിയാണ്.
സഹവർത്തിത്വവും ആരോഗ്യകരമായ മത്സരത്തിനും പകരം നിലവിലുള്ള സംഘത്തിന് തുരങ്കം വെക്കാനും അതിനെ തകർക്കാനും കച്ച കെട്ടിയിറങ്ങിയതിന്റെ തെളിവാണല്ലോ മുകളിൽ സൂചിപ്പിച്ചതെല്ലാം. നാട്ടിന്റെ നിയമങ്ങൾക്കും ഫിലിം സൊസൈറ്റികളുടെ ദേശീയ സംഘടനയുടെ ചട്ടങ്ങൾക്കും വിധേയമായി കഴിഞ്ഞ നാല്പത് വർഷമായി പ്രവർത്തിച്ച് പോരുന്ന സൊസൈറ്റിക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന്, മാസങ്ങൾക്ക് മുൻപ് മാത്രം ഫെഡറേഷനിൽ അംഗത്വം ലഭിച്ച സംഘം, ആവശ്യപ്പെട്ട് ഫെഡറേഷന്റെ സംസ്ഥാനഘടകത്തിന് പരാതി നൽകിയത് പരിഹാസ്യമായ നടപടിയാണ്. ഫെഡറേഷന്റെ ചട്ടങ്ങൾ ലംഘിച്ചതിന് കേന്ദ്രസമിതി നടത്തിയ അന്വേഷണത്തിൽ നിന്ന് ഒളിച്ചോടി അച്ചടക്കനടപടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച കേരള ഘടകത്തോടാണ് ആവശ്യമെന്നത് അതിലേറെ അപഹാസ്യവുമാണ്.
ഇംഗ്ലീഷ് ഭാഷയിലെ അക്കാദമിക പരിചയവും ഒന്നോ രണ്ടോ വർഷം മുൻപ് ഒരു ഫിലിം സൊസൈറ്റിയിൽ അംഗമാകാൻ കഴിഞ്ഞ യാദൃശ്ചികതയും കൊണ്ട് സാമാന്യപ്രേക്ഷകനെ നിന്ദിച്ചും പരിഹസിച്ചും അകറ്റി സ്വയമണിഞ്ഞ വരേണ്യത വൈകാതെ തിരസ്കൃതമായപ്പോൾ ഫിലിം സൊസൈറ്റികളുടെ പ്രസക്തി അവസാനിച്ചുവെന്ന് സ്വയം ഉദ്ഘോഷിച്ച് പ്രസ്ഥാനം വിട്ട ചിലർ, ദശാബ്ദങ്ങൾ കഴിഞ്ഞ് സ്വന്തം പ്രവചനം ശരിയായില്ലെന്ന് ബോദ്ധ്യപ്പെട്ട്, നിലവിലുള്ള സൊസൈറ്റിക്കെതിരെ ഒരു സംഘടന രൂപീകരിച്ച് പഴയതിനെ ഇല്ലാതാക്കാ‍ൻ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായപ്പോൾ അതിന്റെ പ്രവർത്തകരെ സ്വഭാവഹത്യ നടത്തി തകർക്കാ‍ൻ പറ്റുമോ എന്ന ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നത്. മാറിയ കാലത്തിനനുസരിച്ച് സർഗ്ഗയേയും കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തേയും നവീകരിക്കുന്നതിനെ കുറിച്ച് ഫിലിം സൊസൈറ്റി പ്രവർത്തകരുടെ കൂടിച്ചേരൽ-പുതുവിചാരം-സർഗ്ഗയുടെ ആദ്യപ്രദർശനത്തിന്റെ നാല്പതാം വാർഷികദിനത്തിൽ (2015 ഏപ്രിൽ പതിനാല്) സംഘടിപ്പിക്കപ്പെട്ടു. അപ്രതീക്ഷിതമായ ജനപങ്കാളിത്തവും പുതിയ വിചാരങ്ങളും കൊണ്ട് സമ്പന്നമായിത്തീർന്ന ആ കൂടിച്ചേരലിൽ നവീകരണത്തിനായുള്ള നിരവധി നിർദ്ദേശങ്ങൾ ഉയർന്നുവന്നു. അതിനനുസൃതമായി പരിപാടികൾ ആസൂത്രണം ചെയ്ത് പ്രവർത്തനം ആരംഭിച്ചപ്പോൾ സർഗ്ഗയുമായി സഹകരിക്കുന്നവരെ പിന്തിരിപ്പിക്കാനായി ആളുകളെ നേരിൽ ചെന്ന് കണ്ട് ഹിംസാത്മകമായ പ്രചരണം നടത്തി വരികയാണ് ചിലർ. തിരുവനന്തപുരത്ത് ഒരു പൊതുയോഗത്തിലും ഈ പ്രചരണം തുടരുകയുണ്ടായി എന്നും അറിയുന്നു. പേര് പരാമർശിച്ചില്ലെങ്കിലും ആർക്കെതിരെയാണ് പ്രചരണം എന്ന്‌ വ്യക്തമാക്കിക്കൊണ്ട് തന്നെയാണ് ആഴ്ചപ്പതിപ്പിന്റെ താളുകളിലേക്കും അത് വ്യാപിപ്പിച്ചിട്ടുള്ളത്. ഇല്ലാതാക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന അതേ സംഘത്തിനർഹതപ്പെട്ട, നാല്പത് വർഷം നിലനിന്നതിന്റെ, ആദരം ഇക്കൂട്ടർ തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ അശേഷം ലജ്ജയില്ലാതെ സ്വീകരിച്ചുവെന്നും കേൾക്കുന്നു.
ചരിത്രത്തെ വികലമാക്കരുത്
ചരിത്രത്തെ തമസ്ക്കരിക്കുന്നതും തങ്ങൾക്കനുകൂലമായി മാറ്റിയെഴുതുന്നതും സ്വേഛാധികാരശക്തികളുടെ രീതിയാണ്‌.രാഷ്ട്രചരിത്രത്തെ സ്വന്തം ചരിത്രമായി എഴുതി ഒരു പേടകത്തിലാക്കി കുഴിച്ചിട്ടതും ചരിത്രഗവേഷണ കൗൺസിൽ പോലുള്ള സ്ഥാപനങ്ങളിൽ സ്വന്തം ആജ്ഞാനുവർത്തികളെ കുത്തിത്തിരുകി ചരിത്രം വളച്ചൊടിക്കാൻ  ശ്രമിച്ചതും നമ്മുടെ രാജ്യത്താണ്. ഇപ്പോഴും അത്തരം ശ്രമങ്ങൾ തുടരുന്നുമുണ്ട്‌. ജനജാഗ്രത കൊണ്ട്‌ അതൊക്കെ വെളിച്ചത്ത് കൊണ്ടുവരാനും ഒരു പരിധിവരെ തടയുവാനും കഴിഞ്ഞിട്ടുണ്ട്‌. പുണെയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നുവരുന്ന സമരവും അത്തരം ജാഗ്രത തന്നെയാണ്‌ വെളിവാക്കുന്നത്‌.കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനം അൻപത്‌ വർഷം പൂർത്തിയാക്കുന്ന ഈ അവസരത്തിൽ അതിന്റെ ചരിത്രം ‘എഫ്‌ എഫ്‌ എസ്‌ ഐ ന്യൂസ്‌’- മേയ്‌ ജൂൺ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്‌ കണ്ടപ്പോൾ ഇത്രയും കാര്യങ്ങൾ മനസ്സിലൂടെ കടന്നുപോയി.
1965ൽ ആരംഭിച്ച പ്രസ്ഥാനം എഴുപതുകളിലും എൺപതുകളിലും സാംസ്ക്കാരിക കേരളത്തിലെ സജീവസാന്നിദ്ധ്യമായിരുവെന്നും നൂറോളം (എണ്ണത്തിലെ പെരുപ്പത്തെ കുറിച്ച് ഇവിടെ തർക്കിക്കുന്നില്ല) സൊസൈറ്റികൾ കേരളത്തിന്റെ വിവിധഭാഗങ്ങളിലായി പ്രവർത്തിച്ചിരുന്നുവെന്നും എഴുതിയിട്ടുണ്ട്. ഇങ്ങനെ ഫിലിം സൊസൈറ്റികൾ കേരളമാകെ വ്യാപിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചും അവ സജീവമായി നിലകൊള്ളാൻ യത്നിച്ചവരെക്കുറിച്ചും കുറിപ്പ്‌ ബോധപൂർവ്വമായ മൗനം പാലിക്കുന്നു. എൺപതുകളുടെ അവസാനം മുതൽ തൊണ്ണൂറുകളുടെ പകുതിവരെയുള്ള കാലയളവിൽ ഫിലിം സൊസൈറ്റികളുടെ പ്രവർത്തനം പലയിടങ്ങളിൽ പല കാരണം കൊണ്ട്‌ മന്ദീഭവിച്ചുവെന്ന്‌ കുറിച്ചിട്ടുണ്ടെങ്കിലും സൊസൈറ്റികളുടെ എണ്ണം നൂറിൽ നിന്ന് 25നും 30നും ഇടയിലേക്ക്‌ ചുരുങ്ങിയത്‌ എന്ന്‌ മുതലാണെന്നും അതിനുള്ള യഥാർത്ഥ കാരണങ്ങൾ എന്തായിരുന്നെന്നും കണ്ടെത്താൻ ലേഖകൻ ശ്രമിച്ചിട്ടില്ല. കേരളത്തിലെ പ്രസ്ഥാനത്തെ അന്നും ഇന്നും അലട്ടുന്ന പൊതുവായ ജീവൽ പ്രശ്നങ്ങളെന്തായിരുന്നുവെന്ന്‌ പരിശോധിക്കാനും ലേഖകൻ തയ്യാറായിട്ടില്ല.
‘പിന്നീട്‌ കേരളത്തിന്‌ മാത്രമായി ഒരു സ്റ്റേറ്റ്‌ ലെവൽ ഓഫീസുണ്ടാക്കി’ എന്ന്‌ ചരിത്രം തുടരുമ്പോൾ  ഫെഡറേഷൻ ഒഫ്‌ ഫിലിം സൊസൈറ്റീസ്‌ ഒഫ്‌ ഇന്ത്യയുടെ കേന്ദ്രസമിതിയുടെ തീരുമാന പ്രകാരം 1985 ഡിസംബർ ഒന്നിന്‌ രാജ്യത്ത്‌ ആദ്യമായി, നിലവിലുള്ള നാല്‌ മേഖലാകാര്യാലയങ്ങൾക്ക്‌ പുറമേ, ഒരു സംസ്ഥാനത്തിന്‌ മാത്രമായി ഫെഡറേഷന്റെ ഒരു ഓഫീസ്‌ നിലവിൽ വന്നു എന്ന്‌ വ്യക്തമാക്കാത്തത്‌ തെറ്റിദ്ധാരണാജനകമാണ്‌. ഫെഡറേഷൻ എങ്ങനെയാണ്‌ ആ ഒരു തീരുമാനത്തിലേക്കെത്തിയതെന്നും അതിന്റെ പിന്നിലെ പരിശ്രമങ്ങൾ എന്തൊക്കെയായിരുന്നുവെന്നും ഒഴിവാക്കിയത്‌ ചരിത്രം തമസ്ക്കരിക്കുന്നതിന്റെ ഭാഗം തന്നെയാണ്‌. ‘കുറച്ച്‌ നാളുകൾക്ക്‌ ശേഷം ഡി ചന്ദ്രസേനന്റേയും വി കെ ജോസഫിന്റേയും നേതൃത്വത്തിലുള്ള കമ്മിറ്റി ചുമതലയേല്ക്കുകയും വ്യത്യസ്തവും ജനാധിപത്യപരവുമായ പ്രവർത്തനങ്ങളിലൂടെ പുതിയ സൊസൈറ്റികൾ രൂപീകരിക്കപ്പെടുകയും പഴയതിൽ ചിലത്‌ വീണ്ടും പ്രവർത്തനമാരംഭിക്കുകയും ചെയ്തു’ എന്ന്‌ വായിക്കുമ്പോൾ രാജശേഖരൻ പിള്ള സെക്രട്ടറിയായി താല്ക്കാലിക കമ്മിറ്റി ചുമതലയേറ്റ്‌ കുറച്ച്‌ ദിവസങ്ങൾക്കോ മാസങ്ങൾക്കോ ശേഷം പുതിയ സമിതി അധികാരത്തിലേറി എന്ന്‌ ധരിച്ചാൽ കുറ്റം പറയാൻ ആവില്ല. നാല്‌ വർഷം കഴിഞ്ഞ്‌ സംസ്ഥാന ഓഫീസ്‌ പുതിയൊരു വിഭാഗം കയ്യടക്കുമ്പോൾ അതിന്റെ കൂടെ നില്ക്കാൻ പ്രവർത്തിക്കുന്ന എത്ര സൊസൈറ്റികളുണ്ടായിരുന്നെന്നും കേരളത്തിൽ എത്ര സൊസൈറ്റികൾ അപ്പോൾ പ്രവർത്തനക്ഷമമായിട്ടുണ്ടായിരുന്നുവെന്നും നിലവിലുണ്ടായിരുന്ന സമിതിയെ മാറ്റാനുണ്ടായിരുന്ന സാഹചര്യമെന്തായിരുന്നുവെന്നും ചരിത്രകാരൻ വിട്ട്കളഞ്ഞത്‌ മനപ്പൂർവ്വം തന്നെ.ഫെഡറേഷൻ ഒഫ്‌ ഫിലിം സൊസൈറ്റീസ്‌ ഒഫ്‌ ഇന്ത്യ എന്ന സംഘടന 1989 വരെ ജനാധിപത്യരീതിയിലല്ല പ്രവർത്തിച്ചതെന്ന ധ്വനിയുമുണ്ട്‌ ആ പ്രയോഗത്തിൽ. അല്ലെങ്കിൽ ഇപ്പോഴത്തെ കേരളസംസ്ഥാനഘടകം സ്വേഛാപരമായാണ്‌ പ്രവർത്തിക്കുന്നതെന്ന യാഥാർത്ഥ്യത്തെ മറച്ച്‌ വെക്കാൻ ‘ജനാധിപത്യപരവും“ എന്ന പ്രയോഗം ഊന്നിക്കൊണ്ട്‌ ശ്രമിക്കുന്നുവെന്ന്‌ വേണം മനസ്സിലാക്കാൻ.
എൺപതുകളുടെ അവസാനം തൊട്ട്‌ തൊണ്ണൂറുകളുടെ ആദ്യപകുതി വരെയുള്ള കാലയളവി(കേരള സംസ്ഥാന തല ഓഫീസ് നിലവിൽ വന്ന ആദ്യ ദശകം: ‘ജനകീയ സമിതി’ ചുമതലയേറ്റ ദശകവും)ൽ ഫിലിം സൊസൈറ്റികളുടെ  പ്രവർത്തനങ്ങളിൽ മാന്ദ്യമുണ്ടായി എന്ന പൂർവ്വപ്രസ്താവനക്ക്‌ വിരുദ്ധമാണ്‌ ‘വ്യത്യസ്തവും ജനാധിപത്യപരവുമായ പ്രവർത്തനം’ കൊണ്ട്‌ പുനർജ്ജീവനമുണ്ടായി എന്ന്‌ അവകാശപ്പെടുന്നത്‌. (1990 ൽ കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ രജതജൂബിലി ഒരു വർഷം നീണ്ട പരിപാടികളോടെ സർഗ്ഗ പയ്യന്നൂരിൽ ആഘോഷിച്ചിരുന്നു.ശ്രീ. അടൂർ ഗോപാലകൃഷ്ണനായിരുന്നു ഉദ്ഘാടനം ചെയതത്.പ്രസ്ഥാനത്തിന്റെ അപ്പോഴത്തെ ഉണർവില്ലായ്മ ചർച്ച ചെയ്യാൻ ഫിലിം സൊസൈറ്റി പ്രവർത്തകരുടെ ഒരു യോഗവും അതോടൊപ്പം വിളിച്ച് ചേർക്കുകയുണ്ടായി.സൊസൈറ്റികളുടെ അന്നത്തെ അവസ്ഥയിൽ സമീപ ദേശങ്ങളിൽ നിന്നുള്ള പ്രവർത്തകർ മാത്രമേ പങ്കെടുകയുണ്ടായുള്ളൂ.  ‘സജീവം’ആയിരുന്ന സംസ്ഥാന ‘നേതാക്കൾ’ ക്ഷണത്തിന്‌ പ്രതികരിക്കുക പോലുമുണ്ടായില്ലെന്നതാണ്‌ ഞങ്ങളെ നിരാശപ്പെടുത്തിയത്.)തന്റെ പ്രവാസി ജീവിതത്തിലെ സമ്പാദ്യം കൊണ്ട് നേടിയ എൽ സി ഡി പ്രൊജക്റ്ററും നല്ല സിനിമകളുടെ വി എച് എസ് കാസറ്റുകളും കൊണ്ട് തൊണ്ണൂറുകളുടെ അവസാനം ഒരു യുവാവ് നടത്തിയ ‘ഭ്രാന്തൻ യാത്ര’കളാണ് പ്രധാന കാരണമെന്ന് വിസ്മരിക്കുന്നത് കൃതഘ്നത കൂടിയാണ്.1989 മുതൽ 2014 വരെ ഫെഡറേഷന്റെ ഭാരവാഹികളായിരുന്നത്‌, പേരുകളും പദവികളും അല്പസ്വല്പമൊക്കെ മാറിയിരുന്നുവെങ്കിലും,ഏത്‌ വിധേനയും സംസ്ഥാനഘടകത്തിന്റെ നേതൃത്വം തങ്ങളുടെ കൈകളിൽ നിന്ന്‌ മാറിപ്പോകരുതെന്ന്‌ മാത്രം ലക്ഷ്യമുണ്ടായിരുന്ന ചിലരാണ്‌. അതിലൊരാൾ ദക്ഷിണമേഖലാ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ തോറ്റ 1998 ലൊഴിച്ച്‌ പല സ്ഥാനങ്ങളിൽ തുടരുന്നുമുണ്ട്‌. ഇത്രയും കാലം അങ്ങിനെ തുടരാൻ എന്തൊക്കെ കൃത്രിമങ്ങളാണ്‌ നടത്തിയതെന്ന്‌ അതിന്‌ കൂട്ടുനിന്നവർ തന്നെ ഇപ്പോൾ വെളിപ്പെടുത്തുന്നുമുണ്ട്‌.2014 ലെ തെരഞ്ഞെടുപ്പിൽ നടന്ന കൃത്രിമങ്ങളെക്കുറിച്ച് ഫെഡറേഷന്റെ കേന്ദ്രസമിതി നടത്തിയ അന്വേഷണത്തിൽ പങ്കെടുക്കാതെയും അന്വേഷണസമിതിയംഗങ്ങളെ പൊതുമുതൽ കൊണ്ട്‌ ആതിഥ്യം നല്കി # പ്രീണിപ്പിച്ച്‌ അന്വേഷണ റിപ്പോർട്ട്‌ തങ്ങൾക്ക്‌ അനുകൂലമാക്കിയെടുത്തതുമൊക്കെ ഇപ്പോൾ പുറത്ത്‌ വന്നിട്ടുണ്ട്‌. ഇതും ജനാധിപത്യപ്രവർത്തനമായിട്ട്‌ വേണോ മനസ്സിലാക്കാൻ? സർക്കാരിൽ നിന്ന്‌ ലഭിച്ച ഗ്രാന്റ്‌ തന്നിഷ്ടം പോലെ ചെലവഴിച്ച്‌ ചിലരുടെ സ്വയം‌പ്രദർശന ത്വരക്ക് അവസരമൊരുക്കുന്നതും തങ്ങളെ വീണ്ടും തെരഞ്ഞെടുക്കാൻ കടലാസ്‌ സംഘടനകളെ   വോട്ടർപട്ടികയിലുൾപ്പെടുത്തുന്നതുമാണോ വ്യത്യസ്തമായ പ്രവർത്തനം?
‘കേരളത്തിന് മാത്രമായി ഒരു സ്വതന്ത്ര റീജ്യണുണ്ടാവണമെന്ന ആവശ്യം മുൻ നിർത്തി കേരളത്തിലെ കമ്മിറ്റിയും കേന്ദ്രനേതൃത്വവും തമ്മിൽ നടന്ന സംവാദങ്ങളുടേയും തർക്കങ്ങളുടേയും ഫലമായി കേരളത്തിന് സ്വതന്ത്രമായി പ്രവർത്തിക്കാവുന്ന ഒരു സബ് റീജ്യൺ രൂപീകരിക്കപ്പെട്ടു.* സ്വതന്ത്രമായി പ്രവർത്തിക്കുന്ന അഞ്ചാമത്തെ റീജ്യണായി കേരളത്തിനെ അംഗീകരിക്കണമെന്നായിരുന്നു നമ്മുടെ ആവശ്യം‘ എന്ന ചരിത്രഭാഗം അപൂർണമായി അവസാനിപ്പിച്ചതായി കാണുന്നു. സ്വതന്ത്രമായി പ്രവർത്തിക്കുന്ന സബ് റീജ്യൺ എന്നത് ഒരു സ്വയം ആശ്വാസം മാത്രമാണ്.ഫെഡറേഷന്റെ ഭരണഘടന പ്രകാരം സബ് റീജ്യൺ, റീജ്യണിനകത്ത് പ്രവർത്തിക്കുന്ന സംവിധാനമാണ്. കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കുന്ന ഗ്രാന്റും അംഗ സൊസൈറ്റികളിൽ നിന്ന് ലഭിക്കുന്ന വാർഷിക വരിസംഖ്യയും പങ്കിടുന്ന രീതിയും സെന്റ്രൽ കൌൺസിലിൽ സബ് റീജ്യണിലെ വൈസ് പ്രസിഡന്റും സെക്രട്ടറിയും ട്രഷറുമല്ലാതെ മറ്റംഗങ്ങളൊന്നും ഉൾപ്പെടുന്നില്ല എന്നതും തന്നെയാണ് തെളിവ്. ദക്ഷിണമേഖലാ ഓഫീസ് കേരളത്തിലേക്ക് മാറ്റാൻ സാഹചര്യമുണ്ടായിട്ടും കേന്ദ്രസമിതി ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറാകാഞ്ഞത് ‘സ്വതന്ത്രപ്രവർത്തനം’ തടസ്സപ്പെടുമെന്ന് ഭയന്നിട്ടാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഡോ.ശിവരാമ കാരന്ത്‌ അദ്ധ്യക്ഷനും ശ്രീ.അടൂർ ഗോപലകൃഷ്ണൻ അംഗവുമായിരുന്ന ദേശീയ ചലച്ചിത്രനയ രൂപീകരണത്തിനുള്ള പ്രവർത്തകസമിതിയുടെ ശുപാർശകളിൽ ഒന്നായിരുന്നു ചലച്ചിത്ര അക്കാദമി രൂപീകരണം. ഫിലിം സൊസൈറ്റികൾക്ക്‌ പതിവ്‌ പ്രവർത്തനങ്ങൾക്കും പ്രദർശനോപകരണങ്ങൾ സ്വന്തമാക്കാനും ധനസഹായം നല്കണമെന്നും സ്വന്തമായി പ്രദർശനസൗകര്യമൊരുക്കാൻ തിയേറ്റർ നിർമ്മിക്കുന്നതിന്‌ സൗജന്യമായി ഭൂമി നല്കണമെന്നും ശുപാർശകളുണ്ടായിരുന്നു. ഫിലിം സൊസൈറ്റികളെ സംബന്ധിച്ച ശുപാർശകൾ നടപ്പിലാക്കാൻ ഒരു ഇടപെടലും നടത്താതെ, മറ്റ്‌ സമ്മർദ്ദങ്ങളുടെ ഫലമായി രൂപീകൃതമായ അക്കാദമി ഫെഡറേഷന്റെ നിവേദനങ്ങളും ഇടപെടലും കൊണ്ടാണെന്ന്‌ അവകാശപ്പെടുന്നത്‌ ‘ അതും ഞമ്മളാ’ എന്ന ബഷീറിയൻ കഥപാത്രത്തിന്റെ പറച്ചിലാണ്‌ ഓർമ്മപ്പെടുത്തുന്നത്‌.
ഗണേഷ്കുമാർ സിനിമാമന്ത്രിയായി ചുമതലയേറ്റപ്പോൾ പ്രിയദർശന്റെ നേതൃത്വത്തിലുള്ള ചലച്ചിത്ര അക്കാദമി ഫെഡറേഷനോടും സൊസൈറ്റികളോടും നിഷേധാത്മകമായ നിലപാടുകൾ സ്വീകരിച്ചുവെന്ന്‌ ഒരു വെറും പ്രസ്താവന നടത്തിയതല്ലാതെ ഫെഡറേഷന്റേയോ സൊസൈറ്റികളുടേയോ വേദികളിലോ പൊതുസമൂഹത്തിന്‌ മുൻപിലോ ആ ആക്ഷേപം വസ്തുനിഷ്ഠമായി ഇന്ന്‌ വരെ ഉന്നയിക്കുകയുണ്ടായിട്ടില്ല. ഭരണം മാറിയപ്പോൾ അക്കാദമി സ്ഥാനം ഒഴിയേണ്ടിവന്ന ചിലരുടെ നൈരാശ്യം, പുതുതായി ആ സ്ഥാനത്തെത്തിയവർക്ക് നേരെയുള്ള അന്തസ്സില്ലാത്ത പ്രതിഷേധവും അടിസ്ഥാനമില്ലാ‍ത്ത ആക്ഷേപവുമായി ഉയർത്തി അക്കാദമി ഒരുക്കിയ വേദി അലങ്കോലപ്പെടുത്തിയതിന് ചിലരുടെ സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ടതല്ലാതെ കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് ഒരു കോട്ടവും സംഭവച്ചിട്ടില്ല. ശ്രീ. അടൂർ ഗോപാലകൃഷ്ണന്റെ ശക്തമായ നിർദ്ദേശം സ്വീകരിച്ച്, കഴിഞ്ഞ ഐ എഫ് എഫ് കെ തൊട്ട് ഫെഡറേഷൻ മുൻപ് നിർവ്വഹിച്ചിരുന്ന ചുമതലകൾ അക്കാദമി വീണ്ടും ഏല്പിച്ചത് മറ്റ് ചിലരുടെ കണക്കിൽ ചേർക്കുന്നത് മാന്യതയല്ല. ചലച്ചിത്രവികസനകോർപ്പറേഷൻ അനുവദിച്ച മുറിയിൽ നിന്നും ഒഴിപ്പിച്ചപ്പോൾ തിരുവല്ലത്തെ ചിത്രാഞ്ജലി സ്റ്റുഡിയോ കോം‌പ്ലക്സിൽ ഇടം അനുവദിച്ചത്‌ തെളിച്ച് പറയാത്തതും ഒഴിപ്പിക്കലിനെ സാംസ്ക്കാരിക കേരളത്തിന്റെ പ്രതിഷേധമായി വളർത്താത്തതും ഗൂഡലക്ഷ്യങ്ങൾ വെച്ചാണെന്നല്ലാതെ എന്ത്‌ പറയാൻ!
നാഷനൽ ഫിലിം ആർക്കൈവും ദേശീയ ചലച്ചിത്രവികസനകോർപ്പറേഷനും മറ്റും വിതരണം ചെയ്യുന്ന ചിത്രങ്ങളുടെ വാടക ഭീമമായി വർദ്ധിച്ചപ്പോഴും കെ എസ്‌ എഫ്‌ ഡി സിയുടെ പ്രദർശനശാലകളിലെ ഫിലിം സൊസൈറ്റിപ്രദർശനങ്ങൾക്ക്‌ ഈടാക്കിയിരുന്ന സൗജന്യ നിരക്ക്‌ പിൻവലിച്ചപ്പോഴും ഒരു പ്രമേയം പോലും അവതരിപ്പിക്കാത്തവരാണ്‌ പ്രസ്ഥാനത്തിന്റെ വളർച്ചക്ക്‌ വേണ്ടി എന്തൊക്കെയോ ചെയ്തുവെന്ന്‌ അവകാശപ്പെടുന്നത്‌.
മാദ്ധ്യമങ്ങളുടെ  വാർത്താരീതികളുടെ പ്രത്യേകതകൊണ്ടും താല്പര്യങ്ങൾകൊണ്ടും വ്യത്യസ്തവും ജനാധിപത്യപരവുമായ പ്രവർത്തനങ്ങൾ തമസ്ക്കരിക്കപ്പെടുകയോ പ്രാദേശികവാർത്തകളായി ചുരുക്കപ്പെടുകയോ ചെയ്യുന്നുവെന്ന്‌ ആവലാതിപ്പെടുന്നതിന്‌ പകരം സ്വന്തം പ്രസിദ്ധീകരണമായ ദൃശ്യതാളം ചിലരുടെ പാണ്ഠിത്യപ്രകടനത്തിനുള്ള ഉപാധിയാക്കാതെ ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളെക്കുറിച്ചുള്ള യഥാർത്ഥ ചിത്രം പൊതുജനങ്ങളിലെത്തിക്കാനും ഈ പ്രസ്ഥാനം നിലച്ചുപോയി എന്ന ധാരണ മാറ്റുന്നതിനും ഉതകുംവിധം നവീകരിക്കാൻ കഴിയാത്തത്‌ അതിന്റെ പ്രസാധകരുടെ ഭാവനാദാരിദ്ര്യമാണ് വെളിവാക്കുന്നത്‌.
ഔദ്യോഗികജീവിതമവസാനിച്ച്‌, മൂന്ന്‌ വർഷം മുൻപ്‌ ഫെഡറേഷന്റെ നേതൃത്വത്തിലേക്ക്‌ കെട്ടിയിറക്കപ്പെട്ട ഒരാൾക്ക്‌ പ്രസ്ഥാനത്തിന്റെ ചരിത്രമറിയാത്തത്‌ സ്വാഭാവികം.ദീർഘകാലമായി അതുമായി ബന്ധമുണ്ടെന്ന്‌ അവകാശപ്പെടുന്നവർ അതെഴുതാൻ തുനിയാതെ ഇങ്ങനെയൊരാളെ നിയോഗിച്ചത്‌ തമസ്ക്കരണത്തിന്റേയും വികലീകരണത്തിന്റേയും പഴി തങ്ങൾക്ക്‌ വേണ്ടെന്ന്‌ കരുതിയാവും.
തങ്ങളുടെ ആയുസ്സ്‌ മുഴുവൻ പ്രസ്ഥാനത്തിന്‌ സമർപ്പിച്ച്‌ അതിനെ അൻപതാം വർഷത്തിലെത്തിച്ച പലരേയും അവഗണിച്ച്‌ തങ്ങൾക്ക്‌ അഭിമതരായവരെ മാത്രം ക്ഷണിച്ചുവരുത്തിയും അനർഹരായവരെ ആദരിച്ചും അൻപതാം വാർഷികത്തിന്റെ ഉദ്ഘാടനം നടത്തിയത്‌ വ്യത്യസ്തമായ പ്രവർത്തനമായിരിക്കും! ആ വേദിയിൽ പ്രസ്ഥാനം സജീവമാണെന്ന്‌ ഒരു ഭാരവാഹിയും അല്ലെന്ന്‌ മറ്റൊരാളും പ്രസ്താവിച്ചുവെന്ന്‌ വായിക്കുകയുണ്ടായി. അത്‌ ജനാധിപത്യത്തിന്റെ ഉദാത്ത മതൃകയുമാവാം.
കുളത്തൂർ ഭാസ്കരൻ നായർ, കെ പി കുമാരൻ,എം എഫ്‌ തോമസ്‌,ചെലവൂർ വേണു, മീര സാഹിബ്‌,പ്രൊഫ:ശ്രീരാം മേനോൻ,ഐ ഷണ്മുഖദാസ്‌, വിജയകൃഷ്ണൻ,പ്രൊഫ:പി എൻ നാരായണൻ, പി എം മുരളീധരൻ,സി ആർ രാജശേഖരൻ പിള്ള, ജോർജ്‌ മാത്യു,കൃഷ്ണമൂർത്തി,ചന്ദ്രസേനൻ, ചെറിയാൻ ജോസഫ്‌,ബി എം സുരേഷ്‌, സുരേഷ്‌ ബാബു,പ്രകാശ്‌ ശ്രീധർ,ആന്റണി പുളിക്കൻ, ഇ ജെ ജോസഫ്‌,വർഗീസ്‌ മാത്യു,കെ ആർ മനോജ്‌(പേരുകൾ വിട്ട് പോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക.) തുടങ്ങിയവരുടെ ഫിലിം സൊസൈറ്റി പ്രവർത്തനാനുഭവങ്ങൾ പെറുക്കിയെടുത്ത്‌ സംയോജിപ്പിച്ചാൽ കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ സമഗ്രചരിത്രമായിത്തീരും. അതിനായി അവരോടെല്ലാം അഭ്യർത്ഥിച്ച്‌ കൊണ്ട്‌ ഈ കുറിപ്പ്‌ അവസാനിപ്പിക്കുന്നു.
# (ചിത്രത്തിൽ ഇരിക്കുന്നതിൽ ഇടത്ത് നിന്ന് രണ്ടാമത് ശ്രീ.ശങ്കർ പാൽ,വലത്തേ അറ്റം ശ്രീ. 






പ്രേമേന്ദ്ര മജുംദർ- അന്വേഷണ സമിതിയംഗങ്ങൾ- ‘സാക്ഷി’കളോടൊപ്പം.)

*{1998 ൽ മധുരയിൽ ചേർന്ന ഫെഡറേഷന്റെ കേന്ദ്രകൗൺസിൽ യോഗം സൌത്ത്‌ വെസ്റ്റ്‌ എന്ന പുതിയ റീജ്യൺ രൂപീകരിക്കാൻ ഐകകണ്ഠ്യേന തീരുമാനിച്ചു. നിയമപരവും ഫെഡറേഷന്റെ ഭരണഘടനാനുസൃതവുമായ ഔപചാരികതകൾ പാലിച്ച്കൊണ്ട്‌ ഈ തീരുമാനം നടപ്പിലാക്കാൻ ഒരു ഉപസമിതിയേയും ചുമതലപ്പെടുത്തി. 5-12-‘98 ന്‌ ചെന്നൈയിൽ അതിന്റെ യോഗം ചേരാൻ തീരുമാനിച്ചെങ്കിലും സമിതിയിലെ ഒരംഗമായ ജനറൽ സെക്രട്ടറി പങ്കെടുക്കാത്തത്കൊണ്ട്‌ യോഗം നടന്നില്ല.1999 ഡിസംബർ 4,5 തീയതികളിൽ പൂനയിൽ നടന്ന രാജ്യത്തെ ഫിലിം സൊസൈറ്റികളുടെ ത്രൈവാർഷികയോഗം മധുര യോഗത്തിന്റെ തീരുമാനം ഉടനടി നടപ്പാക്കണമെന്ന്‌ പ്രമേയം അംഗീകരിച്ചു. 27-12-’99 ൽ ദക്ഷിണ മേഖലാ വൈസ്‌ പ്രസിഡന്റ്‌ പുതിയ റീജ്യണ് താല്ക്കാലിക ഭരണസമിതിയെ നിയമിച്ച്കൊണ്ട്‌ കത്തയച്ചു. 25-6-2000ത്തിൽ തിരുവനന്തപുരത്ത്‌ ശ്രീ.അടൂർ ഗോപാലകൃഷ്ണൻ സൗത്ത്‌ വെസ്റ്റ്‌ റീജ്യൺന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു.തുടർന്ന്‌ വാർഷിക സമ്മേളനം നടത്തി 12 അംഗ റീജ്യണൽ കൗൺസിലിലേക്ക്‌ തെരഞ്ഞെടുപ്പ്‌ നടക്കുകയും ഭരണസമിതി നിലവിൽ വരുകയും ചെയ്തു. എന്നാൽ 2000 സെപ്റ്റമ്പർ30, ഒക്റ്റോബർ1 തീയതികളിൽ കല്ക്കത്തയിൽ നടന്ന സെന്റ്രൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ ചെന്ന കേരളത്തിലെ പ്രതിനിധികളെ അതിനനുവദിച്ചില്ല. 2002 സെപ്റ്റംബർ അവസാനവാരം ദൽഹിയിൽ നടന്ന സെന്റ്രൽ കൗൺസിൽ യോഗത്തിലും ഫെഡറേഷന്റെ ഭരണഘടനാ സാധുതയില്ലാത്ത സ്വയം പ്രഖ്യാപിത റീജ്യൺന്റെ പ്രതിനിധികളെ ഇറക്കിവിട്ടത്‌ സ്വാഭാവികം മാത്രം.2003 മാർച്ച്‌ 9 ന്‌ നടന്ന സൗത്ത്‌ വെസ്റ്റ്‌ റീജ്യണൽ കൗൺസിലിന്റെ തീരുമാനമനുസരിച്ച്‌ മാർച്ച്‌ 31ന്‌ തിരുവനന്തപുരം മുൻസീഫ്‌ കോടതിയിൽ കേന്ദ്രസമിതിക്കെതിരെ ഒരു അന്യായം ഫയൽ ചെയ്തു (ഇത്രയും സൌത്ത് വെസ്റ്റ് റീജ്യണിന്റെ ന്യൂസ് ലെറ്ററിൽ നിന്ന്) വെങ്കിലും പിന്നീടത്‌ മുന്നോട്ട്‌ കൊണ്ട്പോകാൻ ഒരു നടപടിയും സ്വീകരിക്കുകയുണ്ടായില്ല. എഫ് എഫ് എസ് ഐ കേന്ദ്രസമിതിയുമായി ഇടഞ്ഞ്‌  ‘സ്വതന്ത്ര പ്രവർത്തനം’ നടത്തുകയായിരുന്നു ചെയ്തത്‌. 2008 ൽ ഫെഡറേഷന്റെ ഭരണഘടനയിൽ വരുത്തിയ ഭേദഗതിപ്രകാരം ഒരു റീജ്യണകത്ത്‌ തന്നെ ഒരു സബ്‌ റീജ്യൺ രൂപീകരിക്കാമെന്ന്‌ വ്യവസ്ഥ വന്നു. അത്‌ പ്രകാരം കേരളത്തിൽ ഒരു സബ്‌ റീജ്യൺ ഓഫീസ്‌ രൂപീകരിക്കപ്പെട്ട്‌ 2014 ലെ ദ്വൈവാർഷിക പൊതുയോഗം വരെ അതേ പ്രവർത്തനം തുടരുകയായിരുന്നു.ഫെഡറേഷന്റെ ചട്ടങ്ങളും ശാസനങ്ങളും ലംഘിച്ച്‌ നടത്തിയ ആ യോഗത്തിൽ വിമതശബ്ദങ്ങൾ കേൾക്കാതാക്കാൻ തെരഞ്ഞെടുപ്പിനായ്‌ സമർപ്പിച്ച നാമനിർദ്ദേശപത്രിക കാണാതാക്കുക പോലും ചെയ്തു അന്നത്തെ (ജനാധിപത്യ) ഭരണസമിതി . തങ്ങളെ വീണ്ടും തെരഞ്ഞെടുക്കുന്നതിനായി കടലാസ്‌ സംഘടനകളുടെ വോട്ടവകാശം ഉറപ്പാക്കുന്നതിന്‌ സർക്കാർ ഗ്രാന്റ്‌ ദുരുപയോഗം ചെയ്തും തങ്ങൾക്ക്‌ വോട്ട്‌ ചെയ്യില്ലെന്ന്‌ ഉറപ്പുള്ള സൊസൈറ്റികൾക്ക്‌ പോസ്റ്റൽ ബാലറ്റ്‌ അയച്ച്‌ കൊടുക്കാതെ ആ സൊസൈറ്റികളുടെ പ്രതിനിധികളായി  ആൾമാറാട്ടം നടത്തി വോട്ട്‌ ചെയ്തതിനുമെതിരെ നടപടി ആരംഭിക്കുമെന്നായപ്പോൾ  ദേശീയസമിതിയുമായി അടുപ്പം കാട്ടിയതിന് ഇപ്പോൾ ഫലം ലഭിച്ചിട്ടുമുണ്ട്‌.കൃത്രിമവഴിയിലൂടെ തെരഞ്ഞെടുക്കപ്പെട്ടവർ കേന്ദ്രകൗൺസിലിലും ഭരണഘടനാപരിഷ്കരണസമിതിയിലും മറ്റും അംഗത്വം നേടിയത്‌ അങ്ങിനെയാണ്‌.ജൂൺ 13,14 തീയതികളിൽ കേരളഘടകത്തിന്റെ ആതിഥ്യത്തിൽ തിരുവനന്തപുരത്ത്‌ നടന്ന (ഫേസ്ബുക്കിൽ വാസുദേവൻ ശശികുമാറിന്റെ പോസ്റ്റ്‌ കാണുക. അതിൽ നിന്നാണ് ചുവടെയുള്ള ചിത്രം ലഭിച്ചത്)  ഭരണഘടനാസമിതിയുടെ യോഗത്തിൽ വെച്ച്‌ സബ്‌ റീജ്യൺ റീജ്യണിനകത്തല്ലെന്നും സ്വതന്ത്രപദവിയാണെന്നും ഇപ്പോഴത്തെ കേന്ദ്രനേതൃത്വത്തിൽ നിന്ന്‌ ഉറപ്പ്‌ കിട്ടിയത്‌ കൊണ്ടാണത്രേ ഈ പുതിയവാദം.}
(പി ടി രാമകൃഷ്ണൻ-പയ്യന്നൂരിൽ ആദ്യത്തെ ഫിലിം സൊസൈറ്റി 1975 ൽ സ്ഥാപിച്ചു. അത് സർഗ്ഗയായി മാറിയപ്പോൾ ആദ്യ സെക്റട്ടറിയും 1990 മുതൽ പ്രസിഡണ്ടുമാണ്. 1980-’82 കാലത്ത് ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റീസ് ഒഫ് ഇന്ത്യയുടെ ദക്ഷിണ മേഖലാ കൌൺസിലിലും റീജ്യണൽ ഫിലിം പ്രമോഷൻ കമ്മിറ്റിയിലും അംഗമായിട്ടുണ്ട്. 1985 ൽ ഫെഡറേഷന്റെ സംസ്ഥാന തല ഓഫീസ് നിലവിൽ വരാൻ സാദ്ധ്യമാക്കിയ 1982 ലെ ഭരണഘടനാ ഭേദഗതി സമിതിയിലും 2010 മുതൽ 2014 വരെ കേരള സബ് റീജ്യണൽ സമിതിയിലും അംഗമായിരുന്നു.)
അടിക്കുറിപ്പ്: 1,2,3,4 സി എസ് വെങ്കിടേശ്വരന്റെ ലേഖനങ്ങളിൽ നിന്നുള്ള ഉദ്ധരണികൾ


No comments:

Post a Comment